റിയാദ്: 2026-ലെ അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം കൾച്ചറൽ അസോസിയേഷൻ (കെ.സി.എ)യും വൈദേഹി നൃത്ത വിദ്യാലയവും സംയുക്തമായി റിയാദിലെ ദീദീസ് ബാഡ്മിൻറൺ ക്ലബ്ബിൽ വിപുലമായ യോഗാസന പരിപാടിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സന്നദ്ധപ്രവർത്തകരും പെർഫോമിങ് ആർട്ടിസ്റ്റുകളും പങ്കെടുത്ത ചടങ്ങിൽ, ‘ആരോഗ്യകരമായ വാർധക്യത്തിനായുള്ള യോഗ’ എന്ന ഈ വർഷത്തെ പ്രമേയം മുൻനിർത്തി ഐക്യം, സമാധാനം, സ്നേഹം, സൗഹൃദം എന്നിവയുടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചു.
സമ്മർദനിയന്ത്രണം, മാനസികാരോഗ്യം, മികച്ച ഉറക്കം, ശരീരഭാരം നിയന്ത്രിക്കൽ എന്നിവക്ക് ദൈനംദിന യോഗാഭ്യാസം ഏറെ ഗുണകരമാണെന്ന് ചടങ്ങിൽ ഓർമിപ്പിച്ചു. ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത് ലോക ഐക്യത്തിൽ യോഗയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ്. ഭാവിയിൽ യോഗാസന അത്‌ലറ്റുകൾ ഒളിമ്പിക് വേദിയിൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയ സംഘാടകർ, യോഗയുടെ സന്ദേശം ജനങ്ങളിലെത്തിക്കാൻ ലോകമെമ്പാടുമുള്ള സംഘടനകളോടും വ്യക്തികളോടും ആഹ്വാനം ചെയ്തു.
പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ശിഹാബ് കൊട്ടുകാട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈദേഹി നൃത്ത വിദ്യാലയത്തിെൻറ രശ്മി വിനോദ്, കെ.സി.എ പ്രസിഡൻറ് നിസാർ പള്ളിക്കശേരിൽ, റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, മാധ്യമപ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളി, രാജു എന്നിവർ ആശംസകൾ നേർന്നു. വരുൺ യോഗാസന പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.