തനിമ റിയാദ് ഒലയ-ദല്ല ഏരിയ കുടുംബസംഗമം ലോക കേരളസഭ പ്രതിനിധി ഇബ്രാഹിം സുബ്ഹാൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ‘തണലാണ് കുടുംബം’ എന്ന വിഷയത്തിലെ കാമ്പയിന്റെ ഭാഗമായി തനിമ റിയാദ് ദല്ല-ഒലയ ഏരിയ കുടുംബസംഗമം നടത്തി. ലോക കേരളസഭ പ്രതിനിധിയും സാമൂഹിക പ്രവർത്തകനുമായ ഇബ്രാഹിം സുബ്ഹാൻ സംഗമം ഉദ്ഘാടനം ചെയ്തു. ‘നവലിബറിലസവും മുസ്ലിം കുടുംബവും’ എന്ന വിഷയത്തിൽ ശംസുദ്ദീൻ നദ്വി മുഖ്യപ്രഭാഷണം നടത്തി.
നമ്മുടെ മക്കൾക്ക് കുടുംബ ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന സ്നേഹ ലാളനകൾ പങ്കുവെക്കുന്ന ഇടങ്ങളായിരിക്കണം നമ്മുടെ വീടുകളെന്നും മാതാപിതാക്കൾ അതിന് മാതൃകകളായി ഉയരണമെന്നും അദ്ദേഹം പറഞ്ഞു. ദമ്പതികൾ തമ്മിലുള്ള ഊഷ്മളമായ പെരുമാറ്റത്തിലൂടെ മാത്രമേ അത് സാധിക്കുകയുള്ളൂ. ‘മൈ ബോഡി മൈ ചോയ്സ്’ എന്ന നവലിബറൽ വാദം ഒരേസമയം മാനവിക മൂല്യസങ്കൽപങ്ങളോടും സ്രഷ്ട്രാവായ ദൈവത്തോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘കുടുംബമൂല്യങ്ങളുടെ വീണ്ടെടുപ്പ്’ എന്ന വിഷയത്തിൽ സാജിദ് പാറക്കൽ പ്രഭാഷണം നടത്തി. ഏത് വിഷയത്തിലുമെന്ന പോലെ കുടുംബ വിഷയങ്ങളിലും പ്രവാചകൻ നമുക്ക് മാതൃകയാകേണ്ടതുണ്ടെന്ന് നബിയുടെ കുടുംബജീവിത മാതൃകയെ വിശകലനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
റൗദ ഇസ്തിറാഹയിൽ നടന്ന സംഗമത്തിൽ ഒലയ-ദല്ല ഏരിയ പ്രസിഡന്റ് നസീർ നദ്വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി പെരിന്തൽമണ്ണ പരിപാടികൾ നിയന്ത്രിച്ചു. കുട്ടികൾക്കായുള്ള മത്സരപരിപാടികൾക്ക് ഫായിസ്-അഫീഹ ദമ്പതികൾ നേതൃത്വം നൽകി. മത്സരവിജയികൾക്ക് ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൻ ഷഹനാസ്, ശംസുദ്ദീൻ നദ്വി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
അസർ നമസ്കാരശേഷം നടന്ന മെക് 7 പരിശീലനത്തിന് അഖിനാസ് നേതൃത്വം നൽകി. സോണൽ പ്രസിഡന്റ് സദറുദ്ദീൻ കിഴിശ്ശേരി, പ്രൊവിൻസ് സെക്രട്ടറി നൗഷാദ് എടവനക്കാട്, യൂനിറ്റ് ഭാരവാഹികളായ ബഷീർ വാടാനപ്പിള്ളി, അബ്ദുൽ കരീം, ഹബീബ്, അഷ്റഫ് ബിനു കൂടാതെ ബഷീർ കിഴിശ്ശേരി, റിയാസ്, ശിഹാബ് തുടങ്ങിയവർ വിവിധ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ നേതൃത്വം നൽകി.
‘സൗദി അറേബ്യ: ദി കൺട്രി ഓഫ് ട്വൻറി ഫസ്റ്റ് സെഞ്ച്വറി’ എന്ന കൃതിയെ രചയിതാവ് എം.പി. ശഹ്ദാൻ സദസ്സിന് പരിചയപ്പെടുത്തി. ഏരിയ സെക്രട്ടറി ഷാഫി പെരിന്തൽമണ്ണ സ്വാഗതവും പ്രൊവിൻസ് പ്രസിഡന്റ് സിദ്ധീഖ് ജമാൽ സമാപനം പ്രഭാഷണവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.