സൗദി ടീമിന് പിന്തുണയുമായി കേരളത്തിലെ ഫ്ലെക്സ് ബോർഡുകൾ; പ്രശംസയുമായി പ്രമുഖ അറബ് പത്രം 'സബഖ്'

യാംബു: 2026 ഫിഫ ലോകകപ്പിൽ മാറ്റുരയ്ക്കുന്ന സൗദി ദേശീയ ഫുട്ബോൾ ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ ഉയർന്ന ഫ്ലെക്സ് ബോർഡുകൾ അറബ് മാധ്യമങ്ങളിലും വലിയ വാർത്തയാകുന്നു. സൗദിയിലെ പ്രമുഖ അറബ് ഓൺലൈൻ പത്രമായ 'സബഖ്' ആണ് മലയാളി ഫുട്ബോൾ പ്രേമികളുടെ ഈ വേറിട്ട സ്നേഹപ്രകടനത്തിന് മികച്ച കവറേജ് നൽകിയത്.

സൗദി ദേശീയ ടീമിന്റെയും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലുള്ള പാലത്തിങ്ങൽ 'ബി ടീം സൗഹൃദ കൂട്ടായ്മ' സ്ഥാപിച്ച ബാനറാണ് അറബ് പത്രത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. മുഖ്യമന്ത്രി


വി.ഡി. സതീശന്റെ ചിത്രമുള്ള ബോർഡിന് സമീപം, "അന്നവും അഭയവും തരുന്ന നാടിന് വിജയാശംസകൾ" എന്ന അടിക്കുറിപ്പോടെയാണ് ഈ ബാനർ തെരുവിൽ സ്ഥാപിച്ചിരിക്കുന്നത്.

 

"സൗദി ടീമിനെ പിന്തുണച്ച് സൗദി കിരീടാവകാശിയുടെയും ദേശീയ ടീമിന്റെയും ചിത്രം ഒരു ഇന്ത്യൻ ഗ്രാമത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു" എന്ന ശീർഷകത്തിലാണ് 'സബഖ്' വാർത്ത പ്രസിദ്ധീകരിച്ചത്.

സൗദി അറേബ്യയും കേരളവും തമ്മിലുള്ള ആഴത്തിലുള്ള മാനുഷികവും സാംസ്കാരികവുമായ സൗഹൃദത്തെ അടയാളപ്പെടുത്തുന്നതാണ് ഈ പിന്തുണയെന്ന് പത്രം എടുത്തുപറയുന്നു. 'ഗ്രീൻ ഫാൽക്കൺസ്' എന്നറിയപ്പെടുന്ന സൗദി ടീമിനെ പിന്തുണച്ച് മലപ്പുറത്തെ ഒരു കൊച്ചുഗ്രാമത്തിൽ ഉയർന്ന ഈ വലിയ ബാനറിന്റെ ചിത്രങ്ങളും വാർത്തകളും അറബ് ലോകത്തെ സോഷ്യൽ മീഡിയയിലും ഇപ്പോൾ തരംഗമാണ്.

നേരത്തെ മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് നെന്മിനിയിൽ സ്ഥാപിച്ച ഭീമൻ ഫ്ലെക്സ് ബോർഡും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'നെന്മിനി പ്രവാസി കൂട്ടായ്മ' സ്ഥാപിച്ച 80 അടി നീളവും എട്ടടി വീതിയുമുള്ള ഈ ബോർഡിനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം 'ഗൾഫ് മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യൻ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളീയരിൽ സൗദി അറേബ്യ എന്ന രാജ്യം ചെലുത്തിയ വലിയ സ്വാധീനത്തിന്റെ പ്രതിഫലനമാണ് ഈ ഫ്ലെക്സ് ബോർഡുകളെന്ന് അറബ് മാധ്യമങ്ങൾ വിലയിരുത്തുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ ഉദാത്തമായ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഈ വാർത്തയും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രവാസികളും അറബ് പൗരന്മാരും ഒരുപോലെ വ്യാപകമായി പങ്കുവെക്കുന്നുണ്ട്.

Tags:    
News Summary - Flex boards in Kerala in support of the Saudi team; prominent Arab newspaper 'Sabq' praises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.