സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും മോസ്‌കോയിൽ സംയുക്ത വാർത്താസമ്മേളനത്തിൽ
ഹൂതികള്‍ സ്വയം തുറന്നത് 'അടക്കാനാവാത്ത വാതിലെന്ന്' സൗദിയുടെ മുന്നറിയിപ്പ്
മോസ്‌കോ/റിയാദ്: യമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ. ഹൂതികൾ സ്വയം തുറന്നത് ‘അടക്കാനാവാത്ത വാതിലാണെന്ന്’ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ മോസ്‌കോയിൽ വ്യക്തമാക്കി.
രാജ്യത്തിെൻറ സുരക്ഷയിലും താല്‍പര്യങ്ങളിലും ഒരു വിട്ടവീഴ്ചയും ഇല്ലെന്നും സൗദി അറേബ്യയുടെ സുരക്ഷ സംരക്ഷിക്കാനും സായുധ ആക്രമണങ്ങളെ പ്രതിരോധിക്കാനും ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. ഉഭയകക്ഷി ബന്ധവും നയതന്ത്ര സഹകരണവും ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി മോസ്‌കോയിൽ നടത്തിയ ഔദ്യോഗിക ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹത്തിെൻറ പ്രതികരണം.
സ്വന്തം താൽപര്യങ്ങൾക്കായി യമന്റെ താൽപര്യങ്ങളെ ഹൂതികൾ ബലിയാടക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തരവാദിത്തത്തോടെയുള്ള ചർച്ചകൾക്ക് യമൻ ഭരണകൂടം അവസരമൊരുക്കിയെങ്കിലും ഹൂതികൾ ജനങ്ങളുടെ മേൽ ദുരിതം അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നയതന്ത്ര മാർഗങ്ങളിലൂടെയുള്ള സമാധാനപരമായ പരിഹാരങ്ങൾക്കുള്ള വാതിലുകൾ ഇപ്പോഴും തുറന്നു കിടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഹൂതി മിസൈൽ ആക്രമണങ്ങൾ ഉണ്ടാകുന്നത് സാധാരണക്കാരുടെ ജീവന് ഗുരുതരമായ ഭീഷണിയാണെന്നും ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് മുന്നറിയിപ്പ് നൽകി. യമനിൽ ശാശ്വതമായ സമാധാനം കാണാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾക്ക് റഷ്യയുടെ ശക്തമായ പിന്തുണയുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.
ഊർജ വിപണികളുടെ സ്ഥിരത ഉറപ്പാക്കുന്നതിൽ സൗദി-റഷ്യൻ സഹകരണത്തിെൻറ നിർണായക പങ്കും ഇരു മന്ത്രിമാരും ചർച്ച ചെയ്തു. ‘ഒപെക് പ്ലസ്’ സഖ്യത്തിന് കീഴിലുള്ള സംയുക്ത പ്രവർത്തനം ആഗോള എണ്ണ വിപണിയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിൽ വലിയ സംഭാവന നൽകുന്നുണ്ടെന്നും യോഗം വിലയിരുത്തി. പ്രാദേശിക-അന്തർദേശീയ സംഭവവികാസങ്ങളും സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള വഴികളും ചർച്ച ചെയ്ത മന്ത്രിമാർ, മേഖലയിലെ സമാധാനത്തിനായി തുടർന്നും നയതന്ത്ര ഏകോപനം ഉണ്ടാകുമെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.