ജിദ്ദ: കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ എട്ടു മാസത്തിലേറെ തുടരുമെന്ന് ആരോഗ്യ മന്ത്രാലയ പൊതുജനാരോഗ്യ അണ്ടർ സെക്രട്ടറി ഡോ. ഹാനി ജഗ്ദാർ പറഞ്ഞു. അഖ്ബാരിയ ചാനലിലെ 'റാസിദ്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 70 ശതമാനം ആളുകൾക്കും വാക്സിൻ കുത്തിവെപ്പ് നൽകിക്കഴിയുന്നതുവരെ മാസ്ക് ധരിക്കലും സമൂഹ അകലം പാലിക്കലും നിർബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ വാക്സിനെടുത്തു എന്നും പകർച്ചവ്യാധികൾക്കായുള്ള ദേശീയ സമിതി അധ്യക്ഷനെന്ന നിലയിൽ വാക്സിൻ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക ദൂരീകരിച്ച് മാതൃക കാട്ടാൻ അത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാർശ്വഫലങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. വാക്സിൻ എടുത്താലും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും തുടരണം. അത് വ്യക്തിയെയും സമൂഹത്തെയും സംരക്ഷിക്കാൻ ആവശ്യമാണ്.
60 മുതൽ 70 ശതാമനം ജനങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതുവരെ ആരോഗ്യ പെരുമാറ്റചട്ടങ്ങൾ പാലിക്കാൻ എല്ലാവരും തയാറാണം. 70 ശതമാനം പേരും വാക്സിനെടുത്ത് കഴിഞ്ഞാൽ സാമൂഹിക പ്രതിരോധശേഷി ഉയരുമെന്നും അത് കോവിഡ് വ്യാപനത്തെ തടയുമെന്നും അണ്ടർ സെക്രട്ടറി വിശദീകരിച്ചു. ഫൈസർ വാക്സിൻ സ്വീകരിക്കുന്ന നാലാമത്തെ രാജ്യമാണ് സൗദി അറേബ്യ. ഇംഗ്ലണ്ട്, അമേരിക്ക, കാനഡ എന്നിവയാണ് മറ്റു രാജ്യങ്ങൾ. വാക്സിൻ ഇറക്കുമതി വിവിധ ഘട്ടങ്ങളായാണ് ചെയ്യുക. ഒറ്റയടിക്ക് ഉണ്ടാകില്ല. വാക്സിൻ വിതരണത്തിൽ വേർതിരിവ് ഉണ്ടാകില്ല. 'സ്വിഹത്തി' എന്ന മൊബൈൽ ആപ് വഴി രജിസ്റ്റർ ചെയ്യുന്ന എല്ലാ വിഭാഗങ്ങൾക്കും ഘട്ടങ്ങളനുസരിച്ച് വാക്സിൻ നൽകും. ജനുവരി അവസാനത്തോടെ സ്വദേശികളും വിദേശികളുമായ അരലക്ഷം പേർക്ക് കുത്തിവെപ്പ് നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
കോവിഡ് പൊട്ടിപ്പുറപ്പെട്ട ഉടനെ ഉംറ കർമം നിർത്തിവെച്ചത് ലോകത്ത് വൈറസ് പടരുന്നതിെൻറ കേന്ദ്രമായി മാറുന്നത് ഒഴിവാക്കാനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിനേഷന് സിഹത്തി വഴിയുള്ള രജിസ്ട്രേഷൻ മൂന്ന് ലക്ഷം കവിഞ്ഞു. ചൊവ്വാഴ്ച രജിസ്ട്രേഷൻ ആരംഭിച്ചതു മുതൽ വെള്ളിയാഴ്ച ഉച്ചവരെയാണ് മൂന്ന് ലക്ഷം പേർ രജിസ്റ്റർ ചെയ്തത്. എല്ലാവരും ഇൗ ആപ് വഴി രജിസ്റ്റർ ചെയ്യണം. എല്ലാവർക്കും വാക്സിനേഷൻ സൗജന്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.