വിദേശ തൊഴിലാളികളെ സ്വന്തം തൊഴിലിന് പുറമെ മറ്റ് ജോലികൾക്ക് നിയോഗിച്ചാൽ കനത്തശിക്ഷ
ജിദ്ദ: തങ്ങളുടെ കീഴിലുള്ള വിദേശ ജീവനക്കാരെ മറ്റുള്ളവർക്കോ സ്വന്തം നേട്ടത്തിനോ വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്ന വ്യക്തിഗത തൊഴിലുടമകൾക്കും കമ്പനികൾക്കുമെതിരെ ശക്തമായ നടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് പരമാവധി ഒരു ലക്ഷം റിയാൽ പിഴയും ആറു മാസം വരെ തടവുമാണ് ശിക്ഷ ലഭിക്കുകയെന്ന് അധികൃതർ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.
നേരത്തെ പുറപ്പെടുവിച്ച തൊഴിൽ ചട്ടങ്ങൾ കൂടുതൽ കർശനമാക്കുന്നതിെൻറ ഭാഗമായാണ് ഈ നടപടി. തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകൾക്കും കമ്പനികൾക്കും ഭാവിയിൽ അഞ്ച് വർഷം വരെ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിലക്കും ഏർപ്പെടുത്തുമെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ ആവർത്തിച്ച് ഓർമിപ്പിച്ചു.
രാജ്യത്തെ തൊഴിൽ വിപണി കൃത്യമായി നിയന്ത്രിക്കുന്നതിനും അനധികൃത തൊഴിൽ രീതികളും നിയമലംഘനങ്ങളും പൂർണമായി തടയുന്നതിനുമാണ് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നത്. ഇതിെൻറ ഭാഗമായി തൊഴിലുടമകളും ജീവനക്കാരും താമസം, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ പൂർണമായും പാലിക്കണമെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകി.
നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കുന്നതിനായി പ്രത്യേക ഹെൽപ്ലൈൻ നമ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ഉള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിൽ ഉള്ളവർ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.