നിർദ്ദിഷ്ട ഖിദ്ദിയ സ്പോർട്സ് മെഡിസിൻ സെൻററിെൻറ മാതൃക
സൗദിയിൽ സ്പോർട്സ് മെഡിസിൻ വികസിപ്പിക്കുന്നു
റിയാദ്: സൗദി അറേബ്യയിലെ സ്പോർട്സ് മെഡിസിൻ രംഗത്ത് അത്യാധുനിക മാറ്റങ്ങൾ ലക്ഷ്യമിട്ട് ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനിയും ഗ്ലോബൽ ക്ലീവ്‌ലാൻഡ് ക്ലിനിക്ക് ഫൗണ്ടേഷനും തമ്മിൽ സുപ്രധാന സഹകരണ കരാറിൽ ഒപ്പുവെച്ചു. രാജ്യത്തിനകത്ത് സ്പോർട്സ് മെഡിസിൻ പ്രകടന മികവിലും വിദഗ്ധ കേന്ദ്രങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും, വികസിപ്പിക്കുന്നതിനും, ഇതിനായുള്ള പ്രവർത്തന പദ്ധതികൾ തയ്യാറാക്കുന്നതിനും ക്ലീവ്‌ലാൻഡ് ക്ലിനിക്കിെൻറ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനാണ് ഈ കരാർ.
ഈ പങ്കാളിത്തത്തിെൻറ ഭാഗമായി റിയാദ് നഗരത്തിൽ അത്യാധുനിക സ്പോർട്സ് മെഡിസിൻ കേന്ദ്രവും ഖിദ്ദിയ നഗരത്തിൽ ഖിദ്ദിയ സ്പോർട്സ് മെഡിസിൻ സെൻററും വികസിപ്പിക്കുന്നതിനുള്ള കൺസൾട്ടൻസി സേവനങ്ങൾ ക്ലീവ്‌ലാൻഡ് ക്ലിനിക്ക് നൽകും. ഇത് രാജ്യത്തെ കായിക ആരോഗ്യ സംരക്ഷണ മാനദണ്ഡങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ഏറെ സഹായകമാകും.
സ്പോർട്സ് മെഡിസിൻ രംഗത്ത് സമഗ്രവും പുരോഗമനവുമായ ഒരു സംവിധാനം കെട്ടിപ്പടുക്കുകയാണ് ഈ സഹകരണത്തിെൻറ ലക്ഷ്യമെന്ന് ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി മാനേജിങ് ഡയറക്ടർ അബ്ദുല്ല ബിൻ നാസർ അൽ ദാവൂദ് വ്യക്തമാക്കി. വിവിധ തലങ്ങളിലുള്ള കായികതാരങ്ങൾക്ക് മികച്ച പിന്തുണയേകാനും ആരോഗ്യത്തിെൻറയും പ്രകടനത്തിെൻറയും ആശയങ്ങളെ ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി വിനോദത്തിനായുള്ള ലോകത്തിലെ പ്രമുഖ ആഗോള ലക്ഷ്യസ്ഥാനമായി ഖിദ്ദിയ നഗരത്തിെൻറ പദവിയെ ഈ കരാർ കൂടുതൽ ഉറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കായികതാരങ്ങളുടെ പ്രകടനവും ആരോഗ്യവും വർധിപ്പിക്കുന്ന നൂതന മാതൃകകൾ വികസിപ്പിക്കാനും മേഖലയിലെ കായിക ആരോഗ്യ സംരക്ഷണ നിലവാരം ഉയർത്താനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നുവെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ടോമാസോ ഫാൽക്കോണി അഭിപ്രായപ്പെട്ടു.
വിഷൻ 2030-െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായി, വിനോദം, കായികം, സംസ്കാരം എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ലോകത്തിലെ ഏറ്റവും വലിയ ആഗോള ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനിയുടെ പ്രധാന പദ്ധതിയാണ് ‘ഖിദ്ദിയ നഗരം’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.