ദമ്മാം: പ്രവാസലോകത്ത് മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ രോഗബാധയെ തുടർന്ന് മരിച്ച തിരുവനന്തപുരം നെടുമങ്ങാട് പുതുക്കുളങ്ങര നല്ലിക്കുഴി സ്വദേശി മൈലാമൂട് വീട്ടിൽ കിഷോറിന്റെ കുടുംബം കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് കിഷോർ നിര്യാതനായത്.
ബന്ധുവിെൻറ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലെത്താനിരിക്കെയാണ് കിഷോറിനെ രോഗം പിടികൂടുന്നത്. അസുഖം മൂർച്ഛിച്ച് അബോധാവസ്ഥയിലായ അദ്ദേഹത്തെ സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും ചേർന്ന് ദമ്മാമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വെൻറിലേറ്ററിൽ ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. സൗദിയിലെ ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറയും സജീവമായ ഇടപെടലുകളെ തുടർന്നാണ് മൃതദേഹം പിന്നീട് നാട്ടിലെത്തിക്കാനായത്.
കുടുംബത്തിെൻറ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ പണയം വെച്ച്, വലിയ പ്രതീക്ഷകളോടെയാണ് മൂന്നര വർഷം മുമ്പ് കിഷോർ ഗൾഫിലേക്ക് വിമാനം കയറിയത്. രണ്ടു വർഷത്തെ സേവനത്തിന് ശേഷം ഒടുവിൽ അവധിക്ക് നാട്ടിലെത്തി മടങ്ങിയതായിരുന്നു. ഇതിനിടെ നിർമാണം ആരംഭിച്ച വീടിെൻറ പണി പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്. കിഷോറിെൻറ വയോധികയായ അമ്മ വിജയകുമാരി, ഭാര്യ രേഷ്‌മ, രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ധ്രുവ എന്നിവർ പണി പൂർത്തിയാകാത്ത ഈ വീട്ടിലാണ് നിലവിൽ കഴിയുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ രതീഷും രജനിയുമാണ് കിഷോറിെൻറ സഹോദരങ്ങൾ. പിതാവ് നേരത്തെ മരിച്ചിരുന്നു.
കുടുംബത്തിെൻറ ഏക വരുമാനമാർഗമായിരുന്ന കിഷോറിെൻറ അപ്രതീക്ഷിത വിയോഗം ഈ കുടുംബത്തെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാക്കിയിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷയിൽ ബിരുദധാരിണിയായ രേഷ്‌മ നിലവിൽ തൊഴിൽരഹിതയാണ്. പ്രായപൂർത്തിയാകാത്ത മകളുടെ വിദ്യാഭ്യാസം, കുടുംബത്തിെൻറ നിത്യജീവിതം, ഒപ്പം വലിയ കടബാധ്യതകൾ എന്നിവ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഈ യുവതി. തണൽ നഷ്ടപ്പെട്ട ഈ കുടുംബത്തിെൻറ ഏക പ്രതീക്ഷ ഇനി സുമനസ്സുകളുടെ കാരുണ്യത്തിലാണ്. കുടുംബത്തെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് ഈ അക്കൗണ്ടിലേക്ക് സഹായങ്ങൾ അയക്കാം: Account Name: MISS DHRUVA KISHOR, Account Number: 40349101107878, Kerala Gramin Bank, Aryanad Branch, IFSC: KLGB0040349.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.