ആരോഗ്യ മേഖലയിൽ സൗദിക്ക് പുതിയ നേട്ടം കൂടി; താൻസാനിയൻ സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി
റിയാദ്: രണ്ടു വർഷവും രണ്ടു മാസവും പ്രായമുള്ള താൻസാനിയൻ സയാമീസ് ഇരട്ടകളായ ‘ലൈറ്റ്നസ്സ്, ലവ്നസ്’ എന്നിവരെ വിജയകരമായി വേർപ്പെടുത്തി. ഇതോടെ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനായുള്ള ശസ്ത്രക്രിയ രംഗത്ത് സൗദിക്ക് പുതിയൊരു നേട്ടം കൂടി ലഭിച്ചു.
വ്യാഴാഴ്ച ആണ് റിയാദിലെ കിങ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ താൻസാനിയൻ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചത്. ശസ്ത്രക്രിയ പതിനാലര മണിക്കൂർ നീണ്ടുനിന്നതായും വിവിധ സ്പെഷ്യലൈസേഷനുകളിൽ നിന്നുള്ള 44 കൺസൾട്ടന്റുമാർ, സ്പെഷ്യലിസ്റ്റുകൾ, സാങ്കേതിക, നഴ്സിങ് സ്റ്റാഫ് എന്നിവരുടെ പങ്കാളിത്തത്തോടെ ഒമ്പത് ഘട്ടങ്ങളായാണ് ഇത് നടപ്പിലാക്കിയതെന്നും ശസ്ത്രക്രിയ മെഡിക്കൽ സംഘം തലവൻ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. രണ്ടു വയസും രണ്ടു മാസവും പ്രായമുള്ള ഇരട്ടക്കുട്ടികൾ ഇടുപ്പ് ഭാഗത്തും തുടകളിലും ഒട്ടിക്കിടക്കുന്നവരായിരുന്നുവെന്നും, താഴത്തെ കുടൽ, നട്ടെല്ല്, സുഷുമ്നാ നാഡി എന്നിവയുടെ ചില ഭാഗങ്ങൾ അവർ പങ്കുവെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങൾ അനുസരിച്ച് താൻസാനിയൻ സയാമീസ് ഇരട്ടക്കുട്ടികളെ 2026 ജനുവരി 27നാണ് സൗദിയിൽ എത്തിച്ചത്. വേർപെടുത്തൽ ശസ്ത്രക്രിയ തീരുമാനിക്കുന്നതിന് മുമ്പ് ഇരുവരെയും കൃത്യമായ മെഡിക്കൽ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും വിധേയരാക്കിയതായും മെഡിക്കൽ വിദഗ്ദ്ധരുടെ ചർച്ചകൾ നടന്നതായും ഡോ. റബീഅ പറഞ്ഞു.
സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള സൗദി പ്രോഗ്രാം ചരിത്രത്തിലെ 75ാമത്തെ ശസ്ത്രക്രിയയാണിതെന്നും ടാൻസാനിയയിൽ നിന്നുള്ള ഇരട്ടകളെ വേർപെടുത്തുന്ന നാലാമത്തെ കേസാണിതെന്നും ഡോ. അൽ റബീഅ പറഞ്ഞു. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ പ്രോഗ്രാം കഴിഞ്ഞ 35ലേറെ വർഷത്തിനിടയിൽ ലോകമെമ്പാടുമുള്ള 29 രാജ്യങ്ങളിൽ നിന്നായി 160 കേസുകൾ പഠനവിധേയമാക്കിയതായും ഡോ. അൽറബീഅ പറഞ്ഞു. തങ്ങളുടെ കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച സൗദി അറേബ്യയോടും രാജ്യത്തെ മെഡിക്കൽ ടീമിനോടും സയാമീസ് ഇരട്ടകളുടെ മാതാവ് നന്ദി രേഖപ്പെടുത്തി. ആശുപത്രിയിൽ നിന്ന് മികച്ച ആരോഗ്യ പരിപാലനവും ആത്മാർത്ഥമായ പരിശ്രമങ്ങളും ആണ് ലഭിച്ചതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.