കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആൽ സൗദുമായി കൂടിക്കാഴ്ചയിൽ

കുവൈത്ത്-സൗദി വിദേശകാര്യ മന്ത്രിമാർ കൂടികാഴ്ച നടത്തി: ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ചു കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആൽ സൗദുമായി കൂടിക്കാഴ്ച നടത്തി. റിയാദിലെ ഔദ്യോഗിക സന്ദർശനത്തിനിടെയായിരുന്നു കൂടികാഴ്ച.

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങൾക്കു നേരെ ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിക്കുന്നതായി ശൈഖ് ജറാഹ് വ്യക്തമാക്കി.

ആക്രമണങ്ങൾ സൗദി അറേബ്യയുടെ പരമാധികാരത്തിന്റെയും, അന്താരാഷ്ട്ര നിയമത്തിന്റെയും, അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്നമായ ലംഘനമാണെന്നും, ഇസ്‌ലാമിക പുണ്യസ്ഥലങ്ങളുടെ പവിത്രതക്ക് നേരെയുള്ള അവഹേളനവും ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

സിവിലിയൻ വസ്തുക്കളെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ആക്രമണങ്ങൾ, സൗദി അറേബ്യയുടെ സുരക്ഷ, പ്രാദേശിക സ്ഥിരത, സാധാരണക്കാരുടെ സുരക്ഷ, വ്യോമയാന സുരക്ഷ എന്നിവക്ക് ഭീഷണിയാകുന്ന അപകടകരമായ സ്ഥിതിവിശേഷമാണ്. ഇതിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൗദി അറേബ്യയുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിന്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും ശൈഖ് ജറാഹ് അറിയിച്ചു. സൗദി അറേബ്യയുടെ സുരക്ഷ, കുവൈത്തിന്റെയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയ ചരിത്രപരമായ ബന്ധങ്ങൾ മന്ത്രിമാർ അവലോകനം ചെയ്തു. ഉഭയകക്ഷി സഹകരണവും തന്ത്രപരമായ ഏകോപനവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും വ്യക്തമാക്കി.

പ്രാദേശിക വെല്ലുവിളികളെ നേരിടുന്നതിനും, സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള നിരന്തരമായ കൂടിയാലോചനകൾ അത്യന്താപേക്ഷിതമാണെന്നും സൂചിപ്പിച്ചു. ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളും ചർച്ച ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.