തനിമ സെൻട്രൽ പ്രൊവിൻസ് റിയാദിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ എക്സിക്യൂട്ടീവ് അംഗം റഹ്മത്തെ ഇലാഹി സംസാരിക്കുന്നു
റിയാദ്: മനുഷ്യർക്കിടയിലും സമുദായങ്ങൾക്കിടയിലും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളാനും പൊതുതാൽപര്യങ്ങൾക്ക് വേണ്ടി ഒരുമയോടെ മുന്നേറാനും തനിമ കലാസാംസ്കാരിക വേദി ഒരുക്കിയ ഇഫ്താർ സംഗമം ആഹ്വാനം ചെയ്തു.
റിയാദിലെ വിവിധ സംഘടന നേതാക്കൾ, സാമൂഹിക സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് തനിമ സെൻട്രൽ പ്രൊവിൻസ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പ്രൊവിൻസ് പ്രസിഡൻറ് സിദ്ദീഖ് ജമാൽ അധ്യക്ഷത വഹിച്ചു. അഡ്വൈസറി കൗൺസിൽ അംഗം റഹ്മത്തെ ഇലാഹി റമദാൻ സന്ദേശം നൽകി.
പുതിയ സാഹചര്യങ്ങൾ മുന്നിൽ വരുമ്പോൾ ദുർബലരായി മാറരുതെന്നും ‘ശാഹീൻബാഗു’കൾ വീണ്ടും സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആത്മവിശുദ്ധി മാത്രമല്ല, പോരാടാനുള്ള കരുത്തു കൂടിയാണ് റമദാൻ പ്രദാനം ചെയ്യുന്നത്. ഫറോവയും ഹിറ്റ്ലരും മുസ്സോളിനിയും തുടങ്ങിവെച്ച ഫാഷിസ്റ്റ് ഭീകര പ്രവർത്തനങ്ങൾ ചരിത്രത്തിൽ ആവർത്തിച്ചു കൊണ്ടേയിരിക്കും.
അതിനോട് പ്രതികരിക്കാനും പ്രതിരോധിക്കാനുമുള്ള ശക്തി റമദാനിലെ വ്രതനാളുകളിൽനിന്നും വിശ്വാസികളുടെ കൂടിച്ചേരലുകളിൽനിന്നും ആർജിക്കണം.
ധാനധർമങ്ങൾ ഒഴുകുന്ന മാസം, അപരന് വെളിച്ചം പകരേണ്ട മാസം, സ്നേഹവും സാഹോദര്യവും പങ്കിടേണ്ട മാസം സവിശേഷതകൾ ഏറെയുള്ള ഈ സമയം സഹനത്തോടെയും ധീരതയുടെയും മുന്നോട്ട് പോകാൻ അദ്ദേഹം പ്രവാസി നേതാക്കളെ ഉദ്ബോധിപ്പിച്ചു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ റിയാദിലെ നൂറോളം നേതാക്കൾ സംബന്ധിച്ചു.
വിദ്യാർഥിയായ ഫഹ്മി താജ് ഖിറാഅത്ത് നിർവഹിച്ചു. പ്രൊവിൻസ് സെക്രട്ടറി ആസിഫ് കക്കോടി നന്ദി പറഞ്ഞു. ലത്തീഫ് ഓമശ്ശേരി, സലിം മാഹി, അഷ്ഫാഖ് കക്കോടി, ഫൈസൽ കൊല്ലം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.