യൂനുസ് / യൂനുസുമായി സൈഫുദീൻ പൊറ്റശ്ശേരി വിഡിയോ കോളിൽ സംസാരിക്കുന്നു

അവധിക്ക് പോയി മടങ്ങാൻ കഴിയാതിരുന്ന ജീവനക്കാരനെ കണ്ടെത്തി എട്ടുലക്ഷത്തോളം രൂപ തിരികെ നൽകി സ്പോൺസർ

ജുബൈൽ : അവധിക്ക് നാട്ടിൽപോയി പോയി മടങ്ങാൻ കഴിയാതിരുന്ന ജീവനക്കാരനെ ശ്രമപ്പെട്ട് കണ്ടെത്തി എട്ടുലക്ഷത്തോളം രൂപ സ്പോൺസർ തിരികെ നൽകി. ജമ്മുകാശ്മീർ മാങ്കോട്ട് മേന്ദർ സ്വദേശി മുഹമ്മദ് യൂനുസിനാണ് നഷ്ടപെട്ടുവെന്നുകരുതിയ പണം ഇന്ത്യൻ എംബസിയുടെയും ജുബൈലിലെ സാമൂഹ്യ പ്രവർത്തകൻ സൈഫുദീൻ പൊറ്റശ്ശേരിയുടെയും നേതൃത്വത്തിൽ രണ്ടര വർഷങ്ങൾക്ക് ശേഷം തിരികെ ലഭിച്ചത്.

അബ്ദുള്ള ആയിദ് അസ്സുബൈയി എന്ന സ്പോൺസർക്കൊപ്പം റിയാദിൽ ജോലി ചെയ്തുവരുന്നതിനിടെ മുഹമ്മദ് യൂനുസ് 2019 ൽ അവധിക്ക് നാട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തുമ്പോൾ മടക്കി നൽകാമെന്ന കരാറിൽ തന്റെ കൈവശമുണ്ടായിരുന്ന 40,000 റിയാൽ യൂനുസ് സ്‌പോൺസറെ ഏൽപ്പിച്ചിരുന്നു. എന്നാൽ നാട്ടിൽ എത്തി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് യൂനുസിന് തിരികെ വരാൻ കഴിഞ്ഞില്ല. രണ്ടര വർഷമായിട്ടും ബന്ധങ്ങളൊന്നുമില്ലാതിരുന്ന യൂനുസിനെ സ്പോൺസർ ഇന്ത്യൻ എംബസിയിൽ അന്വേഷിക്കുകയും ആളെ കണ്ടെത്തി തന്നാൽ പണം കൈമാറാനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു.

സാധാരണ രീതിയിൽ എംബസിയിലെ സിസ്റ്റത്തിൽ നിന്നും നാട്ടിലെ ബന്ധപ്പെടാനുള്ള മോബൈൽ നമ്പറുകൾ ലഭിക്കാറുണ്ടായിരുന്നെങ്കിലും യൂനുസിന്റെ വിലാസം മാത്രമേ ലഭിച്ചിരുന്നുളളു. തുടർന്ന് ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി ജുബൈലിലെ സാമൂഹ്യ പ്രവർത്തകനും എംബസി സന്നദ്ധ പ്രവർത്തകനുമായ സൈഫുദീൻ പൊറ്റശ്ശേരിയെ വിവരം അറിയിച്ചു. ഇന്ത്യക്കാരുടെ വ്യത്യസ്ത വാട്ട്സപ്പ് ഗ്രൂപ്പുകളിലേക്ക് സൈഫുദ്ദീൻ പൊറ്റശ്ശേരി സന്ദേശം അയച്ചതിന്റെ ഫലമായി ജിദ്ദയിലെ ഒരു മലയാളിയുടെ കൂടെ ജോലി ചെയ്തുവരുന്ന ജമ്മു കാശ്മീർ സ്വദേശി വഴി യൂനുസിനെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് യൂനുസുമായി വീഡിയോയിൽ സംസാരിക്കുകയും പാസ്സ്പോർട്ടും ആധാർ കാർഡിന്റെ പകർപ്പും വരുത്തി ഫോൺ നമ്പർ ഉൾപ്പടെ എംബസിക്ക് കൈമാറുകയുമായിരുന്നു. കൂടാതെ സ്പോൺസറും യൂനുസമായി വീഡിയോയിൽ സംസാരിക്കാനും അവസരം ഒരുക്കി. ഇതിനെ തുടർന്നു പണം എംബസിയിൽ ഏൽപ്പിക്കാൻ സ്പോൺസർ സന്നദ്ധത അറിയിച്ചു. തിരികെ സൗദിയിൽ വരാൻ കഴിയാതിരുന്നതും രോഗാവസ്ഥയും യൂനുസിന്റെയും കുടുംബത്തിന്റെയും നാട്ടിലെ നില ദുരിതപൂർണ്ണമാക്കിയിരുന്നു.

എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയ തന്റെ സമ്പാദ്യം തിരികെ ലഭിക്കുന്ന ആഹ്ലാദത്തിലാണ് യൂനുസും കുടുംബവും. കഴിഞ്ഞ ഫെബ്രുവരിയിൽ, ഏഴുവർഷം മുമ്പ് ജയിൽ ശിക്ഷ കഴിഞ്ഞു നാട്ടിൽ പോയ മലയാളിക്ക് പിടിയിലാവുമ്പോൾ പൊലീസ് കണ്ടെടുത്ത തുക നാട്ടിൽ ആളെ കണ്ടെത്തി കൈമാറാൻ യത്നിച്ച പ്രവാസി സാംസ്‌കാരിക വേദി നേതാവ് കൂടിയായ സൈഫുദീൻ പൊറ്റശ്ശേരിയുടെ ഇടപെടൽ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. തൃശൂർ വടക്കും മുറി സ്വദേശി ശ്രീനേഷിനാണ് നിനച്ചിരിക്കാതെ 1.30 ലക്ഷത്തിലേറെ രൂപ തിരികെ ലഭിച്ചത്. രണ്ടു സംഭവത്തിലും ആളെ കണ്ടെത്താൻ നിരന്തരം പരിശ്രമിച്ച സൈഫുദ്ദീൻ പൊറ്റശ്ശേരിയെ എംബസിയും സ്പോൺസറും അഭിനന്ദിച്ചു

Tags:    
News Summary - sponsor give money back to employee who could not return from india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.