സൗദി പൊതുസുരക്ഷ ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി സൗദി അറേബ്യയിൽ സുരക്ഷ പരിശോധനകൾ ശക്തമാക്കി. ആവശ്യമായ പെർമിറ്റുകളില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ച 3,66,000 ത്തിലധികം പേരെ വിവിധ ഭാഗങ്ങളിൽനിന്ന് തിരിച്ചയച്ചതായി സൗദി പൊതുസുരക്ഷ ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു. കൂടാതെ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ 217 ലധികം വ്യാജ ഹജ്ജ് കാമ്പയിനുകൾ കണ്ടെത്തി നിയമനടപടികൾ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. മക്കയിൽ ഹജ്ജ് സുരക്ഷാസേനാ തലവന്മാർ പങ്കെടുത്ത വാർത്തസമ്മേളനത്തിൽ ഹജ്ജിെൻറ സുരക്ഷ, ഗതാഗതം, സംഘടനാപരമായ ഒരുക്കങ്ങൾ എന്നിവ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുല നിയന്ത്രണങ്ങളാണ് പുണ്യസ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കൃത്യമായ പെർമിറ്റില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,40,000 ത്തിലധികം വാഹനങ്ങൾ അതിർത്തികളിൽനിന്ന് തിരിച്ചയച്ചു.
ചട്ടങ്ങൾ ലംഘിച്ച 1,162 വാഹനങ്ങൾ സുരക്ഷസേന പിടിച്ചെടുത്തിട്ടുണ്ട്. മക്കയിലേക്ക് അനധികൃതമായി ആളുകളെ കടത്തിയ 9,654 വാഹനങ്ങളും, തൊഴിൽ-അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിച്ച് മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 7,733 പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു. നിയമം ലംഘിച്ച് ആളുകളെ മക്കയിലെത്തിച്ച 217 ഡ്രൈവർമാരെയും, മക്കയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്ത വിസകളുള്ള യാത്രക്കാരെ കൊണ്ടുവന്ന 179 ഡ്രൈവർമാരെയും സുരക്ഷ വിഭാഗം അറസ്റ്റ് ചെയ്തു. ഹജ്ജ് പെർമിറ്റില്ലാതെ ഇഹ്റാം വസ്ത്രം ധരിച്ചെത്തിയ 962 പേരെയാണ് പരിശോധനകളിൽ കണ്ടെത്തിയത്. ചട്ടങ്ങൾ ലംഘിച്ച ഓരോ വ്യക്തിക്കും 20,000 സൗദി റിയാൽ വീതം പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിച്ചതിന് മക്കയിൽനിന്നുമാത്രം ഇതുവരെ 1,15,000 പേരെ പിടികൂടിയതായും പൊതുസുരക്ഷ മേധാവി അറിയിച്ചു.
‘തീർഥാടകരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന’
ഹജ്ജ് സീസണിെൻറ പവിത്രത തകർക്കുന്നതോ നിയമാനുസൃത ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിക്കുന്നതോ ആയ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി കർശന മുന്നറിയിപ്പ് നൽകി. തീർഥാടകർ മക്കയിലെത്തുന്നത് മുതൽ മടങ്ങുന്നത് വരെ സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷം ഒരുക്കുകയെന്നതാണ് സുരക്ഷപദ്ധതികളുടെ പ്രധാനലക്ഷ്യം. സുപ്രീം ഹജ്ജ് കമ്മിറ്റിയുടെയും വിവിധ സർക്കാർ ഏജൻസികളുടെയും മേൽനോട്ടത്തിൽ സംയോജിതമായാണ് സുരക്ഷ സേവനങ്ങൾ പ്രവർത്തിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട്, ഫീൽഡിലുള്ള സുരക്ഷ ഉദ്യോഗസ്ഥരുമായി പൂർണമായി ഏകോപിപ്പിച്ചാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ മികവോടെ തമ്പുകളുടെ നഗരം
മക്ക: ലോകത്തിലെ ഏറ്റവും വലിയ തമ്പുകളുടെ നഗരമായ മിന, ഇത്തവണ കൂടുതൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഹാജിമാരെ വരവേൽക്കുന്നത്. 25 ലക്ഷം ചതുരശ്ര മീറ്ററിലായി പരന്നുകിടക്കുന്ന മിനായിൽ രണ്ട് ലക്ഷത്തോളം തമ്പുകളാണുള്ളത്. കിദാന കമ്പനിയുടെ നേതൃത്വത്തിൽ ഇത്തവണ തമ്പുകളിലെ ശീതീകരണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. മിനാ ടവറുകൾക്ക് പുറമേ, പഞ്ചനക്ഷത്ര ഹോട്ടലുകളോട് കിടപിടിക്കുന്ന ഹൈടെക് സൗകര്യങ്ങളുള്ള കിദാന ടവറുകളും തീർഥാടകർക്കായി സജ്ജമാക്കിയിട്ടുണ്ട്. ഈ ടവറുകളിൽ മാത്രം 30,000 പേർക്ക് താമസിക്കാൻ കഴിയും.
സുരക്ഷ ശക്തം
മക്ക: ഹജ്ജ് സുഗമമാക്കുന്നതിനായി മക്കയും പുണ്യസ്ഥലങ്ങളും പൂർണമായും സുരക്ഷസേനയുടെയും സൈന്യത്തിെൻറയും നിയന്ത്രണത്തിലാണ്. ഗതാഗത രംഗത്തടക്കം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ അനധികൃത തീർഥാടനം തടയുന്നതിനായി സൗദി അധികൃതർ നടത്തിയ സുരക്ഷ കാമ്പയിൻ വൻ വിജയമായിരുന്നു. ഹജ്ജ് പെർമിറ്റില്ലാതെ പുണ്യഭൂമിയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് ലക്ഷത്തിലധികം പേരെയാണ് അധികൃതർ പിടികൂടി തിരിച്ചയച്ചത്. എല്ലാ തീർഥാടകരും സുരക്ഷിതരായി ഹജ്ജ് പൂർത്തിയാക്കി മടങ്ങുന്നതുവരെ സുരക്ഷാ സേന കാവലായി തുടരും.
കടുത്ത ചൂട് ജാഗ്രത നിർദേശം
മക്ക: ഹജ്ജ് ദിനങ്ങളിൽ കടുത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീർഥാടകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഈ കാലാവസ്ഥയാണ്. ഈ സാഹചര്യത്തിൽ ഹാജിമാർ രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. അന്തരീക്ഷം തണുപ്പിക്കുന്നതിനായി മിനായിലും അറഫയിലും റോഡുകളിൽ ഉൾപ്പെടെ പ്രത്യേക വാട്ടർ മിസ്റ്റ് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ഹജ്ജ് മന്ത്രാലയവും പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷിതവും സുഗമവുമായ തീർഥാടനം ഉറപ്പാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയാണ് സൗദി ഭരണകൂടം ദൈവത്തിന്റെ അതിഥികളെ ഹജ്ജിലേക്ക് സ്വാഗതം ചെയ്യുന്നത്.
ഹജ്ജ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കൽ ‘സദ്യ’യുടെ സ്മാർട്ട് മൊബൈൽ ഓപറേഷൻ സെന്ററുകൾ സജ്ജം
സദ്യ സ്മാർട്ട് മൊബൈൽ ഓപറേഷൻ സെന്റർ
റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസൺ കുറ്റമറ്റ രീതിയിൽ ഏകോപിപ്പിക്കുന്നതിനായി സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി (സദ്യ) സ്മാർട്ട് മൊബൈൽ ഓപറേഷൻ സെൻററുകളുടെ പ്രവർത്തനം സജീവമാക്കി. ഹജ്ജ് കർമങ്ങളുമായി ബന്ധപ്പെട്ട് രംഗത്തുള്ള വിവിധ സർക്കാർ ഏജൻസികളുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുകയാണ് ഇതിെൻറ പ്രധാന ലക്ഷ്യം. അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ വേഗം വർധിപ്പിക്കാനും, തത്സമയ ഡേറ്റയും പ്രവർത്തന സൂചകങ്ങളും കൃത്യമായി വിശകലനം ചെയ്ത് സുപ്രധാന തീരുമാനങ്ങൾ സമയബന്ധിതമായി കൈക്കൊള്ളാനും ഈ സംവിധാനം ഏറെ സഹായകരമാകും. തീർഥാടകരുടെ സുഗമമായ യാത്രയും സുരക്ഷയും ഉറപ്പാക്കാൻ ‘സദ്യ’ ഒരുക്കിയിട്ടുള്ള അത്യാധുനിക സാങ്കേതിക പരിഹാരങ്ങളിൽ ഒന്നാണ് ഈ മൊബൈൽ ഓപറേഷൻ സെന്ററുകൾ.
പ്രധാന കേന്ദ്രങ്ങളിലും പുണ്യസ്ഥലങ്ങളിലും നടക്കുന്ന ഫീൽഡ് പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്കും ഇതിലൂടെ സാധിക്കും. കാര്യക്ഷമമായ പ്രവർത്തന മാനേജ്മെന്റിനെ പിന്തുണക്കുന്ന വിപുല നിരീക്ഷണ-വിശകലന സംവിധാനങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ‘സദ്യ’യുടെ പ്രധാന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുമായി ബന്ധിപ്പിച്ചിട്ടുള്ള ഒന്നിലധികം കേന്ദ്രീകൃത സംവിധാനങ്ങൾ ഈ മൊബൈൽ സെന്ററുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഡേറ്റ സൂചകങ്ങൾ, നെറ്റ്വർക്കുകൾ, വിവര സുരക്ഷ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള നൂതന സാങ്കേതികവിദ്യകൾ ഇതിലുണ്ട്. കൂടാതെ, ഫീൽഡ് തലത്തിലെ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനും തത്സമയം കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും സഹായിക്കുന്ന സ്മാർട്ട് കാമറകളും ഇന്ററാക്ടിവ് കൺട്രോൾ പാനലുകളും ഈ ഓപറേഷൻ സെന്ററുകളുടെ സവിശേഷതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.