നവോദയ കുടുംബവേദി കുടുംബസംഗമവും വനിതാ ദിനാചരണവും ശബാന പർവീൺ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: നവോദയ കുടുംബവേദി സംഘടിപ്പിച്ച വനിതാദിനാചരണവും കുടുംബസംഗമവും റിയാദ് മോഡേൺ മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ശബാന പർവീൺ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരോഗതിയിലൂടെയും സാമ്പത്തിക സ്വാശ്രയത്തിലൂടെയും മാത്രമേ സ്ത്രീകൾക്ക് സാമൂഹിക പുരോഗതി കൈവരിക്കാൻ കഴിയൂവെന്ന് അവർ പറഞ്ഞു.
വിദ്യാസമ്പന്നയായ സ്ത്രീയിലൂടെ മാത്രമേ സാമൂഹിക പുരോഗതി സാധ്യമാകൂ. മുഖ്യപ്രഭാഷണം നടത്തിയ സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ അസീസ് അനുഭവങ്ങൾ കരുത്തുറ്റതാക്കി കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ സ്ത്രീകൾ അശ്രാന്ത പരിശ്രമം നടത്തണമെന്ന് ആഹ്വാനം ചെയ്തു.
യോഗത്തിൽ റാണി ടീച്ചർ അധ്യക്ഷത വഹിച്ചു. അഞ്ജു ഷാജു സ്വാഗതം പറഞ്ഞു. ആതിര ഗോപൻ വനിതാദിന സന്ദേശം അവതരിപ്പിച്ചു. കുടുംബങ്ങളിലേക്കുപോലും കടന്നുവരുന്ന ഫാഷിസ്റ്റ് വർഗീയ ആശയങ്ങളെ പ്രതിരോധിക്കാൻ സ്ത്രീകൾ രാഷ്ട്രീയ ശക്തിയാർജ്ജിക്കണമെന്ന് ആതിര പറഞ്ഞു. സൗദി ദേശീയ ബാഡ്മിൻറൺ ചാമ്പ്യൻ ഖദീജ നിസ്സയെയും കലാകാരിയും എഴുത്തുകാരിയും മിസ് കേരള മത്സരത്തിൽ മിസ് ടാലൻറഡ് കേരള 2023 ആയി തെരഞ്ഞെടുക്കപ്പെട്ട ഗ്രീഷ്മ ജോയിയെയും ചടങ്ങിൽ ആദരിച്ചു.
നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, കുമ്മിൾ സുധീർ എന്നിവർ സംസാരിച്ചു. യോഗാനന്തരം ഗോപൻ എസ്. കൊല്ലം സംവിധാനം ചെയ്ത സവാക്ക് വെബ്സീരിസ് സിനിമ ഒന്നും രണ്ടും ഭാഗങ്ങൾ പ്രദർശിപ്പിച്ചു. തുടർന്ന് വൈദേഹി നൃത്തവിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തവും റോക്ക് സ്റ്റാർ ടീം അവതരിപ്പിച്ച ഗാനമേളയും, സീന ധനീഷ്, ആഷ്ലിൻ ഫാത്തിമ ഷാജു, ഹായ്യിൻ ഷഹീൻ എന്നിവരുടെ നൃത്തങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.