ജോസ് ആൻറണിയും ഭാര്യ വല്ലിയും
വല്ലിയും മാവേലിയും മടങ്ങുന്നു: വിരാമമിടുന്നത് മുപ്പതാണ്ടിെൻറ പ്രവാസത്തിന്
റിയാദ്: പ്രവാസലോകത്തെ ഓണാഘോഷങ്ങൾക്ക് നിറം പകർന്ന പ്രിയപ്പെട്ട മാവേലിയും സാംസ്കാരിക വേദികളിലെ സജീവ സാന്നിധ്യമായ വല്ലിയും റിയാദിനോട് വിടപറയുന്നു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിന് വിരാമമിട്ടാണ് ജോസും വല്ലിയും നാട്ടിലേക്ക് മടങ്ങുന്നത്.മലയാളി സമൂഹത്തിെൻറ വിവിധ വേദികളിൽ സ്ഥിരം സാന്നിധ്യമായിരുന്ന ഇരുവരും നിരവധി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായി. മതമോ രാഷ്ട്രീയമോ നോക്കാതെ മനുഷ്യർ മനുഷ്യരായി ഒത്തുചേർന്ന ഈ മണ്ണിൽ നിന്ന് പിരിയുക എളുപ്പമല്ലെന്നും, മനസ്സ് ഈ മണ്ണിൽ വെച്ചാണ് മടങ്ങുന്നെന്നും ഇരുവരും പറയുന്നു.
തൃശൂർ സ്വദേശിയായ ജോസ് ആൻറണി ജനിച്ചതും വളർന്നതും ബംഗളൂരുവിലാണ്. മലയാളം സംസാരിക്കുമെങ്കിലും എഴുത്തും വായനയും അദ്ദേഹത്തിന് ശ്രമകരമാണ്. എന്നാൽ പ്രവാസലോകത്തെ ഓണാഘോഷങ്ങളിലെ സ്ഥിരം മാവേലി വേഷമണിയുന്നത് ജോസാണ്. ജോസച്ചായൻ മാവേലി വേഷം കെട്ടിയാൽ പിന്നെ കൂടെ നിന്നൊരു ചിത്രം പകർത്താൻ ഓണപ്പരിപാടികളിൽ വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെടാറുള്ളത്. അദ്ദേഹത്തിെൻറ മടക്കം പ്രവാസികൾക്ക് നഷ്ടപ്പെടുത്തുന്നത് പ്രിയപ്പെട്ട ഒരു മാവേലിയെ കൂടിയാണ്.
1990-ൽ ജോസ് ആൻറണിയും 1996-ൽ വല്ലി ജോസും സൗദി തലസ്ഥാന നഗരിയിലെത്തി. പത്തനംതിട്ട സ്വദേശിനിയായ വല്ലി നീണ്ട 30 വർഷം തൊഴിലെടുത്തത് നഗരത്തിലെ പ്രമുഖനായ ഡോ. സഅദ് അൽ ഹസ്സെൻറ ഇൻഫെർട്ടിലിറ്റി ക്ലിനിക്കിലാണ്. ദീർഘകാലം സഹോദരിയെ പോലെ പരിഗണിച്ച ഡോ. സഅദിനെയും തൊഴിലിടവും വിട്ട് പിരിയാൻ മനസ്സ് അനുവദിക്കുന്നില്ലെന്ന് വല്ലി വ്യക്തമാക്കി. ആഘോഷവേളകളിൽ മാത്രമല്ല, പ്രതിസന്ധിഘട്ടങ്ങളിലും മലയാളി സമൂഹത്തോടൊപ്പം ഇവർ അടിയുറച്ചുനിന്നു.
നിയമക്കുരുക്കിലും മറ്റും പെട്ട നിരവധി പ്രവാസി കുടുംബങ്ങൾക്ക് ജോസിെൻറയും വല്ലിയുടെയും വീട് എപ്പോഴും ഒരു ആശ്രയമായിരുന്നു. സാഹചര്യം കെണിയിൽ കുടുക്കിയവരെ കുറ്റക്കാരായി മുദ്രകുത്തി അകറ്റി നിർത്തുന്നതിന് പകരം മനുഷ്യരായി ചേർത്തുപിടിച്ച കരുതലിെൻറ വീടായിരുന്നു അത്.
തുടക്കം മുതൽ റിയാദിലെ കോൺഗ്രസ് പോഷകസംഘടനാ സംവിധാനത്തോടൊപ്പം സജീവമായിരുന്നു വല്ലി. കലാഭവൻ, യവനിക തുടങ്ങി വ്യത്യസ്ത സംഘടനകളിൽ പ്രവർത്തിച്ച അവർ, ആഗോള മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറഷെെൻറ (ഡബ്ല്യു.എം.എഫ്) വിവിധ പദവികൾ വഹിച്ചു. നിലവിൽ വനിതാ വിങ് ഗ്ലോബൽ കോഓഡിനേറ്ററാണ്. ഏക മകൻ ജെഫ് ജോസ് കാനഡയിലാണ്. ബംഗളൂരുവിലാണ് വിശ്രമ ജീവിതം പ്ലാൻ ചെയ്യുന്നതെന്നും, സാധ്യമായാൽ ഈ നാട് കാണാനും സൗഹൃദം പുതുക്കാനും സന്ദർശന വിസയിൽ വീണ്ടും സൗദിയിലേക്ക് എത്തണമെന്നാണ് ആഗ്രഹമെന്നും ഇരുവരും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.