ഗസ്സയിൽ സൗദിയുടെ സാമ്പത്തിക ശാക്തീകരണ പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ
ജിദ്ദ: യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ സഹായ പദ്ധതികളുമായി സൗദി അറേബ്യ. ഗസ്സ മുനമ്പിലെ ദെയ്ർ അൽ ബലാഹിൽ ദുർബല വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി സൗദിയുടെ ഔദ്യോഗിക ആഗോള സഹായ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) പുതിയ സാമ്പത്തിക ശാക്തീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു.
ഫലസ്തീൻ ജനതയെ സ്വയംപര്യാപ്തരാക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ എട്ട് തൊഴിലധിഷ്ഠിത-ഡിജിറ്റൽ മേഖലകളിലായി ആയിരത്തിലധികം പേർക്ക് പ്രഫഷനൽ പരിശീലനം നൽകും. യു.എൻ. വികസന പരിപാടി (യു.എൻ.ഡി.പി), യു.എൻ. ജനസംഖ്യാ ഫണ്ട് (യു.എൻ.എഫ്.പി.എ), യു.എൻ. ഓഫിസ് ഫോർ ദി കോഓഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (ഓച) എന്നിവയുടെ പ്രതിനിധികളും വിവിധ പ്രാദേശിക, അന്തർദേശീയ സംഘടനകളും പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഫലസ്തീനികളുടെ വരുമാന മാർഗങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഈ ബൃഹത്തായ പദ്ധതി വിജയകരമായി പൂർത്തിയാകുന്നതോടെ ഗുണഭോക്താക്കൾക്ക് പുതിയ തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കാൻ സാധിക്കും. ഇതിന് പിന്തുണയേകാൻ പങ്കാളികൾക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റുകളും തൊഴിൽ ഉപകരണങ്ങൾ അടങ്ങിയ പ്രഫഷനൽ ടൂൾകിറ്റുകളും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും.
ഗസ്സയിലെ യുവതീയുവാക്കളുടെ ശേഷി വർധിപ്പിക്കുന്നതിനും മേഖലയിലെ സാമ്പത്തിക വീണ്ടെടുക്കലിനും വേണ്ടിയുള്ള സൗദിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ സംരംഭം. വിവിധ പ്രതിസന്ധികളിലും ബുദ്ധിമുട്ടുകളിലും ഫലസ്തീൻ ജനതയ്ക്ക് ഒപ്പം നിൽക്കുക എന്ന സൗദി അറേബ്യയുടെ പ്രഖ്യാപിത നിലപാടിെൻറ തുടർച്ചയായാണ് ഈ സേവന പദ്ധതികൾ.
ഫലസ്തീനികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള സൗദിയുടെ മാനുഷിക പരിപാടികൾ കെ.എസ്. റിലീഫ് വഴി സജീവമായി മുന്നോട്ട് പോവുകയാണ്. 2015 മേയ് മാസത്തിന് ശേഷം കെ.എസ്. റിലീഫിെൻറ മേൽനോട്ടത്തിൽ ഫലസ്തീനിൽ മാത്രം ഏകദേശം 540 മില്യൺ ഡോളർ ചെലവിൽ 154 പദ്ധതികൾ നടപ്പാക്കിയതായി അതോറിറ്റി അറിയിച്ചു.
ഭക്ഷ്യസുരക്ഷ, പുനരധിവാസം, കുടിവെള്ളം, ശുചിത്വം, ആരോഗ്യം, ക്യാമ്പ് ഏകോപനം, വിദ്യാഭ്യാസം, സംരക്ഷണം, അടിയന്തര സഹായം, പോഷകാഹാരം തുടങ്ങിയ സുപ്രധാന മേഖലകളിലാണ് സൗദി അറേബ്യ ഇതിനകം ഫലസ്തീനിൽ വിപുലമായ സേവനങ്ങൾ ലഭ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.