റിയാദ്: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത ചടങ്ങിന് നേരെയുണ്ടായ വെടിവെപ്പിനെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. എല്ലാത്തരം അക്രമങ്ങളെയും തള്ളിക്കളയുന്നതായും അമേരിക്കയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്കയ്ക്കൊപ്പമാണ് തങ്ങളെന്നും സൗദി നിലപാട് ആവർത്തിച്ചു.
വാഷിങ്ടൺ സമയം ശനിയാഴ്ച വൈകിട്ടോടെയാണ് നടുക്കുന്ന ഈ സംഭവമുണ്ടായത്. ഹിൽട്ടൺ ഹോട്ടലിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടൻറ്സ് അസോസിയേഷൻ അത്താഴവിരുന്നിനിടെയാണ് അക്രമി വെടിയുതിർത്തത്. ഹോട്ടലിലെ സുരക്ഷാ പരിശോധനാ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് നേരെയാണ് തോക്കുധാരി വെടിവെച്ചത്. ഉടനടി ഇടപെട്ട സുരക്ഷാ സേന പ്രതിയെ കീഴ്പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവം നടക്കുമ്പോൾ ഡൊണാൾഡ് ട്രംപും പത്നി മെലാനിയ ട്രംപും സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇരുവരും സുരക്ഷിതരാണെന്നും പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്നും സീക്രട്ട് സർവീസ് വിഭാഗം വ്യക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പാലിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായതായും അധികൃതർ കൂട്ടിച്ചേർത്തു.
അസ്റ്റിലായ പ്രതിയെ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിന് സമീപമുള്ള ടോറൻസ് നഗരത്തിൽ നിന്നുള്ള കോൾ തോമസ് അല്ലൻ (31) എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഒരു അധ്യാപകനാണെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിെൻറ പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.