മക്ക: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്കായി മക്കയിൽ ഇന്ത്യൻ ഹജ്ജ് മിഷൻ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, കോൺസൽ (ഹജ്ജ്) മിസ് സദഫ് ചൗധരി എന്നിവർ മക്കയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു.
തീർത്ഥാടകരുടെ വരവും ഗതാഗത സംവിധാനങ്ങളും സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്റ്റേഷൻ അധികൃതരുമായി ഇവർ ചർച്ച നടത്തി. യാത്രയുടെ ഓരോ ഘട്ടത്തിലും തീർത്ഥാടകർക്ക് മികച്ച പിന്തുണ നൽകാനും പ്രയാസങ്ങളില്ലാത്ത അനുഭവം ഉറപ്പാക്കാനും ഇന്ത്യൻ ഹജ്ജ് മിഷൻ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
മക്കയിൽ ഇന്ത്യൻ തീർഥാടകർക്ക് വേണ്ടിയൊരുക്കിയ സൗകര്യങ്ങൾ കോൺസുലർ ജനറലിന്‍റെ നേതൃത്വത്തിൽ പരിശോധിക്കുന്നു
തീർത്ഥാടകരുടെ താമസസൗകര്യങ്ങൾ പരിശോധിക്കുന്നതിനായി മക്കയിലെ ബിൽഡിങ് നമ്പർ 112-ലും കോൺസൽ ജനറലിന്‍റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. കെട്ടിടത്തിലെ അടിസ്ഥാന സൗകര്യങ്ങളും താമസക്കാർക്കായി ഒരുക്കിയിട്ടുള്ള സേവനങ്ങളും സംഘം സൂക്ഷ്മമായി വിലയിരുത്തി. പുണ്യനഗരത്തിൽ എത്തുന്ന ഓരോ തീർത്ഥാടകനും സുരക്ഷിതവും സുഖകരവുമായ താമസം ഉറപ്പാക്കാൻ ലഭ്യമായ എല്ലാ വിഭവങ്ങളും മിഷൻ പ്രയോജനപ്പെടുത്തുന്നുണ്ട്.
സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ എത്തിയ ആദ്യ ഇന്ത്യൻ തീർത്ഥാടക സംഘത്തിന് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. കോൺസൽ ജനറൽ, കോൺസൽ (ഹജ്ജ്) എന്നിവർക്കൊപ്പം സൗദി അറേബ്യ റെയിൽവേ സി.ഇ.ഒ ഡോ. ബഷാർ ബിൻ ഖാലിദ് അൽ മാലിക്കും സ്വീകരണത്തിന് നേതൃത്വം നൽകി. വിമാനത്താവളത്തിൽ നിന്ന് ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ വഴി മക്കയിലേക്ക് തിരിച്ച തീർത്ഥാടകർ തങ്ങളുടെ പുണ്യ കർമങ്ങൾക്ക് തുടക്കം കുറിച്ചു.
തീർത്ഥാടകരോടുള്ള നിർദ്ദേശങ്ങൾ
ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനും വിശുദ്ധ സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും സാധുവായ ഹജ്ജ് വിസയും ഔദ്യോഗിക പെർമിറ്റും നിർബന്ധമാണ്. വിസിറ്റ് വിസകൾ ഹജ്ജ് നിർവഹിക്കാൻ അനുവദനീയമല്ലെന്ന് അധികൃതർ അറിയിച്ചു. സൗദി മന്ത്രാലയത്തിെൻറ നിയമങ്ങൾ ലംഘിച്ചുള്ള അനധികൃത ഹജ്ജ് ക്രമീകരണങ്ങൾ വഞ്ചിക്കപ്പെടാനും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കും. ഇത്തരം സാഹചര്യങ്ങൾ ഹജ്ജ് കർമങ്ങൾ തടസ്സപ്പെടാൻ കാരണമായേക്കാം. അതിനാൽ അംഗീകൃത ചാനലുകൾ വഴി മാത്രം ഹജ്ജ് നടപടികൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കണം.
പുണ്യസ്ഥലങ്ങളിലും മസ്ജിദുൽ ഹറാമിലും പ്രവേശിക്കുന്നതിന് നുസുക് കാർഡ് നിർബന്ധമായും കൈവശം വെക്കേണ്ടതുണ്ട്. തീർത്ഥാടകർ ഈ കാർഡ് എല്ലായിപ്പോഴും എളുപ്പത്തിൽ കാണാവുന്ന രീതിയിൽ കരുതണം. കൂടാതെ, നുസുക് അല്ലെങ്കിൽ തവക്കൽന ആപ്പുകൾ വഴി ഡിജിറ്റൽ പതിപ്പുകൾ ആക്ടിവേറ്റ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. നിയമങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് സുരക്ഷിതമായ തീർത്ഥാടനം ഉറപ്പാക്കാൻ എല്ലാ തീർത്ഥാടകരും സഹകരിക്കണമെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.