സിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗ് എ ഡിവിഷനിൽ എൻ കംഫർട് എ.സി.സി എ, റീം അൽ ഉല ഈസ്റ്റീ സാബിൻ എഫ്.സി മത്സരത്തിൽനിന്ന് (ഫോട്ടോ: നാസർ ശാന്തപുരം)
ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ നടന്നുവരുന്ന സിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗിൽ നിർണായക മത്സരങ്ങൾ വിജയിച്ച് പ്രമുഖ ടീമുകൾ മുന്നോട്ട്. വെള്ളിയാഴ്ച നടന്ന എ ഡിവിഷൻ മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ബാൻ ബേക്കറി മഹ്ജർ എഫ്.സി, എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എഫ്.സി യാംബുവിനെ പരാജയപ്പെടുത്തി. ഇന്ത്യൻ താരം സുഹൈൽ, കേരള ബ്ലാസ്റ്റേഴ്സ് താരം റിസ്വാൻ അലി തുടങ്ങിയ വൻ താരനിരയുമായി എത്തിയ മഹ്ജറിനായി മുഹമ്മദ് റാഷിക്, രാഹുൽ വേണു, മുഹമ്മദ് ഫഹൂദ് എന്നിവരാണ് ഗോളുകൾ നേടിയത്. മധ്യനിരയിൽ ഉജ്ജ്വലമായി കളിമെനഞ്ഞ രാഹുൽ വേണു പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റുമായി മഹ്ജർ എഫ്.സി നിലവിൽ സെമി ഫൈനലിൽ പ്രവേശിച്ചു.
എ ഡിവിഷനിലെ രണ്ടാം മത്സരത്തിൽ റീം അൽ ഉല ഈസ്റ്റീ സാബിൻ എഫ്.സി, ഒന്നിനെതിരെ നാല് ഗോളുകൾക്ക് എൻ കംഫർട് എ.സി.സി.എ ടീമിനെ തോൽപിച്ചു. കൊൽക്കത്ത മുഹമ്മദൻസ് താരം ഇംറാനിലൂടെ എ.സി.സി എ ടീമാണ് ആദ്യം ഗോൾ നേടിയതെങ്കിലും, ഉജ്ജ്വലമായി തിരിച്ചടിച്ച സാബിൻ എഫ്.സിക്കായി ബിബിൻ ബോബൻ, ഇന്ത്യൻ താരം മുഹമ്മദ് സനാൻ, മണിപ്പൂരി താരങ്ങളായ അല്ലൻ കാമ്പർ, ഡാമൻബലങ് ഷെയ്ൻ എന്നിവർ സ്കോർ ചെയ്തു. ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി സാബിൻ എഫ്.സി സെമി സാധ്യത നിലനിർത്തി. മധ്യനിരയിൽ കളി നിയന്ത്രിച്ച മണിപ്പൂരി താരം ഡാമൻബലങ് ഷെയ്ൻ പ്ലെയർ ഓഫ് ദി മാച്ച് ആയി. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയന്റുള്ള എഫ്.സി യാംബു ടീമിന് റിയൽ കേരള എഫ്.സിയുമായുള്ള ലീഗിലെ അവസാന മത്സരം നിർണായകമാണ്.
വ്യാഴാഴ്ച രാത്രി നടന്ന ബി ഡിവിഷൻ മത്സരങ്ങളിലും തീപാറുന്ന പോരാട്ടങ്ങൾ നടന്നു. ഗ്ലോബ് ലോജിസ്റ്റിക്സ് ഫ്രൈഡേ എഫ്.സി ബി.സി.സി, ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വെൽ കണക്ട് ഐ ടി ആൻഡ് സെക്യൂരിറ്റി സൊല്യൂഷൻസ് യൂത്ത് ഇന്ത്യ ക്ലബിനെ തോൽപിച്ചു. അഷറഫ് മുഹമ്മദ്, മുഹമ്മദ് റാസി, ഇമ്രാൻ അബ്ദുള്ള എന്നിവർ ഗോളുകൾ നേടി. അഷറഫ് മുഹമ്മദിനെ പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. രണ്ടാം മത്സരത്തിൽ ഡേ ബൈ ഡേ മാർക്കറ്റ് യാസ് എഫ്.സി, എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ഇ.എഫ്.എസ് ലോജിസ്റ്റിക്സ് വൈ.സി.സി സാഗൊ എഫ്.സിയെ പരാജയപ്പെടുത്തി. സിനാജ് വെങ്ങാടൻ (2), അമൻ മായൻ റഷീദ്, ഫാസിൽ, സഫ്വാൻ എന്നിവരുടെ ഗോളുകളിലൂടെ യാസ് എഫ്.സി തുടർച്ചയായ മൂന്ന് ജയത്തോടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
സിനാജ് വെങ്ങാടനാണ് കളിയിലെ കേമൻ. ബി ഡിവിഷനിലെ മൂന്നാം മത്സരത്തിൽ എച്ച്.എം.ആർ ജെ.എസ്.സി ഫാൽക്കൺ എഫ്.സി, ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് എഫ്.സി കുവൈസയെ പരാജയപ്പെടുത്തി. മുഹ്സിൻ ഉള്ളാടൻ (2), ഹസിം അഹമ്മദ്, മുഹമ്മദ് ജാസിൽ എന്നിവരാണ് ഫാൽക്കൺ എഫ്.സിക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. മുഹ്സിൻ ഉള്ളാടൻ പ്ലെയർ ഓഫ് ദി മാച്ച് ആയി. രണ്ട് ജയങ്ങളോടെ ആറ് പോയന്റുമായി ഫാൽക്കൺ എഫ്.സിയും ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.