സൗദിയിൽ ഇഖാമ ലെവി കുടിശ്ശിക അടക്കാതെ സ്‌പോൺസർഷിപ്പ് മാറാം

ജിദ്ദ: ഇഖാമ (താമസരേഖ) ലെവി (വർക്ക് പെർമിറ്റ് ഫീസ്) കുടിശ്ശിക അടക്കാതെ സ്‌പോൺസർഷിപ്പ് മാറാനുള്ള സൗകര്യം രാജ്യത്ത് തൊഴിലെടുക്കുന്ന മുഴുവൻ വിദേശികൾക്കും ലഭ്യമാക്കിയതായി സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇഖാമ പുതുക്കാത്ത തൊഴിലാളികൾക്ക് സ്വന്തംനിലയിൽ തൊഴില്‍മന്ത്രാലയത്തിന്റെ 'ഖിവ' പോർട്ടലിൽ പ്രവേശിച്ച് പുതിയ തൊഴിലുടമയുടെ പേരിലേക്ക് മാറാവുന്നതാണ്. നേരത്തെ ഈ സൗകര്യം വ്യക്തിഗത സ്പോൺസർഷിപ്പിലുള്ള തൊഴിലാളികൾക്ക് മാത്രമായിരുന്നു. പുതിയ പ്രഖ്യാപനത്തോടെ നിയമം എല്ലാ സ്വകാര്യസ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിനും ബാധകമാക്കിയിട്ടുണ്ട്. പുതിയ വ്യവസ്ഥപ്രകാരം നിലവിലെ തൊഴിലുടമകള്‍ തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ നിര്‍ബന്ധിതരാകും.

ഇല്ലെങ്കിൽ തൊഴിലാളികൾ സ്വന്തംനിലക്ക് സ്‌പോൺസർഷിപ്പ് മാറാനുള്ള അനുവാദം നേരത്തെ നിലവിലുണ്ട്. ഇങ്ങനെ തൊഴിലാളി സ്‌പോൺസർഷിപ്പ് മാറുന്നതോടെ ആ തൊഴിലാളിയുടെ മേലുള്ള മുഴുവൻ ലെവി കുടിശ്ശികയും പഴയ സ്പോൺസർ തന്നെ അടക്കേണ്ടിവരും. സ്‌പോൺസർഷിപ്പ് മാറിയത് മുതലുള്ള ലെവിയും മറ്റ് ഫീസുകളും മാത്രമേ പുതിയ തൊഴിലുടമ അടക്കേണ്ടതുള്ളൂ. സ്‌പോൺസർഷിപ്പ് മാറുന്നതിന് പുതിയ തൊഴിലുടമ തൊഴിലാളിയെ ആവശ്യമുണ്ടെന്ന അപേക്ഷ അയക്കണം. ഇതോടെ തൊഴിലാളിക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ ഖിവ പോർട്ടലിൽ പ്രവേശിച്ച് സ്‌പോൺസർഷിപ്പ് മാറാവുന്നതാണ്. പഴയ തൊഴിലുടമ അടക്കാത്ത ലെവിയും ഇഖാമ ഫീസും അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിലനിര്‍ത്തി പുതിയ തൊഴിലുടമയിലേക്ക് മാറുന്നു എന്ന ഒപ്ഷനാണ് ഖിവ പോർട്ടലിൽ തൊഴിലാളികൾ തെരഞ്ഞെടുക്കേണ്ടത്.

തൊഴിൽ പരിവർത്തന സംവിധാനത്തിന്റെ രണ്ടാംഘട്ട ഭേദഗതിയിലാണ് മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം. ആകർഷകമായ തൊഴിൽ വിപണി സൃഷ്ടിക്കുന്നതിനായി സ്ഥാപനങ്ങൾക്കിടയിലുള്ള തൊഴിൽ കൈമാറ്റ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമാണ് ഈ പരിഷ്‌ക്കാരം. പുതിയ പ്രഖ്യാപനം ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമേകും. നിരവധി തൊഴിലാളികളാണ് തങ്ങളുടെ ഇഖാമ ലെവി കുടിശ്ശിക നിലവിലെ തൊഴിലുടമ അടക്കാത്തതിനാൽ ഇഖാമ പുതുക്കാതെയും റീ-എൻട്രിയിൽ നാട്ടിലേക്കു പോവാൻ സാധിക്കാതെയും കാത്തിരിക്കുന്നത്. ഇങ്ങനെയുള്ളവർക്ക് പുതിയ സ്‌പോൺസറെ കണ്ടെത്തി സ്വന്തം നിലക്ക് ഇഖാമ മാറ്റി രേഖകൾ നിയമാനുസൃതമാക്കാവുന്നതാണ്.

Tags:    
News Summary - Sponsorship can be changed without paying Iqama Levy dues in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.