റിയാദ്: അന്താരാഷ്ട്ര ശാസ്ത്ര വേദിയിൽ മികച്ച മുന്നേറ്റവുമായി സൗദി അറേബ്യയിലെ വിദ്യാർഥികൾ. ലിത്വാനിയയിൽ നടന്ന അന്താരാഷ്ട്ര ബയോളജി ഒളിമ്പ്യാഡിലും, ഉസ്ബെക്കിസ്താൻ തലസ്ഥാനമായ താഷ്കൻറിൽ നടന്ന 58-ാമത് അന്താരാഷ്ട്ര കെമിസ്ട്രി ഒളിമ്പ്യാഡിലുമായി സൗദി വിദ്യാർഥികൾ എട്ട് അന്താരാഷ്ട്ര പുരസ്കാരങ്ങൾ കൂടി കരസ്ഥമാക്കി.
ആഗോള തലത്തിൽ രാജ്യത്തിെൻറ ശാസ്ത്രീയ സാന്നിധ്യം ഉറപ്പിക്കുന്നതാണ് ഈ പുതിയ നേട്ടം. ലിത്വാനിയയിൽ നടന്ന അന്താരാഷ്ട്ര ബയോളജി ഒളിമ്പ്യാഡിൽ ഒരു വെള്ളി മെഡലും രണ്ട് വെങ്കല മെഡലുകളും ഒരു പ്രശംസാ പത്രവുമടക്കം നാല് പുരസ്കാരങ്ങളാണ് സൗദി സഖ്യം നേടിയത്. ഇതിനുപുറമേ, ജൂലൈ 10 മുതൽ 19 വരെ താഷ്കൻറിൽ നടന്ന അന്താരാഷ്ട്ര കെമിസ്ട്രി ഒളിമ്പ്യാഡിലും സൗദി കെമിസ്ട്രി ടീം നാല് അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി തിളങ്ങി.
92 രാജ്യങ്ങളിൽ നിന്നായി 363 വിദ്യാർഥികൾ പങ്കെടുത്ത ഈ കടുത്ത മത്സരത്തിലാണ് സൗദി വിദ്യാർഥികൾ ഈ അഭിമാന നേട്ടം കൊയ്തത്. ഈ വർഷത്തെ പുരസ്കാരങ്ങളോടെ അന്താരാഷ്ട്ര കെമിസ്ട്രി ഒളിമ്പ്യാഡിെൻറ ചരിത്രത്തിൽ സൗദി അറേബ്യ നേടിയ ആകെ പുരസ്കാരങ്ങളുടെ എണ്ണം 53 ആയി ഉയർന്നു. 17 വെള്ളി മെഡലുകൾ, 34 വെങ്കല മെഡലുകൾ, രണ്ട് പ്രശംസാ പത്രങ്ങൾ എന്നിവയാണ് ഇതുവരെയുള്ള സൗദിയുടെ കെമിസ്ട്രി ഒളിമ്പ്യാഡ് നേട്ടങ്ങൾ.
‘കിങ് അബ്ദുൽ അസീസ് ആൻഡ് ഹിസ് കംപാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്നെസ് ആൻസ് ക്രിയേറ്റിവിറ്റി’ (മൗഹിബ) രാജ്യാന്തര ഒളിമ്പ്യാഡ് പ്രോഗ്രാമിെൻറ ഭാഗമായി, സൗദി വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഒരു വർഷത്തോളമായി നൽകിവന്ന തീവ്ര പരിശീലനമാണ് വിദ്യാർഥികളെ ഈ ഉന്നത വിജയത്തിലേക്ക് നയിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള പരിശീലന ക്യാമ്പുകളിലൂടെയും ഫോറങ്ങളിലൂടെയും അന്താരാഷ്ട്ര-ദേശീയ തലത്തിലെ പ്രമുഖ വിദഗ്ധരുടെയും ട്രെയിനർമാരുടെയും മേൽനോട്ടത്തിലായിരുന്നു പരിശീലനം. തിയറിയും പ്രായോഗിക നൈപുണ്യങ്ങളും ഒരേപോലെ സമന്വയിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഈ കോഴ്സുകൾ.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായ സൈദ്ധാന്തിക അറിവ്, മികച്ച പ്രായോഗിക നൈപുണ്യങ്ങൾ, കൃത്യമായ വിശകലന ശേഷി, അതിവേഗ പ്രശ്നപരിഹാര കഴിവ് എന്നിവയാണ് വിദ്യാർഥികൾ മത്സരത്തിൽ പ്രകടിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര വേദികളിലൊന്നിൽ മത്സരിക്കാൻ തക്കവണ്ണം സൗദി വിദ്യാർഥികൾ കൈവരിച്ച ഉന്നതമായ ശാസ്ത്രീയ നിലവാരത്തെയാണ് ഈ വിജയം പ്രതിഫലിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള പ്രതിഭാധനരായ വിദ്യാർഥികളെ ഓരോ വർഷവും ഒന്നിപ്പിക്കുന്ന കെമിസ്ട്രി മേഖലയിലെ ഏറ്റവും പ്രമുഖമായ ആഗോള ശാസ്ത്ര മത്സരങ്ങളിലൊന്നാണ് അന്താരാഷ്ട്ര കെമിസ്ട്രി ഒളിമ്പ്യാഡ്. ആഗോള തലത്തിൽ ശാസ്ത്രീയ സഹകരണം വളർത്തുക, പരസ്പരം അനുഭവങ്ങൾ പങ്കുവെക്കുക എന്നിവയാണ് ഈ മത്സരം പ്രധാനമായും ലക്ഷ്യമിടുന്നത്. അതോടൊപ്പം, മനുഷ്യരാശിയുടെ നിലനിൽപ്പിന് ആവശ്യമായ ആരോഗ്യം, ഊർജ്ജം, പരിസ്ഥിതി, വ്യവസായം എന്നീ മേഖലകളിൽ നേരിടുന്ന വെല്ലുവിളികൾക്ക് രസതന്ത്രത്തിലൂടെ നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ യുവതലമുറയുടെ പങ്ക് എടുത്തുയർത്താനും ഈ ഒളിമ്പ്യാഡ് വേദിയൊരുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.