ടാർഗറ്റ് ഗ്ലോബൽ അക്കാദമി, കെ.എം.സി.സി സാരഥികൾ എന്നിവർ റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
റിയാദ്: ടാർഗറ്റ് ഗ്ലോബൽ അക്കാദമി സംഘടിപ്പിക്കുന്ന 'റിയാദ് എജു എക്സ്പോ' രണ്ടാം പതിപ്പ് സെപ്റ്റംബർ 12, 13 (വെള്ളി,ശനി) തീയതികളിൽ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'ഡിസ്കവർ, ഡിസൈഡ്, ഡിഫൈൻ യുവർ ഫ്യൂചർ' എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കി നടക്കുന്ന എക്സ്പോയിൽ ഭാവിയിലെ കരിയർ സാധ്യതകളെക്കുറിച്ചുള്ള പാനൽ ചർച്ച, സെമിനാറുകൾ, ഇന്ററാക്ടീവ് വർക്ക്ഷോപ്പുകൾ, കരിയർ കൗൺസിലിങ് സെഷനുകൾ തുടങ്ങി വ്യത്യസ്ത വേദികളുണ്ടാകുമെന്നും സംഘാടകർ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, കോഡിങ്, മെഡിക്കൽ സയൻസ്, എൻജിനീയറിങ്, കോമേഴ്സ്, മാനേജ്മെന്റ്, സ്റ്റഡി ഇൻ സൗദി അറേബ്യ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകളും പ്രദർശനങ്ങളും നടക്കും. കെ.എം.സി.സി റിയാദ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. എക്സ്പോയിൽ മുൻ ഐ.എസ്.ആർ.ഒ സയന്റിസ്റ്റും മർക്കസ് നോളജ് സിറ്റി സി.ഇ.ഒ യുമായ ഡോ. അബ്ദുസ്സലാം, സൈബർ സുരക്ഷ വിദഗ്ധനും മോട്ടിവേഷനൽ സ്പീക്കറുമായ ഡോ. ആനന്ത് പ്രഭു, എൻജിനീയർ അബ്ദുൽ നിസാർ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കുകയും സദസ്സുമായി സംവദിക്കുകയും ചെയ്യും. .എഡ്യൂ എക്സ്പോ രണ്ടാം ദിവസത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിവിധ മേഖലകളിൽ പ്രത്യേകം സെഷനുകൾ ഒരുക്കിയിട്ടുണ്ട്. സൗദിയിലെ ഉപരിപഠന സാധ്യതകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, മെഡിക്കൽ ആൻഡ് എൻജിനീയറിങ്, കോമേഴ്സ്, സ്റ്റഡി എബ്രോഡ് എന്നീ വിഷയങ്ങളിൽ ഇൻഡസ്ട്രി വിദഗ്ധരുടെ ക്ലാസുകളും സംവാദങ്ങളും നടക്കും.
കൂടാതെ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും കരിയർ ഗൈഡൻസ് സംഘടനകളും പങ്കാളികളാകുന്ന എക്സ്പോയും വിദ്യാർഥികൾക്ക് നേരിട്ട് വിവരങ്ങൾ ശേഖരിക്കാനുള്ള പ്രത്യേക അവസരം ഒരുക്കും. റിയാദ് എഡ്യൂ എക്സ്പോയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. www.targetglobalacademy.com എന്ന വെബ്സൈറ്റ് വഴി സന്ദർശകർക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് ആയിരിക്കും പ്രവേശനം അനുവദിക്കുകഎന്നും സംഘാടകർ അറിയിച്ചു. എം.സി മുനീർ (ജനറൽ മാനേജർ, ടാർഗറ്റ് ഗ്ലോബൽ അക്കാദമി), മുഹമ്മദ് അസ്ലം (മാർക്കറ്റിംഗ് മാനേജർ, ടാർഗറ്റ് ഗ്ലോബൽ അക്കാദമി), സുഹൈൽ കൊടുവള്ളി (കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ്), മുജീബ് മൂത്താട്ട്, ജാഫർ പുത്തൂർമഠം എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.