റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്ട്ര യോഗാ ദിനാചരണ പരിപാടിയിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ സംസാരിക്കുന്നു
റിയാദ്: സൗഹൃദത്തിെൻറയും ആരോഗ്യസംരക്ഷണത്തിെൻറയും സന്ദേശമുയർത്തി റിയാദിൽ 12-ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ, റിയാദ് മുനിസിപ്പാലിറ്റിയുടെയും വിവിധ ഇന്ത്യൻ സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി അരങ്ങേറിയത്.
റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ നയതന്ത്രപ്രതിനിധികൾ, സൗദി പൗരന്മാർ, പ്രവാസികൾ എന്നിവർ അണിനിരന്നു. ‘ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ’ എന്നതായിരുന്നു ഈ വർഷത്തെ ആഗോള പ്രമേയം. ഗൾഫ് മേഖലയിൽ യോഗയെ ഒരു കായിക ഇനമായും ചികിത്സാ രീതിയായും ഔദ്യോഗികമായി അംഗീകരിച്ച പശ്ചാത്തലത്തിൽ, ഇതൊരു മുഖ്യധാരാ ആരോഗ്യ പ്രസ്ഥാനമായി മാറിയെന്ന് തെളിയിക്കുന്നതായിരുന്നു പരിപാടിയുടെ വൻ വിജയമെന്ന് സംഘാടകർ പറഞ്ഞു.
സൗദിയിൽ യോഗയ്ക്ക് ലഭിക്കുന്ന ജനപ്രീതിയുടെ പ്രതിഫലനമെന്നോണം വിപുലമായ തയ്യാറെടുപ്പുകളാണ് ഇത്തവണ നടത്തിയത്. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മത്തൻ ജോർജിെൻറ നേതൃത്വത്തിൽ, സാറ്റ സെൻട്രൽ, ദിശ, ഇന്ത്യ ഓവർസീസ് ഫോറം തുടങ്ങിയ സന്നദ്ധ സംഘടനകൾ പ്രാദേശിക മുനിസിപ്പൽ അധികൃതരുമായി ചേർന്ന് പരിപാടിയുടെ ഏകോപനം നിർവഹിച്ചു.
പ്രമുഖ പ്രവാസി നേതാക്കളും പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാക്കളുമായ ശിഹാബ് കൊട്ടുകാട്, അൻവർ ഖുർഷിദ് എന്നിവർ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പ്രവർത്തിച്ചു. നൂറുകണക്കിന് ആളുകൾ ഒരേസമയം പങ്കെടുത്ത ‘കോമൺ യോഗ പ്രോട്ടോക്കോൾ’ ആയിരുന്നു ആഘോഷങ്ങളുടെ പ്രധാന ആകർഷണം.
റിയാദിലെ പ്രധാന ചടങ്ങിന് മുന്നോടിയായി കിഴക്കൻ പ്രവിശ്യയിലും പരിപാടികൾ നടന്നു. എക്സ്പെർട്ടൈസ് കമ്പനിയുമായി സഹകരിച്ച് ജുബൈലിൽ സംഘടിപ്പിച്ച യോഗാ ഡ്രൈവിൽ ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളും പ്രവാസികളും പങ്കെടുത്തു. കൂടാതെ, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ സന്ദേശം എത്തിക്കാൻ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ‘IDY 2026 ഫോട്ടോ ചലഞ്ച്’ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും പ്രധാന ചടങ്ങിലേക്ക് ക്ഷണവും ലഭിച്ചു.
സൗദിയിലെ യോഗാ രംഗത്തെ പ്രമുഖ ആചാര്യയായ ഡോ. നൗഫ് മർവായിയുടെയും സൗദി കായിക മന്ത്രാലയത്തിെൻറയും പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെന്ന് ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ പറഞ്ഞു. റിയാദിലെ എല്ലാ കുടുംബങ്ങളും ദീർഘകാല ആരോഗ്യത്തിനായി യോഗ ജീവിതത്തിെൻറ ഭാഗമാക്കണമെന്ന സന്ദേശം നൽകിയ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകളോടെയാണ് പരിപാടികൾ സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.