പരീക്ഷ നടക്കുന്ന റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ
റിയാദ്: ഞായറാഴ്ച നടക്കുന്ന നീറ്റ് പുനഃപരീക്ഷക്കുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി റിയാദിലെ ഇന്ത്യൻ എംബസിയും റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളും അറിയിച്ചു. പരീക്ഷ സുഗമമായി നടത്തുന്നതിനായി കൃത്യമായ സമയക്രമങ്ങളും നിബന്ധനകളും ഉൾപ്പെടുത്തിയുള്ള വാർത്താക്കുറിപ്പ് അധികൃതർ പുറത്തിറക്കി. റിയാദിലെ റൗദയിലുള്ള ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സ് സെക്ഷനാണ് (അൽ ഇഹ്സാന ബിൻ അലി സ്ട്രീറ്റ്, എക്സിറ്റ് 24, റബുഅ) പരീക്ഷാ കേന്ദ്രം.
സൗദി സമയം രാവിലെ 11.30 മുതൽ ഉച്ചകഴിഞ്ഞ് 2.45 വരെയാണ് പരീക്ഷ. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ വിദ്യാർഥികൾ കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. കേന്ദ്രത്തിെൻറ പ്രവേശന കവാടം രാവിലെ 8.30-ന് തുറക്കുമെന്നും വിദ്യാർത്ഥികൾ രാവിലെ 10.30-ന് മുമ്പായി എത്തിച്ചേരണമെന്നും അധികൃതർ നിർദേശിച്ചു. രാവിലെ 11ന് ഗേറ്റ് അടക്കും; ഇതിനുശേഷം എത്തുന്നവരെ യാതൊരു കാരണവശാലും പ്രവേശിപ്പിക്കില്ല. പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിന് ഒറിജിനൽ അഡ്മിറ്റ് കാർഡും ഒറിജിനൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും (പാസ്‌പോർട്ട് അല്ലെങ്കിൽ ആധാർ കാർഡ്) കൈയിൽ കരുതണം.
അഡ്മിറ്റ് കാർഡിന്‍റെ ഒന്നാം പേജിൽ ഒട്ടിച്ച ഫോട്ടോക്ക് പുറമെ, അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കാൻ ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും രണ്ടാം പേജിൽ പതിക്കാൻ പോസ്റ്റ് കാർഡ് സൈസ് കളർ ഫോട്ടോയും കരുതണം. പരീക്ഷാ സുതാര്യത ഉറപ്പാക്കാൻ കനത്ത സുരക്ഷാ പരിശോധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇലക്ട്രോണിക് ഉപകരണങ്ങൾ, വാച്ചുകൾ, പഠന സാമഗ്രികൾ, ബാഗ്, വാലറ്റ്, ബെൽറ്റ്, തൊപ്പി, ലോഹ വസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ, വെള്ളക്കുപ്പി എന്നിവ ഹാളിൽ അനുവദിക്കില്ല.
നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നിർദേശിച്ചിട്ടുള്ള ഡ്രസ്സ് കോഡ് വിദ്യാർഥികൾ കർശനമായി പാലിക്കണം. വലിയ ബട്ടണുകളുള്ള വസ്ത്രങ്ങളും ഹൈ ഹീൽസ് ചെരുപ്പുകളും പൂർണമായും ഒഴിവാക്കണം. ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ചുള്ള കർശന പരിശോധന ഉണ്ടായിരിക്കുമെന്നും എൻ.ടി.എയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.