കോഴിക്കോട് നിന്നും സ്പൈസ് ജെറ്റ് വിമാനങ്ങളിൽ തിങ്കളാഴ്ച ജിദ്ദയിലിറങ്ങിയ യാത്രക്കാർക്ക് ഇതുവരെ ലഗേജ് ലഭിച്ചില്ല

ജിദ്ദ: കോഴിക്കോട് നിന്നും തിങ്കളാഴ്ച ജിദ്ദയിലിറങ്ങിയ രണ്ട് സ്പൈസ് ജെറ്റ് വിമാനങ്ങളിലെ യാത്രക്കാർക്ക് ഇതുവരെ തങ്ങളുടെ ലഗേജുകൾ ലഭിച്ചില്ലെന്ന് പരാതി. കോഴിക്കോട് നിന്നും പുലർച്ചെ 5.55 ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം രാവിലെ 10 മണിക്കാണ് ജിദ്ദയിലെത്തിയത്. എന്നാൽ യാത്രക്കാരിൽ പലർക്കും ലഗേജ് കിട്ടിയില്ല. സ്പൈസ് ജെറ്റ് അധികൃതരുമായി സംസാരിച്ചപ്പോൾ ഉച്ചയ്ക്ക് 2.30ന് വരുന്ന അടുത്ത വിമാനത്തിൽ ലഗേജ് എത്തുമെന്നും അത് വരെ കാത്തിരിക്കണമെന്നുമുള്ള അറിയിപ്പാണ് യാത്രക്കാർക്ക് ലഭിച്ചത്.

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ രണ്ടാമത്തെ സ്പൈസ് ജെറ്റ് വിമാനവും ജിദ്ദയിലെത്തി. എന്നാൽ രാവിലെ മുതൽ കാത്തിരുന്ന യാത്രക്കാരിൽ പലർക്കും നിരാശയായിരുന്നു ഫലം. ഏതാനും പേർക്ക് മാത്രമാണ് ലഗേജ് ലഭിച്ചത്. രണ്ടാമത്തെ വിമാനത്തിലെ പല യാത്രക്കാർക്കും ലഗേജ് ലഭിച്ചതുമില്ല. ദീർഘനേരത്തെ കാത്തിരിപ്പിൽ ക്ഷീണിച്ചിട്ടും ഏറെ നേരം ബഹളം വെച്ചതോടെയാണ് ഭക്ഷണം പോലും വിമാനകമ്പനിയിൽ നിന്നും ലഭിച്ചതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

നിരവധി പ്രവാസികളും സ്ത്രീകളും, പിഞ്ചു കുട്ടികളും വയോധികരായ ഉംറ തീർഥാകടകരും ഇതോടെ പ്രതിസന്ധിയിലായി. ചില തീർഥാടകരുടെ മരുന്നുകൾ വരെ ലഗേജിനകത്ത് കുടുങ്ങിയതിനാൽ ജിദ്ദയിലെ ആശുപത്രിയിലെത്തി വീണ്ടും മരുന്നുകൾ വാങ്ങേണ്ടി വന്നു. ജിദ്ദയിൽ നിന്നും മറ്റു വിമാനങ്ങളിൽ ദൂരെ സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെയുളളവർ യാത്ര തുടരാനാകാതെ പ്രതിന്ധിയിലായി. കണക്ഷൻ വിമാനത്തിനായി എടുത്തിരുന്ന ടിക്കറ്റിൻ്റെ പണവും നഷ്ടമായതായി യാത്രക്കാർ പറയുന്നു.

ചൊവ്വാഴ്ച ലഗേജുകൾ വിതരണം ചെയ്യുമെന്നായിരുന്നു സ്‌പൈസ് ജെറ്റ് അധികൃതർ യാത്രക്കാരെ അറിയിച്ചിരുന്നത്, എന്നാൽ ഇതുവരെ ലഗേജ് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു. ഇത് മൂലം ജിദ്ദക്ക് പുറത്തേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന പലരും ജിദ്ദയിലെ ഹോട്ടലുകളിലും പരിചയക്കാരോടൊപ്പവുമാണ് താമസിക്കുന്നത്. തങ്ങളുടെ ലഗേജുകൾ ഇനി എപ്പോൾ ലഭിക്കുമെന്ന ചോദ്യത്തിനും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. ഇത് സംബന്ധിച്ച് സപൈസ് ജെറ്റ് വിമാനകമ്പനിക്കെതിരെ നിയമ നടപടിയും യാത്രക്കാരിൽ ചിലർ ആലോചിക്കുന്നുണ്ട്.

സ്‌പൈസ് ജെറ്റ് വിമാനങ്ങളിൽ കോഴിക്കോട് നിന്നും ജിദ്ദയിലെത്തുന്ന യാത്രക്കാരുടെ ലഗേജുകളിൽ നിന്ന് മൊബൈൽ ഫോണുൾപ്പെടെയുള്ള വിലപിടിപ്പുള്ള നിരവധി സാധനങ്ങൾ നഷ്ടമാകുന്നതായി യാത്രക്കാർ അടുത്തിടെയായി കമ്പനിക്ക് പരായി നൽകിയിരുന്നു. എന്നാൽ സ്‌പൈസ് ജെറ്റ് അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂല നിലപാടുണ്ടാകാറില്ലെന്നും യാത്രക്കാർ പറയുന്നു. പരിമിതമായ വിമാനസർവീസുകൾ മാത്രമുള്ള കോഴിക്കോട്-ജിദ്ദ സെക്ടറിൽ വളരെ ഉയർന്ന നിരക്ക് ഈടാക്കിയാണ് നിലവിലുള്ള വിമാനകമ്പനികൾ സർവീസ് നടത്തുന്നത്. ഇത്രയും ഉയർന്ന ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാരുടെ ലഗേജുകൾ നേരാംവണ്ണം കൈകാര്യം ചെയ്യുന്നിടത്ത് പോലും വിമാനക്കമ്പനികളുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. 

Tags:    
News Summary - Spicjet Passengers not received their luggage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.