സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫും സ്പാനിഷ്
ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ-മാർലാസ്കയും മഡ്രിഡിൽ ആഭ്യന്തര സുരക്ഷാ
സഹകരണ കരാറിൽ ഒപ്പിട്ടപ്പോൾ
റിയാദ്: ആഭ്യന്തര സുരക്ഷാ മേഖലയിൽ ഉഭയകക്ഷി സഹകരണവും പ്രഫഷണൽ ശേഷിയും വർധിപ്പിക്കുന്നതിനായി സൗദി അറേബ്യയും സ്പെയിനും സമഗ്രമായ പരിശീലന കരാറിൽ ഒപ്പുവെച്ചു. സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫും സ്പാനിഷ് ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ-മാർലാസ്കയും സ്പെയിൻ തലസ്ഥാനമായ മഡ്രിഡിൽ നടത്തിയ ഔദ്യോഗിക ചർച്ചകൾക്ക് പിന്നാലെയാണ് കരാർ ഒപ്പിട്ടത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ ഏകോപനം മെച്ചപ്പെടുത്തുന്നതിനൊപ്പം പരസ്പര വൈദഗ്ധ്യം പങ്കുവെക്കുക കൂടിയാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത്. പരസ്പര താൽപ്പര്യങ്ങൾ മുൻനിർത്തി സ്പെയിനുമായുള്ള സുരക്ഷാ ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും നിർദ്ദേശിച്ചതായി ചർച്ചയുടെ തുടക്കത്തിൽ സൗദി ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മഡ്രിഡിൽ നടന്ന കൂടിക്കാഴ്ചയിൽ സുപ്രധാനമായ സുരക്ഷാ വെല്ലുവിളികളെ സംയുക്തമായി നേരിടുന്നതിനെക്കുറിച്ച് ഇരു മന്ത്രിമാരും വിശദമായ ചർച്ചകൾ നടത്തി. വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങൾ തടയൽ, കുറ്റവാളികളെ കണ്ടെത്തൽ, അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്-കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലകൾ തകർക്കൽ എന്നിവയ്ക്കൊപ്പം എല്ലാത്തരം ഭീകരവാദങ്ങളെയും തീവ്രവാദ പ്രവർത്തനങ്ങളെയും ശക്തമായി ചെറുക്കാനും യോഗത്തിൽ ധാരണയായി.
ഇതിനായി ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർക്കായി സംയുക്ത പരിശീലന-യോഗ്യതാ പരിപാടികൾ നടപ്പാക്കാനും ഇതിലൂടെ പ്രഫഷനൽ മികവ് വർധിപ്പിക്കാനും പുതിയ കരാർ വഴിയൊരുക്കും.
സ്പെയിനിലെ സൗദി അംബാസഡർ അമീറ ഹൈഫ ബിൻത് അബ്ദുൽ അസീസ് അൽ മുഖ്രിൻ, അസിസ്റ്റൻറ് ആഭ്യന്തര മന്ത്രി ഡോ. ഹിഷാം അൽ ഫാലിഹ് എന്നിവരും ഇരുരാജ്യങ്ങളിലെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും ചർച്ചകളിലും ഔദ്യോഗിക കരാർ ഒപ്പിടൽ ചടങ്ങിലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.