കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നു
അൽ ഖോബാർ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ കടലിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ട കുട്ടിയെ ബോർഡർ ഗാർഡ് രക്ഷപ്പെടുത്തി. കുട്ടിയെ ഉടനടി കരയ്ക്കെത്തിച്ച രക്ഷാപ്രവർത്തകർ സ്ഥലത്തുവെച്ചുതന്നെ ആവശ്യമായ പ്രഥമശുശ്രൂഷകൾ നൽകി. തുടർന്ന് വിദഗ്ദ്ധമായ തുടർചികിത്സയും പരിചരണവും ഉറപ്പാക്കുന്നതിനായി കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
ഈ സംഭവത്തിെൻറ പശ്ചാത്തലത്തിൽ, തീരപ്രദേശങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ്സ് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടൽത്തീരങ്ങളിൽ എത്തുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്നും, സമുദ്ര സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
അപകടങ്ങൾ ഒഴിവാക്കാനായി നീന്തലിനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സുരക്ഷിതമായ സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. രാജ്യത്ത് കടലിലോ തീരങ്ങളിലോ ഉണ്ടാകുന്ന ഏതൊരു അടിയന്തര സാഹചര്യത്തിലും സഹായത്തിനായി ഉടനടി ബന്ധപ്പെടേണ്ട നമ്പറുകളും അധികൃതർ ഓർമിപ്പിച്ചു. മക്ക, മദീന, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളിൽ ഉള്ളവർ 911 എന്ന നമ്പറിലും, മറ്റ് പ്രവിശ്യകളിൽ ഉള്ളവർ 994 എന്ന നമ്പറിലുമാണ് അടിയന്തര സഹായത്തിനായി ബന്ധപ്പെടേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.