ദമ്മാം: സൗദി അറേബ്യയിൽ ആദ്യമായി അമിതവണ്ണം കുറക്കുന്നതിനുള്ള പ്രത്യേക മരുന്നിന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) അംഗീകാരം നൽകി. ‘ഫൗണ്ടായിയോ’ (Foundaio) എന്ന മരുന്നിനാണ് ദീർഘകാലാടിസ്ഥാനത്തിൽ നിർദ്ദിഷ്ട നിബന്ധനകളോടെ മുതിർന്നവർക്ക് ഉപയോഗിക്കാൻ അനുമതി ലഭിച്ചത്. അമിതഭാരമോ അമിതവണ്ണമോ മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക്, ആരോഗ്യകരമായ ഭക്ഷണക്രമത്തിനും പതിവായ വ്യായാമത്തിനുമൊപ്പം കഴിക്കാവുന്ന രീതിയിലാണ് ഈ മരുന്ന് നിർദേശിച്ചിരിക്കുന്നത്. ദിവസേന ഒരു തവണ മാത്രം കഴിക്കാവുന്ന ഈ മരുന്നിലെ പ്രധാന ഘടകം ഓർഫോർഗ്ലിപ്രോൺ (orforglipron) ആണ്. ഇത് ശരീരഭാരം കുറയ്ക്കാനും കുറഞ്ഞ ഭാരം ദീർഘകാലം നിലനിർത്താനും സഹായിക്കുന്നു. ഗ്ലൂക്കാഗോൺ-ലൈക്ക് പെപ്റ്റൈഡ്-1 (GLP-1) റിസപ്റ്ററുകളെ സജീവമാക്കിയാണ് ഫൗണ്ടായിയോ പ്രവർത്തിക്കുന്നത്. ഇത് വിശപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുകയും ഭക്ഷണ ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു.
മറ്റ് പല GLP-1 ചികിത്സകളിൽനിന്നും വ്യത്യസ്തമായി ഈ മരുന്ന് ദിവസത്തിൽ ഒരിക്കൽ കഴിച്ചാൽ മതിയാകും. 72 ആഴ്ച നീണ്ടുനിന്ന രണ്ട് പ്രധാന ‘ഫേസ്-3’ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മരുന്നിെൻറ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവ വിലയിരുത്തി അതോറിറ്റി അംഗീകാരം നൽകിയത്. പ്രമേഹമില്ലാത്ത, അമിതവണ്ണമുള്ള 3,127 മുതിർന്നവരിൽ നടത്തിയ ആദ്യ പരീക്ഷണത്തിൽ, ഏറ്റവും ഉയർന്ന അളവായ 36 മില്ലിഗ്രാം മരുന്ന് സ്വീകരിച്ചവരിൽ ശരാശരി 11.2 ശതമാനം ശരീരഭാരം കുറഞ്ഞു. എന്നാൽ പ്ലാസിബോ നൽകിയവരിൽ 2.1 ശതമാനം മാത്രമാണ് കുറവുണ്ടായത്. അമിതവണ്ണവും ടൈപ്പ്-2 പ്രമേഹവുമുള്ള 1,613 മുതിർന്നവരിൽ നടത്തിയ രണ്ടാമത്തെ പരീക്ഷണത്തിൽ, 36 മി.ഗ്രാം ഡോസ് സ്വീകരിച്ചവരിൽ ശരാശരി 9.6 ശതമാനം ഭാരം കുറഞ്ഞപ്പോൾ പ്ലാസിബോ ഗ്രൂപ്പിൽ ഇത് 2.5 ശതമാനം മാത്രമായിരുന്നു.
ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രധാന പാർശ്വഫലങ്ങളായി കണ്ടുവന്നത്. ഓക്കാനം, മലബന്ധം, വയറിളക്കം, ഛർദ്ദി, ദഹനക്കേട്, വയറുവേദന എന്നിവയ്ക്ക് പുറമെ വയർ വീർക്കൽ, മുടികൊഴിച്ചിൽ, ക്ഷീണം എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ദഹനസംബന്ധമായ മിക്ക പ്രശ്നങ്ങളും നേരിയതോ മിതമായതോ ആയിരുന്നു. മരുന്നിെൻറ അളവ് വർദ്ധിപ്പിക്കുന്ന ഘട്ടത്തിൽ കാണപ്പെട്ട ഇത്തരം ബുദ്ധിമുട്ടുകൾ പിന്നീട് ക്രമേണ കുറയുകയും ചെയ്തു.
ചിലതരം തൈറോയ്ഡ് കാൻസറോ അതുമായി ബന്ധപ്പെട്ട പാരമ്പര്യ രോഗാവസ്ഥയോ ഉള്ള രോഗികളും കുടുംബാംഗങ്ങളിൽ ഇത്തരം രോഗചരിത്രമുള്ളവരും ഈ മരുന്ന് ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൃത്യമായ വൈദ്യമേൽനോട്ടത്തിലും തുടർപരിശോധനകളോടെയും മാത്രമേ ചികിത്സ നടത്താവൂ എന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.