സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ് എ ഡിവിഷനിൽ ബ്ലാസ്റ്റേഴ്‌സ് എഫ്.സി-റിയൽ കേരള സെമിഫൈനൽ മത്സരത്തിൽനിന്ന്.
സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) ജിദ്ദയിൽ സംഘടിപ്പിക്കുന്ന ‘സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ്’ ആവേശകരമായ ഫൈനൽ പോരാട്ടങ്ങളിലേക്ക്. വരുന്ന വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മുതൽ ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടങ്ങൾ നടക്കുക. എ ഡിവിഷനിൽ മുൻ ചാമ്പ്യന്മാരായ റിയൽ കേരള എഫ്.സിയും സാബിൻ എഫ്.സിയും തമ്മിലുള്ള വമ്പൻ പോരാട്ടത്തിനാണ് ജിദ്ദ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
കഴിഞ്ഞ ആഴ്ച്ച നടന്ന വാശിയേറിയ എ ഡിവിഷൻ സെമിഫൈനലിൽ അർകാസ് ബ്ലാസ്റ്റേഴ്‌സ് എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് എച്ച്.എം.ആർ റിയൽ കേരള എഫ്.സി ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ജിബിൻ വർഗീസിലൂടെ ലീഡ് നേടിയ റിയൽ കേരളയെ രണ്ടാം പകുതിയിൽ സുഹൈലിലൂടെ ഗോൾ മടക്കി ബ്ലാസ്റ്റേഴ്‌സ് വിറപ്പിച്ചു. എന്നാൽ എക്സ്ട്രാ ടൈമിൽ അബ്ദുൽ റബീഹ് നേടിയ തകർപ്പൻ ഗോളിലൂടെ റിയൽ കേരള തുടർച്ചയായ രണ്ടാം വർഷവും ഫൈനൽ ബെർത്ത് ഉറപ്പിച്ചു. റിയൽ കേരളയുടെ ഗോൾ കീപ്പർ ഷിബിലിയുടെ മിന്നുന്ന പ്രകടനവും അമീൻ കോട്ടകുത്തിന്റെ നേതൃത്വത്തിലുള്ള പ്രതിരോധവും വിജയത്തിൽ നിർണായകമായി. റിയൽ കേരള ടീം അംഗം അബ്ദുൽ റബീഹിനെ പ്ലയർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു.
എ ഡിവിഷൻ മഹ്ജർ എഫ്.സി-സാബിൻ എഫ്.സി സെമിഫൈനൽ മത്സരത്തിൽനിന്ന്
എ ഡിവിഷൻ രണ്ടാം സെമിയിൽ ബാൻ ബേക്കറി മഹ്ജർ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് റീം അൽഉല ഈസ്റ്റീ സാബിൻ എഫ്.സി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ബിബിൻ ബോബന്റെ പെനാൽറ്റി ഗോളിലൂടെ സാബിൻ എഫ്.സി മുന്നിലെത്തിയെങ്കിലും ഉനൈസിലൂടെ മഹ്ജർ എഫ്.സി ഗോൾ മടക്കി. ഒടുവിൽ എക്സ്ട്രാ ടൈമിൽ ക്യാപ്റ്റൻ അൻസിൽ നേടിയ മനോഹരമായ ഹാഫ് വോളി ഗോൾ സാബിൻ എഫ്.സിക്ക് വിജയം സമ്മാനിച്ചു. ഇന്ത്യൻ താരം വി.പി സുഹൈർ, കേരള ബ്ലാസ്റ്റേഴ്‌സ് താരം റിസ്‌വാൻ അലി തുടങ്ങിയ പ്രമുഖ താരങ്ങളുടെ സാന്നിധ്യം ടൂർണമെന്റിന് മാറ്റുകൂട്ടി. സാബിൻ എഫ്.സി ക്യാപ്റ്റൻ അൻസിലിനെ പ്ലയർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു.
ബി ഡിവിഷൻ ആദ്യ സെമിയിൽ കരുത്തരായ ആർച്ചുണ് ഇവന്റ്സ് എ.സി.സി ബി ടീമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി അഹ്‌ദാബ് ഇന്റർനാഷനൽ സ്കൂൾ ചാംസ് ന്യൂകാസിൽ എഫ്.സി കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. മത്സരത്തിലുടനീളം മിന്നും പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഷാഫിയാണ് ന്യൂകാസിലിന്റെ രണ്ട് ഗോളുകളും നേടിയത്. എ.സി.സി ബിക്ക് വേണ്ടി അബ്ദുൽ സലാഹുദീൻ ഒരു ഗോൾ മടക്കിയെങ്കിലും എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് ഷാഫി ന്യൂകാസിലിന്റെ ഫൈനൽ പ്രവേശനം ഉറപ്പിച്ചു.
ഷാഫി തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്. ബി ഡിവിഷൻ രണ്ടാം സെമിഫൈനലിൽ ഡേ ബൈ ഡേ മാർക്കറ്റ് യാസ് എഫ്.സി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് എച്ച്.എം.ആർ ജെ.എസ്.സി ഫാൽക്കൺ എഫ്.സിയെ പരാജയപ്പെടുത്തി. യാസ് എഫ്.സിക്കായി അമൻ മായൻ, ഇമാദ് ഷംലാൻ എന്നിവർ ലക്ഷ്യം കണ്ടു. മധ്യനിരയിൽ കളി മെനയുന്നതിൽ നിർണായക പങ്കുവഹിച്ച യാസ് എഫ്.സി താരം അൽമാസിനെ പ്ലയർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു. വൈകീട്ട് നാലിന് ഡി ഡിവിഷൻ ഫൈനലോടെ തുടങ്ങുന്ന ഫുട്ബാൾ പൂരത്തിനായി ജിദ്ദയിലെ ഫുട്ബാൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.