പ്രവാസികൾക്കും ഉംറ തീർഥാടകർക്കും വലിയ ആശ്വാസം: ഫ്‌ളൈനാസ് ജിദ്ദ - കോഴിക്കോട് നേരിട്ടുള്ള സർവിസുകൾ നവംബർ മൂന്ന് മുതൽ ആരംഭിക്കുന്നു

ജിദ്ദ: സൗദി അറേബ്യയിലെ പ്രമുഖ ബജറ്റ് എയർലൈൻസായ ഫ്‌ളൈനാസ് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പുതിയ നേരിട്ടുള്ള വിമാന സർവിസുകൾ പ്രഖ്യാപിച്ചു. നവംബർ മൂന്ന് മുതലാണ് സർവിസുകൾക്ക് തുടക്കമാകുന്നത്. മലബാർ മേഖലയിലെ പ്രവാസികളുടെയും ഉംറ തീർത്ഥാടകരുടെയും യാത്രാ ആവശ്യങ്ങൾ പരിഗണിച്ച് ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായി ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവിസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

കൃത്യമായ സമയക്രമത്തിലാണ് ഫ്‌ളൈനാസ് ഈ റൂട്ടിലെ വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സൗദി സമയം പുലർച്ചെ 2:20 ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാവിലെ 10:10 ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരും. തുടർന്ന് കോഴിക്കോട് നിന്ന് രാവിലെ 11:00 ന് തിരിക്കുന്ന വിമാനം സൗദി സമയം ഉച്ചയ്ക്ക് ശേഷം 2:50 ന് ജിദ്ദയിൽ ലാൻഡ് ചെയ്യും.

യാത്രാതടസ്സങ്ങളോ കണക്റ്റിങ് ഫ്ലൈറ്റുകൾക്കായി ദീർഘനേരം കാത്തിരിക്കേണ്ട സാഹചര്യമോ ഇല്ലാതെ വേഗത്തിലും ആയാസരഹിതമായും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഈ നേരിട്ടുള്ള സർവിസ് വഴിയൊരുക്കും. സൗദിയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കാരണം ഇന്ത്യൻ വിമാനക്കമ്പനികൾ സർവിസുകൾ റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്ത പശ്ചാത്തലത്തിൽ, ഫ്‌ളൈനാസിന്റെ ഈ നിർണായക തീരുമാനം യാത്രക്കാർക്ക് വലിയ ആശ്വാസമാണ് പകരുന്നത്.

മലബാറിലേക്കുള്ള പ്രവാസികൾക്കും മക്കയിലെത്തി ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർക്കും ഒരുപോലെ ഉപകാരപ്രദമാകുന്നതാണ് ഈ സർവിസുകൾ. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള അടിയന്തര യാത്രാപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനൊപ്പം കുറഞ്ഞ ചിലവിൽ മികച്ച യാത്രാസൗകര്യം ലഭ്യമാക്കാനും ഫ്‌ളൈനാസിന്റെ പുതിയ സെക്ടർ തുടക്കം വഴി സാധിക്കും. ടിക്കറ്റ് ബുക്കിംഗുകളും മറ്റ് അനുബന്ധ വിവരങ്ങളും എയർലൈന്റെ വെബ്‌സൈറ്റിലും ട്രാവൽ ഏജൻസികൾ വഴിയും ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.

Tags:    
News Summary - Great relief for expats and Umrah pilgrims: Flynas to start direct Jeddah - Kozhikode services from November 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.