കലാലയം സാംസ്കാരിക വേദി ഭാരവാഹികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: പ്രവാസലോകത്തെ പ്രമുഖ വാർഷിക സാഹിത്യമേളയായ 'പ്രവാസി സാഹിത്യോത്സവി'ന്റെ പതിനഞ്ചാം പതിപ്പിന് ജിദ്ദയിൽ കളമൊരുങ്ങുന്നു. കലാലയം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന മേള ഇത്തവണ പതിവിൽ നിന്ന് വ്യത്യസ്തമായി രണ്ട് സോണുകളിലായാണ് അരങ്ങേറുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജിദ്ദ സിറ്റി സോൺ സാഹിത്യോത്സവ് ഡിസംബർ 26 നും ജിദ്ദ നോർത്ത് സോൺ സാഹിത്യോത്സവ് 2026 ജനുവരി രണ്ടിനുമാണ് നടക്കുക. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക തുടങ്ങി 24-ഓളം രാഷ്ട്രങ്ങളിൽ പ്രവാസി സാഹിത്യോത്സവുകൾ നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയ മലയാളിക്കൊപ്പം അവരുടെ സർഗാത്മകതയെയും ലോകത്തിന് പരിചയപ്പെടുത്തുകയാണ് സാഹിത്യോത്സവം ലക്ഷ്യം വെക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
ജിദ്ദയിലെ സഫ, ബവാദി, അനാക്കിഷ്, ഹിറ, മഹ്ജർ, ശറഫിയ, ബലദ്, ബഹ്‌റ, സുലൈമാനിയ, ഖുമ്ര തുടങ്ങി 12 സെക്ടറുകളിൽ നിന്നായി 600-ഓളം പ്രതിഭകളാണ് മേളയിൽ മാറ്റുരയ്ക്കുക. പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്ക് പുറമെ, ജിദ്ദയിലെ പ്രമുഖ കാമ്പസുകളെ പ്രതിനിധീകരിച്ച് കാമ്പസ് മത്സരവും ഉണ്ടാകും. മാപ്പിളപ്പാട്ട്, ദഫ്മുട്ട്, ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങൾ, കവിതാ പാരായണം തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്കൊപ്പം വൈജ്ഞാനിക പ്രാധാന്യമുള്ള രിസാല റിവ്യൂ, ലെറ്റർ ടു ദി എഡിറ്റർ, പ്രബന്ധ രചന എന്നിവയും മത്സര ഇനങ്ങളാണ്. സോഷ്യൽ ട്വീറ്റ്, അറബിക് കാലിഗ്രാഫി, കൊളാഷ്, സ്പോട്ട് മാഗസിൻ, കവിതാ രചന, കഥാ രചന, ഹൈക്കു തുടങ്ങിയ 94 ഇനങ്ങൾ ഈ വർഷത്തെ മത്സരങ്ങളുടെ മാറ്റുകൂട്ടും.
പതിനഞ്ചാം എഡിഷന്റെ ഭാഗമായി മൂന്ന് പ്രത്യേക സെഷനുകളും ഇത്തവണത്തെ സവിശേഷതയാണ്. ഭിന്നശേഷിക്കാരായവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന 'സ്‌നേഹോത്സവം', പ്രവാസ തിരക്കുകൾക്കിടയിലും കലയെ സ്നേഹിക്കുന്നവർക്കായി 'കലോത്സാഹം', സ്ത്രീകൾക്കായി 'ഒരിടത്ത്' എന്നിവയാണവ. ലേബർ ക്യാമ്പുകളിലും ബൂഫിയ, ബഖാല തുടങ്ങിയ മേഖലകളിലും പ്രവർത്തിക്കുന്ന കലാകാരന്മാരായ പ്രവാസികളുടെ സർഗാത്മക കഴിവുകൾ പങ്കുവെക്കുകയാണ് 'കലോത്സാഹ'ത്തിലൂടെ ലക്ഷ്യമിടുന്നത്. സോൺ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് മക്കയിൽ നടക്കുന്ന സൗദി വെസ്റ്റ് നാഷനൽ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
മുഹ്‌സിൻ സഖാഫി അഞ്ചച്ചവടി, യാസർ അറഫാത്ത് എ.ആർ നഗർ, റഫീഖ് കൂട്ടായി, മുഹമ്മദ് ശംസാദ് അങ്ങാടിപ്പുറം, അബൂബക്കർ സിദ്ധീഖ് വലിയപറമ്പ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.