സൗദി അറേബ്യക്ക്​ നാളെ കേപ് വെർഡെക്കെതിരെ നിർണായക പോരാട്ടം

റിയാദ്: 2026 ഫിഫ ലോകകപ്പി​െൻറ പ്രിലിമിനറി റൗണ്ട് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സൗദി അറേബ്യൻ ദേശീയ ഫുട്ബാൾ ടീം തങ്ങളുടെ നിർണായക മത്സരത്തിന് തയ്യാറെടുക്കുന്നു. ഗ്രൂപ്പ് എച്ചിലെ തങ്ങളുടെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ കേപ് വെർഡെയെ നേരിടുന്ന സൗദിക്ക് റൗണ്ട് ഓഫ് 32 യോഗ്യത നേടാൻ വിജയം മാത്രം ലക്ഷ്യമിട്ട് കളത്തിൽ ഇറങ്ങേണ്ടതുണ്ട്.

ശനിയാഴ്ച പുലർച്ചെ സൗദി സമയം മൂന്നിന്​ ഹൂസ്​റ്റൺ സ്​റ്റേഡിയത്തിലാണ് ഈ ആവേശപ്പോരാട്ടം നടക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിൻറ്​ മാത്രമാണ് സൗദി അറേബ്യക്ക് നേടാനായത്. ആദ്യ മത്സരത്തിൽ ഉറുഗ്വേയോട് സമനില (1-1) വഴങ്ങിയ സൗദി, രണ്ടാം മത്സരത്തിൽ സ്പെയിനിനോട് (4-0) പരാജയപ്പെട്ടിരുന്നു. രണ്ട് സമനിലകളോടെ രണ്ട് പോയിൻറുള്ള കേപ് വെർഡെയ്‌ക്കെതിരെ വിജയിച്ചാൽ മാത്രമേ സൗദിക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ സാധിക്കൂ.

ഗ്രൂപ്പിലെ മറ്റ് സ്ഥാനങ്ങൾ നിർണയിക്കുന്നതിൽ ഇതേ ഗ്രൂപ്പിൽ നടക്കുന്ന സ്പെയിൻ - ഉറുഗ്വേ മത്സരഫലവും നിർണായകമാകും. അതേസമയം, മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങളെ അടിസ്ഥാനമാക്കി മികച്ച മൂന്നാം സ്ഥാനക്കാരായ എട്ട് ടീമുകളിൽ ഒന്നായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനുള്ള നേരിയ സാധ്യതയും സൗദിക്ക് മുന്നിലുണ്ട്.

32 വർഷത്തിന്​ ശേഷം ആ ചരിത്രം ആവർത്തിക്കുമോ?

1994-ൽ അമേരിക്കയിൽ നടന്ന ലോകകപ്പിൽ തങ്ങളുടെ കന്നി പങ്കാളിത്തത്തിൽ തന്നെ റൗണ്ട് ഓഫ് 16-ൽ പ്രവേശിച്ച് സൗദി അറേബ്യ ചരിത്രം കുറിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തിൽ സൗദിയുടെ ഏറ്റവും മികച്ച പ്രകടനവും ഇതായിരുന്നു. 32 വർഷത്തിന്​ ശേഷം ആ ചരിത്രനേട്ടം ആവർത്തിക്കാനാണ് ഗ്രീൻ ഫാൽക്കൺസ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

ശക്തരായ ഉറുഗ്വേയ്‌ക്കെതിരെ മികച്ച പ്രതിരോധ തന്ത്രങ്ങളുമായി കളം നിറഞ്ഞ സൗദി അറേബ്യ ഒന്നിനെതിരെ ഒരു ഗോളിന് സമനില പിടിച്ചാണ് ടൂർണമെൻറ്​ ആരംഭിച്ചത്. ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസി​െൻറ തകർപ്പൻ പ്രകടനമാണ് അന്ന് സൗദിക്ക് തുണയായത്. എന്നാൽ രണ്ടാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ സ്പെയിനി​െൻറ കരുത്തിന് മുന്നിൽ സൗദിയുടെ പ്രതിരോധം തകരുകയായിരുന്നു.

പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത സ്പെയിൻ എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം വരിച്ചതോടെയാണ് സൗദിയുടെ നോക്കൗട്ട് സാധ്യതകൾ അവസാന മത്സരത്തിലേക്ക് നീണ്ടത്. നിലവിൽ ഗ്രൂപ്പ് എച്ചിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയി​േൻറാടെ കിരീടസാധ്യത കൽപ്പിക്കപ്പെടുന്ന സ്പെയിനാണ് ഒന്നാം സ്ഥാനത്ത്. രണ്ട് പോയിൻറുള്ള ഉറുഗ്വേയും കേപ് വെർഡെയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ഒരു പോയി​േൻറാടെ സൗദി നാലാം സ്ഥാനത്താണ്.

നിലവിലെ സാഹചര്യത്തിൽ ഗ്രൂപ്പിലെ നാല് ടീമുകൾക്കും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനുള്ള സാധ്യതകൾ സജീവമാണ്. മറുഭാഗത്ത്, കരുത്തരായ സ്പെയിൻ, ഉറുഗ്വേ എന്നിവരെ സമനിലയിൽ തളച്ച ആത്മവിശ്വാസവുമായാണ് കേപ് വെർഡെ എത്തുന്നത്. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിൻറുള്ള അവർക്ക് സൗദിയെ പരാജയപ്പെടുത്താൻ സാധിച്ചാൽ ആദ്യമായി ലോകകപ്പി​െൻറ റൗണ്ട് ഓഫ് 32-ൽ പ്രവേശിച്ച് ചരിത്രം കുറിക്കാൻ സാധിക്കും. അതിനാൽ ഇരു ടീമുകൾക്കും ഈ മത്സരം അതിനിർണായകമാണ്.

Tags:    
News Summary - Saudi Arabia faces a crucial match against Cape Verde tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.