ദമ്മാം: ‘ഗൾഫ് മാധ്യമം’ ഡിസംബർ 26ന് ദമ്മാം സ്പോർട്സ് സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ രണ്ടാം സീസൺ സംഗീത സന്ധ്യയുടെ ഭാഗമായ ‘പാടൂ... നാടറിയട്ടെ’ സിങ് ആൻഡ് വിങ് മത്സരത്തിന്റെ രണ്ടാം ഘട്ടവും പൂർത്തിയായി. ആദ്യ ഘട്ടത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ജൂനിയർ, സീനിയർ വിഭാഗക്കാരായ 10 പേർ സെമി ഫൈനലിൽ മാറ്റുരച്ചു.
എം.ജി ശ്രീകുമാർ ആലപിച്ച പാട്ടിന്റെ പല്ലവിയും അനുപല്ലവിയും പാടി അയച്ചാണ് മത്സരത്തിൽ പ്രവാസി ഗായകർ പങ്കെടുത്തത്. ഒപ്പം രണ്ടു മിനിറ്റിൽ താഴെ ഒരു സെമി ക്ലാസിക് ഗാനം കൂടി ആലപിക്കണമെന്നതായിരുന്നു മത്സര നിബന്ധന. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഏറെ മികച്ചനിലയിലുള്ള ഗാനാലാപനങ്ങളാണ് മത്സരത്തിലേക്ക് ലഭിച്ചത്. വിദഗ്ധ സംഗീതജ്ഞരുടെ നേതൃത്വത്തിൽ മൂല്യനിർണയം നടക്കുകയാണ്. ഫലം തിങ്കളാഴ്ച (ഡിസം. 22) പ്രഖ്യാപിക്കും. ഓരോ വിഭാഗത്തിൽനിന്നും അഞ്ചുപേർ വീതം ഫൈനലിൽ പ്രവേശിക്കും. അവരുടെ നേരിട്ടുള്ള മത്സരമാണ് ഫൈനലിൽ നടക്കുക. വിദഗ്ധരടങ്ങിയ പാനലിന് മുന്നിൽ പാടി കേൾപ്പിക്കണം. സ്ഥലവും സമയവും പിന്നീട് അറിയിക്കും.
വിജയികൾക്ക് സമ്മാനങ്ങൾക്കൊപ്പം എം.ജി ശ്രീകുമാറിനൊപ്പം വേദി പങ്കിടാനുള്ള അപൂർവ അവസരവും ലഭിക്കും.സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് സംഗീതവും നൃത്തവും ഹാസ്യപ്രകടനങ്ങളും ഉൾക്കൊള്ളിച്ച് എം.ജി. ശ്രീകുമാറും സംഘവും ദമ്മാം സ്പോർട്സ് സിറ്റിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ആഘോഷ രാവൊരുക്കും. പ്രമുഖ നടി പാർവതി തിരുവോത്ത്, നടൻ അർജുൻ അശോക്, ഡാൻസർ റംസാൻ മുഹമ്മദ്, ഗായകരായ നിത്യ മാമൻ, ശിഖ പ്രഭാകരൻ, ലിബിൻ സ്കറിയ, ഗോകുൽ ഗോപകുമാർ, മിമിക്രി കലാകാരൻ സിദ്ദീഖ് റോഷൻ, അവതാരകൻ മിഥുൻ രമേശ് എന്നിവരും വേദിയിൽ അണിനിരക്കും.
ദമ്മാം: ഹാർമോണിയസ് കേരള സംഗീത സന്ധ്യയുടെ ടിക്കറ്റ് വിൽപന കിഴക്കൻ പ്രവിശ്യയിൽ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ്പ) എക്സിക്യൂട്ടിവ് കമ്മിറ്റി പരിപാടിക്ക് എല്ലാവിധ പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം എക്സിക്യൂട്ടിവ് യോഗത്തിൽ പ്രസിഡൻറ് രഞ്ജു രാജ്, സെക്രട്ടറി അശോക് കുമാർ, ട്രഷർ ഷിയാസ് എന്നിവർ പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചു. ആസ്വാദകർക്ക് മികച്ച ദൃശ്യശ്രാവ്യ അനുഭവം ഒരുക്കുന്നതിന് പഴുതടച്ച സംവിധാനമാണ് ഒരുക്കുന്നതെന്ന് ‘ഹാർമോണിയസ് കേരള’ പ്രോഗ്രാം കോഓഡിനേറ്റർ റഷീദ് ഉമർ അറിയിച്ചു. മഴയോ തണുപ്പോ ഏൽക്കാത്ത മേൽക്കൂരയുള്ള മികച്ച സ്റ്റേഡിയത്തിലാണ് പരിപാടി അരങ്ങേറുന്നത്. ഏത് ഭാഗത്ത് ഇരിക്കുന്നവർക്കും ഒരുപോലെ പരിപാടി ആസ്വദിക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും +966 55 928 0320, +966 50 450 7422 എന്നീ നമ്പറുകളിൽൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.