ദമ്മാം കിങ് അബ്ദുൽ അസീസ് തുറമുഖം
ദമ്മാം: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ-വാതക ഗതാഗത പാതകളിലൊന്നായ ഹുർമുസ് കടലിടുക്കിൽ സംഘർഷം വർദ്ധിക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, ചരക്ക് നീക്കത്തിനായി ബദൽ സംവിധാനങ്ങൾ ഒരുക്കി സൗദി അറേബ്യ. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ പാതയിലെ അനിശ്ചിതത്വം മറികടക്കാൻ ചെങ്കടൽ തുറമുഖങ്ങളെ പ്രധാന ഇടനാഴിയായി ഉപയോഗപ്പെടുത്താനാണ് സൗദി പോർട്ട് അതോറിറ്റിയുടെ നീക്കം. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ തന്നെ ഗൾഫ് ചരക്കുകൾ ആഗോള വിപണിയിൽ എത്തിക്കാൻ ഈ പുതിയ മാർഗം സഹായകമാകും.
മേഖലയിലെ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി, അറേബ്യൻ ഗൾഫ് തുറമുഖങ്ങളിൽ നിന്നുള്ള ഷിപ്പിങ് ചെങ്കടൽ വഴി തിരിച്ചുവിടാനുള്ള നടപടികൾ ഈ മാസം ആദ്യം മുതൽ സൗദി പോർട്ട് അതോറിറ്റി ആരംഭിച്ചിരുന്നു. ഈ നീക്കം ഇതിനകം തന്നെ വിജയകരമാണെന്നാണ് സൂചനകൾ. ഇതിന്റെ ഭാഗമായി സൗദിയിലെ കിഴക്കൻ മേഖലയിലെ തുറമുഖത്തു നിന്നും ബഹ്‌റൈനിലേക്കും ഷാർജയിലേക്കും കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് പുതിയ ജലപാതകൾ ആരംഭിച്ചു. 3,000 സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ വരെ വഹിക്കാൻ ശേഷിയുള്ള കപ്പൽ ഉപയോഗിച്ച് ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തെ ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖവുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. സമാനമായ ഷട്ടിൽ സർവീസാണ് ഷാർജയുമായും ആരംഭിച്ചിട്ടുള്ളത്. ഈ പുതിയ ഇടനാഴികൾ വഴി രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുമുള്ള ചരക്കുകൾ ജിദ്ദ ഇസ്ലാമിക് തുറമുഖത്തേക്കും മറ്റ് ചെങ്കടൽ തുറമുഖങ്ങളിലേക്കും എളുപ്പത്തിൽ എത്തിക്കാൻ സാധിക്കും.നിലവിലെ സാഹചര്യത്തിൽ ജലപാതകളിലെ നിയന്ത്രണങ്ങളും യാത്രാ നിരക്ക് വർദ്ധനയും ഷിപ്പിങ് കമ്പനികളെ പ്രതിസന്ധിയിലാക്കിയപ്പോഴാണ് സൗദി പോർട്ട് അതോറിറ്റി (മവാനി) ഇടപെട്ട് സമുദ്ര ബന്ധം മെച്ചപ്പെടുത്തിയത്. ഇതോടെ ദമ്മാം പോർട്ടിനെ മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്കും വേഗത കൂടിയിട്ടുണ്ട്.
43 ബെർത്തുകളും 10.5 കോടി ടൺ വരെ ചരക്കുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുമുള്ള ദമ്മാം കിങ് അബ്ദുൽ അസീസ് തുറമുഖം സൗദിയുടെ സാമ്പത്തിക ഭൂപടത്തിൽ നിർണായകമാണ്. അറേബ്യൻ ഗൾഫിൽ പ്രവർത്തിക്കുന്ന കപ്പലുകൾക്ക് പോർട്ട് അതോറിറ്റി ഇപ്പോൾ കൂടുതൽ പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്. കപ്പലുകൾക്ക് ആവശ്യമായ ഭക്ഷണം, വൈദ്യസഹായം, ക്രൂ ചേഞ്ച് സേവനങ്ങൾ, ബങ്കറിങ്, ജലവിതരണം തുടങ്ങിയ പ്രവർത്തന പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. കിഴക്കൻ മേഖലയിലെ തുറമുഖങ്ങളിലുടനീളം സംയോജിത സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ, ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും തടസ്സമില്ലാത്ത ചരക്ക് നീക്കം ഉറപ്പാക്കാനും ഒരു തന്ത്രപരമായ ലോജിസ്റ്റിക് ഹബ്ബായി രാജ്യത്തെ മാറ്റാനുമാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.