റിയാദ്: പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയുയർത്തി ജിദ്ദയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന 12 വാട്ടർ ബോട്ടിലിങ് പ്ലാൻറുകൾ അധികൃതർ അടച്ചുപൂട്ടി. എട്ട് സർക്കാർ ഏജൻസികളുമായി സഹകരിച്ച് വാണിജ്യ മന്ത്രാലയം നടത്തിയ കർശനമായ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ ഈ സ്ഥാപനങ്ങൾക്കെതിരെ ഉടനടി നടപടിയെടുത്തത്.
ശുദ്ധീകരണ പ്രക്രിയകളിൽ ഉറവിടം വ്യക്തമല്ലാത്ത ജലം ഉപയോഗിക്കുക, പൊതു ജലശൃംഖലയിൽനിന്ന് നിയമവിരുദ്ധമായി വെള്ളം ചോർത്തുക, മറ്റ് ലൈസൻസുള്ള കമ്പനികളുടെ ബോട്ടിലുകൾ ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായി വെള്ളം നിറയ്ക്കുക തുടങ്ങിയ ഗുരുതരമായ ആരോഗ്യ സുരക്ഷാ വീഴ്ചകളാണ് പരിശോധനാ സംഘം ഈ പ്ലാൻറുകളിൽ കണ്ടെത്തിയത്.
ലൈസൻസുള്ള കുപ്പിവെള്ള വിൽപ്പന കേന്ദ്രങ്ങളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും മറയാക്കിയാണ് ഈ ഫാക്ടറികൾ പ്രവർത്തിച്ചിരുന്നത്. പുറമെ നിയമവിധേയമായ ബിസിനസ് ആണെന്ന് വരുത്തിത്തീർത്ത്, ഉള്ളിൽ യാതൊരുവിധ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു ഇവരുടെ ഉത്പാദനവും പാക്കിങ്ങും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ.
ആരോഗ്യ സുരക്ഷാ ലംഘനങ്ങൾക്ക് പുറമെ ബിനാമി ഇടപാടുകൾ നടത്തുക, ലൈസൻസില്ലാതെ പ്രവർത്തിക്കുക, കൃത്യമായ നികുതി ഇൻവോയ്‌സുകൾ നൽകാതിരിക്കുക, രാജ്യത്തെ തൊഴിൽ നിയമങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ വലിയ രീതിയിലുള്ള സാമ്പത്തിക-തൊഴിൽ കുറ്റകൃത്യങ്ങളും ജലവിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക ലംഘനങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
നിയമലംഘനം ശ്രദ്ധയിൽ പെട്ടയുടൻ തന്നെ ഈ കേന്ദ്രങ്ങൾ പൂർണമായും അടച്ചുപൂട്ടുകയും ബന്ധപ്പെട്ട നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും മാതൃകാപരമായ ശിക്ഷകൾ ഉറപ്പാക്കുന്നതിനുമായി കേസ് നിലവിൽ സുരക്ഷാ അധികാരികൾക്ക് കൈമാറിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.