റിയാദ്: വിമാനക്കമ്പനികളുടെ അമിത നിരക്കുകൾക്കെതിരെ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി നടത്തിയ നിർണായക ഇടപെടലിനെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഇൻറർനാഷനൽ കൗൺസിൽ സ്വാഗതം ചെയ്തു.
വിമാനനിരക്കുകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കൃത്യമായ നിയമനിർമാണം നടത്തണമെന്നും, പ്രവാസി യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുമായി അടിയന്തരവും ശാശ്വതവുമായ നിയമനടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ഐ.സി.എഫ് ആവശ്യപ്പെട്ടു. ഗൾഫ് പ്രവാസികളെയാണ് വിമാന കമ്പനികൾ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത്.
അവധി സീസണുകളിലും സ്കൂൾ അവധിക്കാലങ്ങളിലും യാതൊരു മാനദണ്ഡവുമില്ലാതെ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടുന്നത് ഗൾഫ് പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. നാടിെൻറ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്ന സാധാരണക്കാരായ തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരുമാണ് ഈ പകൽക്കൊള്ളയുടെ ഏറ്റവും വലിയ ഇരകൾ. അടിയന്തര സാഹചര്യങ്ങളിൽ പോലും നാട്ടിലെത്താൻ കഴിയാതെ പ്രവാസികൾ വലയുമ്പോൾ ഭാരത സർക്കാരും വ്യോമയാന മന്ത്രാലയവും ബന്ധപ്പെട്ട നിയന്ത്രണ ഏജൻസികളും പുലർത്തുന്ന നിസംഗത തികച്ചും നിർഭാഗ്യകരമാണ്.
വിമാനനിരക്കുകൾക്ക് യുക്തിസഹമായ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുകയും യാത്രക്കാരുടെ താൽപര്യം സംരക്ഷിക്കുന്ന തരത്തിൽ സുതാര്യമായ നയങ്ങൾ നടപ്പാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ ലക്ഷക്കണക്കിന് പ്രവാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ നീക്കമെന്ന് ഐ.സി.എഫ് ഇൻറർനാഷനൽ കൗൺസിൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.