സ്പോർട്സ് മത്സരങ്ങൾ ഇന്ത്യൻ ഫുട്ബാൾ താരം
വി.പി. സുഹൈർ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ സെന്ററിലെ മദ്രസ വിദ്യാർഥികളുടെ 2025-26 വർഷത്തെ സ്പോർട്സ് മത്സരങ്ങൾ അസ്ഫാനിലെ അൽസഫ്വ ടർഫിൽ വെച്ച് സംഘടിപ്പിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടിക്കും വെവ്വേറെയായി തയാറാക്കിയ ഗ്രൗണ്ടുകളിലായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്. ഇന്ത്യൻ ഫുട്ബാൾ താരം വി.പി സുഹൈർ ഉദ്ഘാടനം ചെയ്യുകയും ആൺകുട്ടികളുടെ മാർച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വനിത ജനറൽ സെക്രട്ടറി ഷമീല മൂസ പെൺകുട്ടികളുടെ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, കിഡ്സ് എന്നിങ്ങനെ വ്യത്യസ്ത കാറ്റഗറികളിലായി 100 മീറ്റർ ഓട്ടം, 200 മീറ്റർ ഓട്ടം, 1500 മീറ്റർ ഓട്ടം, 4x100 മീറ്റർ റിലേ, സാക്ക് റേസ്, റിങ് പാസിങ്, കബഡി, വടംവലി, ഫുട്ബാൾ, ബോൾ പാസിങ്, ബോൾ ഗാതറിങ്, ബലൂൺ ബഴ്സ്റ്റിങ്, ലെമൺ ആൻഡ് സ്പൂൺ, ഹാറ്റ് പാസിങ് തുടങ്ങിയ വിവിധ മത്സരങ്ങൾ അരങ്ങേറി. വിജയികൾക്കെല്ലാം മെഡലുകൾ വിതരണം ചെയ്തു.സയീം മൻസൂർ (സീനിയർ ബോയ്സ് ), അയ്ഹാൻ മൻസൂർ (ജൂനിയർ ബോയ്സ്), റുവാ ഹനീൻ (സീനിയർ ഗേൾസ്), മറിയം (ജൂനിയർ ഗേൾസ്) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി.
നാല് ഹൗസുകളായി തിരിച്ചു നടന്ന സ്പോർട്സ് മീറ്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ റെഡ് ഹൗസ് ഒന്നാം സ്ഥാനവും ഗ്രീൻ ഹൗസ് രണ്ടാം സ്ഥാനവും ബ്ലൂ ഹൗസ് മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ യെല്ലോ ഹൗസ്, ബ്ലൂ ഹൗസ്, റെഡ് ഹൗസ് എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. വിദ്യാർഥികളുടെ മത്സരങ്ങൾക്ക് പുറമേ രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, വളന്റിയേഴ്സ് എന്നിവർക്കായി ഫുട്ബാൾ, വടംവലി, ഓട്ടമത്സരം എന്നിവയുമുണ്ടായിരുന്നു. ഫുട്ബാൾ മത്സരത്തിൽ പൂർവവിദ്യാർഥികൾ ഒന്നാം സ്ഥാനവും വളന്റിയേഴ്സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വടംവലിയിൽ രക്ഷിതാക്കൾ ഒന്നും വളന്റിയേഴ്സ് രണ്ടും സ്ഥാനങ്ങൾ നേടി. പരിപാടിക്ക് ഇസ്ലാഹീ സെന്റർ ഭാരവാഹികൾ, മദ്രസ അധ്യാപകർ, വളന്റിയേഴ്സ് തുടങ്ങി ഇസ്ലാഹീ സെന്ററിന്റെ മുഴുവൻ പ്രവർത്തകരും വനിത വിങ്ങും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.