റിയാദ്: ആഗോള വിദേശ നേരിട്ടുള്ള നിക്ഷേപത്തെ ആകർഷിക്കുന്നതിൽ വൻ മുന്നേറ്റവുമായി സൗദി അറേബ്യ. ഐക്യരാഷ്ട്രസഭയുടെ വ്യാപാര-വികസന കോൺഫറൻസ് പുറത്തുവിട്ട ‘വേൾഡ് ഇൻവെസ്റ്റ്മെൻറ് റിപ്പോർട്ട് 2025’ പ്രകാരം, വിദേശ നിക്ഷേപം സ്വീകരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിൽ സൗദി അറേബ്യ 13-ാം സ്ഥാനത്തെത്തി.
2024-ൽ പട്ടികയിൽ 17-ാം സ്ഥാനത്തായിരുന്ന രാജ്യം, ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. രാജ്യത്തിലേക്കുള്ള വിദേശ നേരിട്ടുള്ള നിക്ഷേപത്തിെൻറ അറ്റ ഒഴുക്ക് 2025-ൽ 32.6 ബില്യൺ ഡോളറായി ഉയർന്നതായി യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024-ൽ ഇത് 21.3 ബില്യൺ ഡോളറായിരുന്നു. ഒറ്റവർഷം കൊണ്ട് ഏകദേശം 53 ശതമാനത്തിെൻറ മികച്ച വളർച്ചയാണ് വിദേശ നിക്ഷേപത്തിൽ രേഖപ്പെടുത്തിയത്. ഇതോടെ സൗദി അറേബ്യയിലെ ആകെ വിദേശ നിക്ഷേപ സമാഹാരം 293.3 ബില്യൺ ഡോളറായി വർദ്ധിക്കുകയും ചെയ്തു.
സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി രാജ്യം കൈവരിച്ച സാമ്പത്തിക സുസ്ഥിരതയും വർദ്ധിച്ചുവരുന്ന വിപണി ആകർഷണീയതയുമാണ് ഈ മുന്നേറ്റത്തിന് ആധാരമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഊർജം, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതികവിദ്യ, നൂതന വ്യവസായങ്ങൾ, ലോജിസ്റ്റിക്സ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് വിദേശ നിക്ഷേപകർ പ്രധാനമായും താല്പര്യം പ്രകടിപ്പിക്കുന്നത്.
സൗദി അറേബ്യയുടെ നിക്ഷേപ അന്തരീക്ഷത്തിലും, ചരിത്രപരമായ നിയമനിർമാണ പരിഷ്കാരങ്ങളിലും അന്താരാഷ്ട്ര ബിസിനസ് സമൂഹത്തിനുള്ള ദൃഢമായ വിശ്വാസമാണ് ഈ പ്രകടനം പ്രതിഫലിപ്പിക്കുന്നത്. വൻകിട സർക്കാർ പദ്ധതികളും ആഭ്യന്തര-വിദേശ മൂലധനവും തമ്മിലുള്ള വ്യവസ്ഥാപിതമായ ഏകോപനത്തിലൂടെ തന്ത്രപ്രധാന നിക്ഷേപകർക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാൻ രാജ്യം അനുകൂല സാഹചര്യമൊരുക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യം കൈവരിച്ച സുസ്ഥിര വികസനവും ‘ദേശീയ നിക്ഷേപ തന്ത്രത്തിെൻറ’ വിജയവുമാണ് യുഎൻ റിപ്പോർട്ട് അടിവരയിടുന്നത്. ലളിതമായ നടപടിക്രമങ്ങളിലൂടെ നിക്ഷേപകർക്ക് സൗദി വിപണിയിലേക്ക് പ്രവേശനം സുഗമമാക്കുന്ന നിരവധി പദ്ധതികളാണ് നിക്ഷേപ അന്തരീക്ഷത്തിെൻറ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനായി രാജ്യം വിജയകരമായി നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.