ബുറൈദ: സൗദി അറേബ്യയിലെ അൽ ഖസീം സർവകലാശാല മെഡിക്കൽ സിറ്റിയിലെ വിദഗ്ധ ശസ്ത്രക്രിയ സംഘം ചരിത്രപരമായ മെഡിക്കൽ നേട്ടം കൈവരിച്ചു. രണ്ട് കാലുകൾക്കും കടുത്ത തളർച്ചയും സ്പർശനശേഷി കുറയുന്നതുമുൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവിച്ചിരുന്ന 26 വയസ്സുള്ള യുവതിയുടെ സുഷുമ്നാ നാഡിയിൽ ബാധിച്ച സങ്കീർണമായ ട്യൂമർ വിജയകരമായി നീക്കം ചെയ്തു. സുഷുമ്നാ നാഡിയിലെ ട്യൂമർ നീക്കം ചെയ്യുന്നതിനായി ഖസീം മെഡിക്കൽ സിറ്റിയിൽ നടക്കുന്ന ആദ്യ ശസ്ത്രക്രിയയാണിത്.
രോഗിയുടെ 10ാമത്തെ തൊറാസിക് വെർട്ടിബ്ര ലെവലിൽ സുഷുമ്നാ നാഡിയെ കടുത്ത രീതിയിൽ അമർത്തുന്ന അവസ്ഥയിലായിരുന്നു ട്യൂമർ. വിശദമായ പരിശോധനകളിൽ ട്യൂമർ നാഡി കോശങ്ങളെ നേരിട്ട് ബാധിക്കുന്നതായി സ്ഥിരീകരിച്ചു. പക്ഷാഘാതം സംഭവിക്കാനുള്ള കടുത്ത സാധ്യത നിലനിന്നിരുന്നതിനാൽ, ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയക്ക് തീരുമാനിക്കുകയായിരുന്നു.
ന്യൂറോ സർജറി കൺസൾട്ടൻറ് ഡോ. അബ്ദുല്ല അൽ ഖമീസ്, അനസ്തെേഷ്യ കൺസൾട്ടൻറ് ഡോ. റഷാ സൈദാൻ എന്നിവരുടെ സംയുക്ത നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഈ സങ്കീർണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സർജിക്കൽ മൈക്രോസ്കോപ്പും, നാഡീസംബന്ധമായ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ ഓപറേഷൻ സമയത്ത് നാഡികളുടെ പ്രവർത്തനം തത്സമയം നിരീക്ഷിക്കുന്ന ‘ഇൻട്രാഓപറേറ്റീവ് ന്യൂറോമോണിറ്ററിങ്’ സാങ്കേതികവിദ്യയും ശസ്ത്രക്രിയയ്ക്കായി പ്രയോജനപ്പെടുത്തി.
കശേരുവിൽ ചെറിയൊരു ദ്വാരമുണ്ടാക്കി അസ്ഥിയുടെ ഒരു ഭാഗം നീക്കം ചെയ്താണ് ഡോക്ടർമാർ സുഷുമ്നാ നാഡിയിലേക്ക് പ്രവേശിച്ചത്. തുടർന്ന് ചുറ്റുമുള്ള നാഡീകോശങ്ങൾക്ക് കേടുപാടുകൾ വരുത്താതെ ട്യൂമർ പൂർണമായി നീക്കം ചെയ്തു. അതീവ അപകടസാധ്യതയുള്ള ഒന്നായിരുന്നു ഈ സർജറി. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനിലയിൽ വേഗത്തിൽ പുരോഗതിയുണ്ടായ യുവതി, മൂന്നാം ദിവസം തന്നെ ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങി.
ഖസീം യൂനിവേഴ്സിറ്റി മെഡിക്കൽ സിറ്റിയിൽ ആദ്യമായാണ് ഇത്തരമൊരു സങ്കീർണ ശസ്ത്രക്രിയ നടക്കുന്നത്. ഇത് ഇവിടുത്തെ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുടെയും സ്പെഷലൈസ്ഡ് വൈദഗ്ധ്യത്തിെൻറയും നിരന്തരമായ വളർച്ചയെ അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.