റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയുടെ വികസനക്കുതിപ്പിന് ആക്കം കൂട്ടാൻ ലക്ഷ്യമിട്ട് 200 കോടി റിയാലിലധികം മൂല്യമുള്ള വൻകിട നിക്ഷേപ പദ്ധതികൾക്ക് ഔദ്യോഗിക തുടക്കമായി. നഗരസഭ-ഭവന കാര്യ മന്ത്രി മാജിദ് അൽ ഹുഖൈൽ പ്രഖ്യാപിച്ച ഈ പദ്ധതികളുടെ വിശദാംശങ്ങൾ കിഴക്കൻ പ്രവിശ്യ സെക്രട്ടേറിയറ്റ് പുറത്തുവിട്ടു.
പ്രാദേശികവും ആഗോളവുമായ നിക്ഷേപകരുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ സംരംഭങ്ങൾ സുസ്ഥിര നഗര വികസനവും സാമ്പത്തിക വളർച്ചയും മുൻനിർത്തിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ‘സൗദി വിഷൻ 2030’-െൻറ ലക്ഷ്യങ്ങളോട് പൂർണമായി ചേർന്നുനിൽക്കുന്നതാണ് ഈ പദ്ധതികൾ. മേഖലയിലെ നഗരദൃശ്യങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും, തദ്ദേശീയ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുന്നതിനും ഒപ്പം വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തുപകരുന്നതിനും ഈ നിക്ഷേപങ്ങൾ സഹായിക്കും.
ഇതുവഴി മേഖലയിൽ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ജനങ്ങളുടെ ജീവിതനിലവാരം ഉയർന്ന തലത്തിലേക്ക് എത്തുകയും ചെയ്യുമെന്ന് അധികൃതർ ഉറപ്പിച്ചു പറയുന്നു. കിഴക്കൻ പ്രവിശ്യയെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതിെൻറ ഭാഗമായി കടൽത്തീരങ്ങളും നഗരങ്ങളും കേന്ദ്രീകരിച്ചുള്ള വികസന പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ഇതിെൻറ ഭാഗമായി ഖോബർ നഗരത്തിലെ ‘ബേ ഫ്രണ്ട്’ പദ്ധതിക്കായി 25 കോടി റിയാലാണ് നീക്കിവെച്ചിരിക്കുന്നത്. ആധുനിക നിലവാരത്തിലുള്ള റസ്റ്റാറൻറുകൾ, കഫേകൾ, വിപുലമായ തുറന്ന വിനോദ ഇടങ്ങൾ എന്നിവയടങ്ങുന്ന ഒരു സുപ്രധാന വാട്ടർഫ്രണ്ട് ടൂറിസ്റ്റ് കേന്ദ്രമായി ഇത് മാറും. കൂടാതെ, ഖോബറിലെ തന്നെ ‘നബ്ദ് അൽ ഖോബർ’ എന്ന സംരംഭത്തിനായി 12 കോടി റിയാൽ നിക്ഷേപിക്കുന്നു.
വ്യാപാര, സേവന, വിനോദ പ്രവർത്തനങ്ങളെല്ലാം ഒരേ കേന്ദ്രത്തിൽ സജ്ജമാക്കുന്നതിലൂടെ നഗരത്തിെൻറ ആകർഷണീയത വർധിപ്പിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. ദമ്മാം നഗരത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 180 കോടി റിയാൽ ചെലവിൽ കിങ് അബ്ദുല്ല സിവിലിസേഷൻ സെൻറർ നിർമിക്കാനും, 20 കോടി റിയാൽ ചെലവിൽ ‘ഖോർ ദമ്മാം’ പദ്ധതിയിലൂടെ കായൽ മേഖലയെ ടൂറിസം കേന്ദ്രമാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് നഗരവികസനം ത്വരിതപ്പെടുത്താനും, മികച്ച സേവനങ്ങൾ ജനങ്ങളിലെത്തിക്കാനും, സുസ്ഥിര നിക്ഷേപങ്ങളിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമാക്കാനും ഈ പദ്ധതികൾ നിർണായകമാകുമെന്നും കിഴക്കൻ പ്രവിശ്യ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.