സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
ജിദ്ദ: സൗദിയിൽ പ്രാദേശിക കമ്പനികൾക്ക് സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്ന പദ്ധതിക്ക് തുടക്കമായി. 'ശരീക്'(പങ്കാളി) എന്ന് പേരിട്ട പദ്ധതി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് നിരവധി മന്ത്രിമാരുടെയും മുതിർന്ന ബിസിനസുകാരുടെയും പ്രമുഖ കമ്പനി മേധാവികളുടെയും സാന്നിധ്യത്തിൽ വെർച്വൽ സംവിധാനത്തിലൂടെയാണ് കിരീടാവകാശി പദ്ധതി ഉദ്ഘാടനം ചെയ്തത്.
പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം വികസിപ്പിക്കുക, സമൃദ്ധിക്കും സുസ്ഥിര വളർച്ചക്കും സഹായിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഉൗർജസ്വലവും സമ്പന്നവുമായ സ്വകാര്യ മേഖല കെട്ടിപ്പടുക്കുക എന്നത് രാജ്യത്തിെൻറ ദേശീയ മുൻഗണനകളിലൊന്നാണെന്ന് ഉദ്ഘാടന വേളയിൽ കിരീടാവകാശി പറഞ്ഞു. രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയുടെ അഭിവൃദ്ധിയിലും വികാസത്തിലും പ്രധാന പങ്കാളിയെന്ന നിലയിൽ സ്വകാര്യമേഖല വലിയ പ്രാധാന്യവും സുപ്രധാന പങ്കുമാണ് വഹിക്കുന്നത്.
വിഷൻ 2030 അഭിലാഷങ്ങൾ കൈവരിക്കുന്നതിനും അതിനു സഹായകരമായ ജോലികൾ തുടരുന്നതിനും സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം പ്രധാനമാണ്. ശരീക് പദ്ധതിയുടെ പ്രഖ്യാപനത്തോടെ ഗവൺമെൻറും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണത്തിെൻറയും പങ്കാളിത്തത്തിെൻറയും കാര്യത്തിൽ പുതിയതും ശക്തവുമായൊരു യുഗത്തിനാണ് തുടക്കംകുറിക്കാൻ പോകുന്നത്. പ്രാദേശിക കമ്പനികളെ പിന്തുണക്കുക, 2030 അവസാനത്തോടെ അഞ്ച് ട്രില്യൻ റിയാലിൽ പ്രാദേശിക നിക്ഷേപങ്ങൾ എത്തിച്ചേരാൻ പ്രാപ്തമാക്കുക എന്നതാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്നും കിരീടാവകാശി പറഞ്ഞു.
വരുംവർഷങ്ങളിൽ മൂന്ന് ട്രില്യൺ റിയാലിെൻറ നിക്ഷേപത്തിന് രാജ്യം സാക്ഷ്യം വഹിക്കും. 2030വരെ പൊതുനിക്ഷേപ ഫണ്ട് അത് നൽകും. ഇൗ വർഷം തുടക്കത്തിൽ ദേശീയ നിക്ഷേപ പദ്ധതിക്കു കീഴിൽ നാല് ട്രില്യൻ റിയാലുകൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനു പുറമെയാണിത്. വിശദാംശങ്ങൾ ഉടനെ പ്രഖ്യാപിക്കുമെന്നും കിരീടാവകാശി പറഞ്ഞു. ശരീക് പദ്ധതിയുടെ പിന്തുണയോടെ സ്വകാര്യ മേഖല നടത്തുന്ന നിക്ഷേപങ്ങൾ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ജി.ഡി.പിയിൽ സ്വകാര്യമേഖലയുടെ സംഭാവന വർധിക്കുമെന്നും കിരീടാവകാശി പറഞ്ഞു. ശരീക് പദ്ധതിയുടെ പ്രാധാന്യം ദേശീയ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിര വളർച്ചയിൽ സ്വകാര്യമേഖലയുടെ പങ്ക് വർധിപ്പിക്കുന്നതിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.
രാജ്യത്തിെൻറ ഭാവിയിലും അഭിവൃദ്ധിയിലുമുള്ള ദീർഘകാല നിക്ഷേപമായിട്ടാണ് ഇതിനെ കാണുന്നത്. സ്വകാര്യമേഖലയിലെ കമ്പനികൾക്ക് അവരുടെ നിക്ഷേപ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കും. പ്രാദേശിക, ആഗോളതലങ്ങളിൽ പ്രമുഖ സൗദി കമ്പനികളുടെ മത്സരശേഷി വർധിപ്പിക്കും. കോവിഡ് പ്രതിസന്ധികളിൽ നിന്ന് കരകയറാൻ അവരെ സഹായിക്കുകയും ചെയ്യും. നൂതനമായ സംവിധാനങ്ങളിൽ മേഖലയിലെ ബിസിനസുകൾ സജീവമാക്കുന്നതിലുള്ള രാജ്യത്തിെൻറ സ്ഥാനം ഉയർത്തും. പ്രമുഖ കമ്പനികളും ശരീക് പ്രോഗ്രാമും തമ്മിലുള്ള ആദ്യത്തെ ധാരണപത്രം അടുത്ത ജൂണിൽ ഒപ്പുവെക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.