ഇഖാമ കാലാവധി കഴിഞ്ഞവർക്ക് താൽക്കാലിക പാസ്​പോർട്ട് -എംബസി

ദമ്മാം: സൗദി ഇഖാമ (താമസരേഖ) കാലാവധി കഴിഞ്ഞതിനാൽ പാസ്​പോർട്ട് പുതുക്കാനാകാത്തവർക്ക്​ അഞ്ച് വർഷ കാലാവധിയുള്ള താൽക്കാലിക പാസ്​പോർട്ട് അനുവദിക്കുമെന്ന് ഇന്ത്യൻ എംബസി. ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യൻ പ്രവാസികളുടെ പാസ്​പോർട്ട് പുതുക്കാൻ എംബസി സേവനകേന്ദ്രങ്ങൾ അനുവദിക്കുന്നില്ല എന്ന വിഷയം ഉന്നയിച്ച്​ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ജനുവരി 19ന് അയച്ച നിവേദനത്തിന് മറുപടിയായാണ് സെക്കൻഡ് സെക്രട്ടറി പ്രേം സെൽവാൾ ഈ വിവരം അറിയിച്ചത്. ഇഖാമ കാലാവധി കഴിഞ്ഞവരുടെ അപേക്ഷയും സ്വീകരിക്കാൻ സേവന കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അത്തരം പ്രവാസികൾ അവരുടെ സ്​പോൺസറിൽനിന്നോ കമ്പനിയിൽനിന്നോ 'ഇഖാമ പിന്നീട് പുതുക്കിക്കൊടുക്കാം' എന്ന് ഉറപ്പുനൽകുന്ന ഒരു കത്ത് ഹാജരാക്കിയാൽ അഞ്ച് വർഷ കാലാവധിയുള്ള താൽക്കാലിക പാസ്​പോർട്ട് അനുവദിക്കുമെന്നും കത്തിൽ പറയുന്നു. പിന്നീട് ഇഖാമ പുതുക്കിയ രേഖ ഹാജരാക്കിയാൽ 10 വർഷ കാലാവധിയുള്ള സാധാരണ പാസ്​പോർട്ടിന് അപേക്ഷിക്കാം എന്നും എംബസി അറിയിക്കുന്നു.

ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽപെടുത്തി നേരത്തെ 'ഗൾഫ് മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വിഷയം ഇന്നയിച്ച് രാജ്യസഭ എം.പി ബിനോയ് വിശ്വം ഇന്ത്യൻ വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. എന്നാൽ, ഇപ്പോഴും ഈ വിഷയത്തിൽ കൃത്യമായ പരിഹാരം ലഭ്യമായിട്ടില്ല എന്ന ബോധ്യത്തിൽതന്നെയാണ് സാമൂഹിക പ്രവർത്തകർ. ഇന്ത്യൻ രേഖയായ പാസ്​പോർട്ട് പുതുക്കാൻ എന്തിന് വിദേശരാജ്യത്തി‍ന്റെ താമസരേഖ മാനദണ്ഡമാക്കുന്നു എന്ന ചോദ്യം അപ്പോഴും ബാക്കിയാവുകയാണ്.

നേരത്തെ ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്​പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കാൻ പോലും സേവനകേന്ദ്രങ്ങൾ തയാറായിരുന്നില്ല. നൂറുകണക്കിന് ഇന്ത്യക്കാരാണ് ഇത്തരത്തിൽ പാസ്​പോർട്ട് പുതുക്കാനാവാതെ കഴിയുന്നത്. 

Tags:    
News Summary - Temporary Passport for those who have completed Iqama - Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.