സൗദി രാജാവിെൻറ ഛായാചിത്ര രചനാ മത്സരം: മലയാളി ചിത്രകലാകാരൻ സ്വാലിഹ് ആരാമ്പ്രാന് പുരസ്കാരം

ജിദ്ദ: സൗദി അറേബ്യയിലെ ചിത്രരചനാ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് പ്രവാസി കലാകാരനായ സ്വാലിഹ് ആരാമ്പ്രം. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിെൻറ ഛായാചിത്ര രചനാ മത്സരത്തിൽ സൗദിയിലെ പ്രമുഖ കലാകാരന്മാരോട് മാറ്റുരച്ചാണ് സ്വാലിഹ് 10,000 റിയാലിെൻറ പുരസ്കാരത്തിന് അർഹനായത്.

‘സൽമാൻ ബിൻ അബ്ദുൽ അസീസ്: അൽ ഇൻസാൻ വൽ ഇൻജാസ്’ (നേട്ടങ്ങളുടെ സാരഥി) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. ‘ളിയാ അസീസ് ളിയാ ആർട്ട് ഫോർ പോർട്രൈറ്റും’ ജിദ്ദയിലെ സൗദി അറേബ്യൻ സൊസൈറ്റി ഫോർ കൾച്ചർ ആൻഡ് ആർട്സും സംയുക്തമായി സംഘടിപ്പിച്ച ഒൻപതാമത് ‘ളിയാഅ അസീസ് ളിയാഅ പോർട്രൈറ്റ്‌ അവാർഡ് 2025’ മത്സരത്തിലാണ് സ്വാലിഹിെൻറ ഈ ഉജ്ജ്വല നേട്ടം. മത്സരത്തിൽ പങ്കെടുത്ത 787 പേരിൽ നിന്ന് അന്തിമപട്ടികയിൽ ഇടംപിടിച്ച 61 പ്രഗത്ഭരായ കലാകാരന്മാരോടൊപ്പമാണ് സ്വാലിഹ് മത്സരിച്ചത്.

വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തയാൾക്ക് 50,000 റിയാലും, രണ്ടാം സ്ഥാനക്കാർക്ക് 30,000 റിയാലും, മൂന്നാം സ്ഥാനക്കാർക്ക് 20,000 റിയാലുമായിരുന്നു സമ്മാനം. മികച്ച പ്രകടനം കാഴ്ചവെച്ച അവസാന ഏഴു പേരിൽ ഒരാളായാണ് സ്വാലിഹ് വിജയിച്ചത്. ഏഴുപേർക്ക് 10,000 റിയാൽ വീതം സമ്മാനമായി ലഭിച്ചു.

ജിദ്ദയിലെ യൂനിവേഴ്സിറ്റി ഓഫ് ബിസിനസ് ആൻഡ് ടെക്നോളജിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചായിരുന്നു ഫലപ്രഖ്യാപനം. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന അമീർ ഫൈസൽ ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ സഊദാണ് പുരസ്കാര വിതരണം നിർവഹിച്ചത്. ഫലപ്രഖ്യാപന സമയത്ത് സ്വാലിഹ് നാട്ടിൽ അവധിയിലായിരുന്നതിനാൽ, അദ്ദേഹത്തെ പ്രതിനിധീകരിച്ച് സഹോദരൻ മുഹമ്മദ് ഷാഫിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

ജിദ്ദയിലെ എ.കെ.എ ക്രിയേറ്റീവ് എന്ന കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയാണ് സ്വാലിഹ് ആരാമ്പ്രം. പ്രശസ്തമായ ജിദ്ദ ഫെസ്റ്റിവൽ ഉൾപ്പെടെ സൗദിയിലെ വിവിധ സാംസ്കാരിക പരിപാടികളിൽ സ്വന്തമായി ആർട്ട് ഗാലറികൾ നടത്തി അദ്ദേഹം മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്.

കുട്ടിക്കാലം മുതൽ ചിത്രകലയെ കൂടെക്കൂട്ടിയ സ്വാലിഹ്, ‘അറേബ്യൻ പരമ്പരാഗത നിർമിതികൾ’ പ്രമേയമാക്കി വരച്ച ചിത്രങ്ങൾ സൗദി പൗരന്മാർക്കിടയിലും ഏറെ പ്രശസ്തമാണ്. കലാരംഗത്തെ ഈ പുതിയ നേട്ടം പ്രവാസി മലയാളി സമൂഹത്തിന് ഒന്നടങ്കം അഭിമാനമായി മാറിയിരിക്കുകയാണ്.

Tags:    
News Summary - Saudi King's Portrait Writing Competition: Malayali artist Saleh Aramapran wins award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.