വേനലവധി യാത്ര സുരക്ഷിതമാക്കാം; കർശന മാർഗനിർദ്ദേശങ്ങളുമായി റോഡ്സ് ജനറൽ അതോറിറ്റി

റിയാദ്: വേനൽ അവധിക്കാലത്ത് രാജ്യത്തെ വിവിധ നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നവർ ഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സൗദി റോഡ്സ് ജനറൽ അതോറിറ്റി ആവശ്യപ്പെട്ടു. അവധിക്കാലത്ത് റോഡപകടങ്ങളിൽ 15 ശതമാനത്തോളം വർധനവുണ്ടാകുന്ന പശ്ചാത്തലത്തിലാണ് യാത്രാ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടങ്ങൾ കുറക്കുന്നതിനുമായി അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.

പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതമായ യാത്രാ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അതോറിറ്റിയുടെ ഈ നീക്കം. ദീർഘദൂര യാത്രക്ക് ഇറങ്ങുന്നതിന് മുൻപ് വാഹനങ്ങളുടെ കാര്യക്ഷമത പൂർണ്ണമായി ഉറപ്പുവരുത്തണമെന്ന് അധികൃതർ ഓർമിപ്പിച്ചു. കാറി​െൻറ മുൻവശത്തെയും പിൻവശത്തെയും ലൈറ്റുകൾ, ബ്രേക്കിങ് സംവിധാനം എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ടയറുകളുടെ ഗുണനിലവാരവും വായുമർദ്ദവും പരിശോധിക്കുന്നതിനൊപ്പം സ്പെയർ ടയർ, മറ്റ് അടിയന്തര രക്ഷാപ്രവർത്തന ഉപകരണങ്ങൾ എന്നിവ വാഹനത്തിൽ കരുതേണ്ടതും അനിവാര്യമാണ്. ഒപ്പം ഡ്രൈവർമാർ യാത്രക്ക് മുൻപായി ആവശ്യത്തിന് വിശ്രമിക്കുകയും ഉറക്കം ഉറപ്പാക്കുകയും വേണം. വാഹനത്തിന്റെ ഔദ്യോഗിക രേഖകളും ഡ്രൈവിങ് ലൈസൻസും കൃത്യമാണെന്ന് പരിശോധിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.

റോഡുകളിലെ അശ്രദ്ധമായ ഡ്രൈവിങ് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്. വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാതിരിക്കുക, ട്രാഫിക് സിഗന്​ലുകൾ ലംഘിക്കുക, മറ്റ് വാഹനങ്ങൾക്ക് മുൻഗണന നൽകാതിരിക്കുക എന്നിവ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കാതെ പെട്ടെന്ന് ലൈൻ മാറുന്നതും ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം മൂലമുള്ള ശ്രദ്ധ തിരിയലും ഗതാഗത നിയമങ്ങൾക്ക് വിരുദ്ധമായി എതിർദിശയിൽ വാഹനമോടിക്കുന്നതും കർശനമായി ഒഴിവാക്കണം.

റോഡുകളിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ഈ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും യാത്രക്കിടയിൽ അടിയന്തര സഹായങ്ങൾ ആവശ്യമായി വരുന്നപക്ഷം '996' എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും റോഡ്സ് ജനറൽ അതോറിറ്റി അറിയിച്ചു.

Tags:    
News Summary - Safe summer travel: Roads General Authority rolls out strict guideline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.