നാജി നൗഷി തന്റെ മഹീന്ദ്ര ഥാറിനൊപ്പം
ജുബൈൽ: അറബികൾക്ക് മലയാളികളെ പെരുത്തിഷ്ടമാണെന്ന് ഒറ്റക്ക് ലോകം ചുറ്റുന്ന മലയാളി വനിത നാജി നൗഷി. യു.എ.ഇയിൽനിന്ന് കരമാർഗം തന്റെ മഹീന്ദ്ര ഥാറിൽ നാട്ടിലേക്കുള്ള യാത്രാമധ്യേ സൗദിയിലെത്തിയപ്പോഴാണ് നാജി നൗഷി ‘ഗൾഫ് മാധ്യമത്തോട്’ മനസ്സ് തുറന്നത്. ‘ഓള്’ എന്നും ‘സോളോ മോം ട്രാവലർ’ എന്ന് അറിയപ്പെടുന്ന നാജി 2020-ലാണ് ലോകയാത്രകൾ ആരംഭിച്ചത്. നാജിയുടെ എട്ടാമത്തെ ട്രാവൽ സീരീസാണിത്.
സൗദിയിൽനിന്ന് കുവൈത്ത്, ഇറാഖ്, ഇറാൻ, തുർക്കിയ, അസർബൈജാൻ, അർമേനിയ, അഫ്ഗാനിസ്താൻ, തജികിസ്താൻ, കിർഗിസ്താൻ, കസാഖ്സ്താൻ, ഉസ്ബകിസ്താൻ, തുർഗ്മെനിസ്താൻ, റഷ്യ, മംഗോളിയ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ചൈന, നേപ്പാൾ റൂട്ടിൽ ഇന്ത്യയിലേക്ക് കടന്ന് കശ്മീർ വഴി കേരളത്തിലേക്ക് എത്താനാണ് ഉദ്ദേശിക്കുന്നത്. എട്ടു മാസമെടുക്കുമെന്നാണ് കരുതുന്നത്.
2024 സെപ്റ്റംബർ ഒമ്പതിന് ആരംഭിച്ച ഈ യാത്ര ഏകദേശം നൂറിൽ പരം ദിവസങ്ങൾ പിന്നിട്ടുകഴിഞ്ഞു. സൗദിയിലേക്ക് വരുേമ്പാൾ ലോകത്തിലെ ഏറ്റവും ഭയജനകമായ ‘റുബ് അൽഖാലി’ മരുഭൂമി വഴി യാത്ര ചെയ്യാൻ കഴിഞ്ഞു. ഇത്തവണ 25 രാജ്യങ്ങളിലൂടെ പോകാനാണ് തീരുമാനം. സൗദിയുടെ എല്ലാ ഭാഗങ്ങളും സഞ്ചരിച്ചുകഴിഞ്ഞു. 40,000 കിലോമീറ്ററോളം ഈ യാത്രയിൽ പിന്നിട്ടു. ജി.സി.സിയിൽ അറബി കല്യാണങ്ങൾക്കുൾപ്പെടെ കുടുംബങ്ങളുടെ ക്ഷണം ലഭിക്കാനും അവരെ കൂടുതൽ അറിയാനും ഭാഗ്യമുണ്ടായി.
ജി.സി.സി രാജ്യങ്ങളിൽ പൊലീസ് അധികൃതരിൽനിന്നും സ്വദേശികളിൽനിന്നും പ്രവാസി സഹോദരങ്ങളിൽനിന്നും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. മലയാളിയാണെന്നറിയുമ്പോൾ പ്രത്യേക പരിഗണനയും ബഹുമാനവും ലഭിക്കാറുണ്ട്. തീർഥാടന കേന്ദ്രങ്ങളായ മക്കയും മദീനയും മാത്രം ഉൾക്കൊള്ളുന്ന, ബാഹ്യമായി നാം അറിയുന്നത് പോലെ കേവലം മരുഭൂമിയില്ല സൗദി അറേബ്യ എന്ന് മനസ്സിലാക്കാനായി. പച്ചപ്പും മഴയുമെല്ലാമുള്ള അബഹ, സിൻഡല, ഹഖ്ൽ തുടങ്ങി സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ മനോഹര സ്ഥലങ്ങൾ ഈ രാജ്യത്തുണ്ട്.
2022-ൽ ഫിഫ ഫുട്ബാൾ ലോക കപ്പ് കാണാൻ നാട്ടിൽനിന്ന് ഖത്തറിലേക്ക് ‘ഓള്’ എന്ന് നെറ്റിയിലൊട്ടിച്ച മഹീന്ദ്ര ഥാറിൽ റോഡ് മാർഗം പോയതോടെയാണ് നാജി ജനശ്രദ്ധ നേടിയത്. വാൻ ലൈഫ് ട്രിപ് ആയിരുന്നു അത്. നാജിയുടെ യാത്രയെ കുറിച്ചറിഞ്ഞ ആനന്ദ് മഹീന്ദ്ര കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. സ്വന്തം കാർ ദുബൈയിൽ ഇട്ടശേഷം മുംബൈയിലേക്ക് പറന്നു. അദ്ദേഹം മഹീന്ദ്രയുടെ ഒരു വാഹനം എട്ട് മാസത്തേക്ക് യാത്രക്കായി നൽകി. അതിൽ ഇന്ത്യയും നേപ്പാളും ഭൂട്ടാനും എട്ടു മാസം കൊണ്ട് പിന്നിട്ടു.
ചൈന, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഏഴ് അതിർത്തികളിലൂടെയായിരുന്നു ആ യാത്ര. മണിപ്പൂരിലൂടെ കടന്നുപോകുമ്പോൾ അവിടെ കലാപം നടക്കുന്ന സമയമായതിനാൽ കർശനമായ പരിശോധനകൾ ഉണ്ടായിരുന്നു.
2021-ൽ ഇന്ത്യയൊട്ടാകെ ഇന്നോവ ക്രിസ്റ്റയിൽ സഞ്ചരിച്ചിരുന്നു. രണ്ടു മാസം നീണ്ട യാത്രയിൽ ഏകദേശം 13,000 കിലോമീറ്റർ താണ്ടി. ലോക വൈവിധ്യങ്ങളുടെ എല്ലാ പതിപ്പുകളും ഇന്ത്യയിൽ കാണാം. ലേ, ലഡാക്, കശ്മീർ, മണാലി തുടങ്ങിയ പർവതപ്രദേശങ്ങളിലൂടയുള്ള ഡ്രൈവിങ് ദുഷ്കരമാണെങ്കിലും പറഞ്ഞറിയിക്കാനാകാത്ത അനുഭവങ്ങൾ ലഭിച്ചു. ആദ്യമായായിരുന്നു ഒരു വനിത കരമാർഗം ഒറ്റക്ക് ഇന്ത്യ മൊത്തം സഞ്ചരിക്കുന്നത്. ചരിത്രകുതുകിയായ നാജിക്ക് ആളുകളെയും പുതിയ പ്രദേശങ്ങളെയും സംസ്കാരങ്ങളെയുമൊക്കെ അടുത്തറിഞ്ഞ് കരമാർഗം സഞ്ചരിക്കാനാണ് ഇഷ്ടം.
ലക്ഷദ്വീപിലും പോയിരുന്നു. ദ്വീപ് നിവാസികളുടെ വീടുകളിൽ താമസിച്ച് ഒരു മാസത്തോളം നീണ്ട യാത്രയിൽ 10 ദ്വീപും അനുഭവിച്ചറിഞ്ഞു. അഞ്ച് ദിവസം കൊണ്ട് എവറസ്റ്റ് ബേസ് ക്യാമ്പ് സന്ദർശനം പൂർത്തിയാക്കിയ ആദ്യ വനിതയുമായി നാജി. ഇന്ത്യ മുഴുവൻ സഞ്ചരിച്ച അനുഭവങ്ങളിൽ നിന്ന് ‘ഓള് കണ്ട ഓൾ ഇന്ത്യ’ എന്ന പുസ്തകവും രചിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പ്രകാശനം നിർവഹിച്ചത്. സന്തോഷ് ജോർജ് കുളങ്ങരയുടേതാണ് അവതാരിക.
ഭർത്താവ് നൗഷാദ് അബൂദബിയിൽ ജോലി ചെയ്യുന്നു. വാപ്പയും ഉമ്മയും അഞ്ച് കുട്ടികളും അദ്ദേഹത്തോടൊപ്പമാണ്. കുടുംബത്തിന്റെ പിന്തുണ ലഭിക്കുന്നത് കൊണ്ടാണ് യാത്ര ചെയ്യാൻ കഴിയുന്നത്. യാത്രക്കൊരുങ്ങുമ്പോൾ തന്നെ പോകേണ്ട സ്ഥലങ്ങളെയും വഴികളെയും അതിർത്തികളെയും കുറിച്ചുമെല്ലാം പഠിക്കാറുണ്ട്. ഒരു ദിവസം എത്ര ദൂരം സഞ്ചരിക്കുമെന്നത് അപ്പപ്പോൾ തീരുമാനിക്കുകയാണ് പതിവ്. സോഷ്യൽ ഇൻഫ്ലുവൻസർ എന്ന നിലയിൽ ലഭിക്കുന്ന വരുമാനം കൊണ്ടാണ് ചെലവുകൾ കണ്ടെത്തുന്നത്.
ചെറിയ ഒരു തുക കൊണ്ടാണ് പലപ്പോഴും യാത്ര ആരംഭിക്കുക. സോഷ്യൽ മീഡിയയിലൂടെയാണ് ആളുകൾ യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയത്. 18ാം വയസ്സിൽ വിവാഹം കഴിഞ്ഞു. ഭർത്താവ് നൗഷാദ് ഡ്രൈവിങ് പഠിപ്പിച്ചത് മുതൽ ചെറിയ യാത്രകൾ തുടങ്ങി. ബംഗളൂരു, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഒക്കെയായിരുന്നു ആദ്യമൊക്കെ യാത്ര.
സ്വദേശികളുടെയും മലയാളി കുടുംബങ്ങളോടും ഒപ്പമാണ് അധികവും താമസം. ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാൻ ഏറെ ഇഷ്ടമാണ്. ഇതുവരെ എങ്ങുനിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. വണ്ടിയിൽ തന്നെ ഉറങ്ങാനുള്ള സൗകര്യവുമുണ്ട്. ഇന്ത്യയിലൂടെ പോകുമ്പോൾ പമ്പുകളിൽ വണ്ടി നിർത്തി ഉറങ്ങും.
ആത്മവിശ്വാസമുണ്ടെങ്കിൽ ജീവിതത്തിൽ ഏത് ഉയരവും താണ്ടാം. പ്ലസ് ടു വരെ പഠിച്ചിട്ടുള്ളുവെങ്കിലും ഇംഗ്ലീഷ്, ഹിന്ദി, അറബി ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ സ്വയം പഠിച്ചു. മനുഷ്യന്റെ കഴിവുകളെയും പ്രതിസന്ധികൾ തരണം ചെയ്യാനുള്ള കഴിവിനെയും അളക്കാൻ കഴിയുന്ന ഒന്ന് കൂടിയാണ് യാത്ര എന്നതാണ് നാജിയുടെ കാഴ്ചപ്പാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.