ഇന്ത്യൻ ഖവാലി ഗായകൻ ഉസ്താദ് റഈസ് അനിസ് സബ്രിയും സംഘവും റിയാദിൽ ഖവാലി അവതരിപ്പിക്കുന്നു
റിയാദ്: ഖവാലി സംഗീതത്തിന്റെ നിലക്കാത്ത പ്രവാഹവുമായി റിയാദിലെ കഴിഞ്ഞ രാവിനെ അവിസ്മരണീയമാക്കി പ്രശസ്ത ഇന്ത്യൻ ഖവാലി ഗായകൻ ഉസ്താദ് റഈസ് അനിസ് സബ്രിയും സംഘവും. ഹൃദയ വികാരങ്ങൾ അണപൊട്ടിയൊഴുകിയ ഭക്തിയുടെയും ആത്മീയതയുടെയും ഉന്മാദത്തിലേക്കും പ്രണയാർദ്രമായ ഇഷ്‌ഖിന്റെ ഉത്തുംഗതയിലേക്കും അനുവാചകരെ ആനയിക്കുന്നതായിരുന്നു രാവേറെ നീണ്ടു നിന്ന ഖവാലി സന്ധ്യ.
എംബസി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തോടെ പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ സ്റ്റിയറിംഗ് കമ്മിറ്റിയാണ് 'സുഫിയാനാ മ്യൂസിക്കൽ ശാം' സംഘടിപ്പിച്ചത്. ഇന്ത്യൻ സംസ്കാരത്തിന്റെയും സൂഫി സംഗീതത്തിന്റെയും സമ്പന്നമായ സത്ത സൗദി അറേബ്യയിലേക്ക് കൊണ്ടുവന്നതിന് കമ്മിറ്റിക്ക് നന്ദി പറഞ്ഞ ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാൻ, പ്രവാസികൾക്കിടയിൽ ഇന്ത്യൻ പൈതൃകം ആഘോഷിക്കുന്നതും ഇന്ത്യ-സൗദി സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നതുമായ ഇത്തരം സംരംഭങ്ങളെ പിന്തുണക്കുന്നതിന് എംബസി പ്രതിജ്ഞാബദ്ധമാണെന്നും സദസ്സിനെ അഭിവാദ്യം ചെയ്ത് കൊണ്ട് പറഞ്ഞു. അമ്പാസിഡർ അനിസ് സബ്രിക്ക് ആദരഫലകം കൈമാറി.
ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ റഈസ് അനിസ് സബ്രിക്ക് ആദരഫലകം സമ്മാനിക്കുന്നു
'മേരെ മൗലാ' എന്ന സ്തുതി ഗീതത്തോടെ ആരംഭിച്ച ഖവാലി, ദൈവ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പ്രേമത്തിന്റെയും പ്രകീർത്തനങ്ങളാൽ സമൃദ്ധമായി. ദൈവസ്മരണയില്ലാതെ സമാധാനമില്ല, ദൈവത്തിന്റെ കാരുണ്യത്തിലും ശഹാദത്തിലുമാണ് ആനന്ദം കുടികൊള്ളുന്നത്... പാട്ടിന്റെ ആരോഹണ അവരോഹണങ്ങളിൽ ആവേശം പൂണ്ട അനുവാചകർ ഇഷ്ട ഗായകനെ കറൻസികൾ കൊണ്ട് മൂടി. സഹഗായകരും പക്കമേളക്കാരും മികച്ച പിന്തുണ നൽകി.
സൂഫി സന്യാസി നിസാമുദ്ദീനിന്റെയും സൂഫി കവിയായ അമീർ ഖുസ്രോയുടെയും പാരമ്പര്യം പിന്തുടർന്ന്, ഇന്ത്യയിലെ അജ്മീറിലെ ഖ്വാജ മൊയ്‌നുദ്ദീൻ ചിസ്തിയുടെ ചിസ്തി രംഗിലായിരുന്നു പ്രധാനമായും അദ്ദേഹത്തിന്റെ അവതരണം.'ലോകത്തെ എല്ലാ നാടുകളെയും ഇഷ്ടപ്പെടുന്നുവെങ്കിലും ഹിന്ദുസ്ഥാൻ ഏറ്റവും പ്രിയപ്പെട്ടതാകുന്നതും പ്രേമ സുരഭിലയായ ഗംഗ തൊട്ട് അനേകം ആകർഷണങ്ങൾ പാടി പുകഴ്ത്തിയതും ഹിന്ദുസ്ഥാനന്റെ പരിമളം ഹിന്ദു മുസ്‌ലിം എന്ന ദ്വന്ദങ്ങളാണെ'ന്ന വരികളും കര ഘോഷങ്ങളോടെയാണ് ജനം സ്വീകരിച്ചത്.
പരിശുദ്ധ ഹറമിന്റെ താഴികക്കുടങ്ങളും മക്കയുടെ പൊലിമയും നിലാവും നക്ഷത്രങ്ങളും മദീനയോടുള്ള പ്രണയവുമെല്ലാം ആവാഹിച്ച താജ് ദാരെ ഹറം... ആവോ മദീനെ ചലോ തുടങ്ങിയ വരികൾ ആവേശത്തിരമാലകളാണ് ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സൃഷ്ടിച്ചത്. ജനപ്രിയ ഗാനങ്ങളായ ചിട്ടി ആയി ഹെ, മേരാ പ്രിയ ഘർ ആയി, തേരാ മേരാ പ്യാർ അമൻ തുടങ്ങി ഒട്ടേറെ ഗാനങ്ങളും പാടി അനിസ് സബ്രിയും സംഘവും അനുവാചകരെ ആഹ്ളാദഭരിതരാക്കി.
സംഗീത പ്രേമികളും ഖവാലി കമ്പക്കാരുമായ ഇന്ത്യൻ സമൂഹത്തിന്റെ ഒരു പരിഛേദം തന്നെ പരിപാടി ആസ്വദിക്കാനായി എത്തിയിരുന്നു. ഓൾ ഇന്ത്യ സ്റ്റിയറിംഗ് കമ്മിറ്റി പ്രസിഡന്റ് സൈഗം ഖാൻ സ്വാഗതവും അബ്ദുൽ അഹദ് സിദ്ദീഖി നന്ദിയും പറഞ്ഞു. കേരള പ്രതിനിധികളായ ശിഹാബ് കൊട്ടുകാട്, സലീം മാഹി, സ്റ്റിയറിംഗ് കമ്മിറ്റിയംഗങ്ങൾ, എംബസി ഉദ്യോഗസ്ഥർ, ഇന്ത്യൻ സ്കൂൾ പ്രിസിപ്പൽ മീര റഹ്മാൻ, അസി. പ്രിൻസിപ്പൽ മൈമൂന അബ്ബാസ് എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.