ജമൈക്കൻ സയാമീസ് ഇരട്ടകളായ അസാരിയയും അസുറയും വേർപ്പെടുംമുമ്പ്
റിയാദ്: രണ്ടാഴ്ച മുമ്പ് റിയാദിലെ ആശുപത്രിയിൽ വേർപെടുത്തൽ ശസ്ത്രക്രിയക്ക് വിധേയമായ ജമൈക്കൻ സയാമീസ് ഇരട്ടകളിൽ അസാരിയയുടെ ആരോഗ്യനില തൃപ്തികരമെന്നും അസുറ വെൻറിലേറ്ററിൽ തന്നെ തുടരുകയാണെന്നും ശസ്ത്രക്രിയ സംഘം മേധാവി ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. അസുറ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവൾ പീഡിയാട്രിക് ഇൻറൻസീവ് കെയർ യൂനിറ്റിൽ വെൻറിലേറ്ററിലാണെന്നും ആവശ്യമായ മരുന്നുകൾ നൽകുകയാണെന്നും ഡോ. റബീഅ പറഞ്ഞു.
ശസ്ത്രക്രിയക്ക്ശേഷം
ജനനം മുതൽ അസൂറക്ക് വലുതായ ഹൃദയവും ദുർബലമായ ഹൃദയപേശികളുമാണുണ്ടായിരുന്നത്. അവരുടെ ഹൃദയപേശികൾ അതിന്റെ സാധാരണ ശേഷിയുടെ 20 ശതമാനത്തിൽ താഴെ മാത്രമേ പമ്പ് ചെയ്യുന്നുള്ളൂ. ഇത് ജനനം മുതൽ അവരുടെ ഹൃദയപേശികളെ പിന്തുണയ്ക്കുന്നതിനുള്ള മരുന്നുകൾ നിർദേശിക്കാൻ ഡോക്ടർമാരെ പ്രേരിപ്പിച്ചു. അവളുടെ പ്രായവും ഭാരവും കാരണം ഹൃദയം മാറ്റിവെക്കൽ നിലവിൽ സാധ്യമല്ല. ഇത് അവളുടെ അതിജീവന സാധ്യതയെ കുറക്കും.
ശസ്ത്രക്രിയക്ക് മുമ്പും ശേഷവും കുട്ടിയുടെ മതാവിനോട് മെഡിക്കൽ സംഘം ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്നും അവർ മെഡിക്കൽ തീരുമാനം അംഗീകരിച്ചുവെന്നും അൽറബീഅ പറഞ്ഞു. മറ്റൊരു ഇരട്ടയായ അസാരിയുടെ ആരോഗ്യനില തൃപ്തികരമാണ്. പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിൽനിന്ന് അവളെ ഡിസ്ചാർജ് ചെയ്തു. അവളുടെ എല്ലാ ആരോഗ്യ സൂചകങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചെത്തി. ഇപ്പോൾ അവൾ സാധാരണ ഭക്ഷണം കഴിക്കുകയും ഇടപഴകുകയും ചെയ്യുന്നു. അടുത്ത് തന്നെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യാനാകുമെന്നും അൽറബീഅ കൂട്ടിച്ചേർത്തു.
ജമൈക്കൻ സയാമീസ് ഇരട്ടകളായ അസാരിയയുടെയും അസുറയുടെയും ശസ്ത്രക്രിയ ഈ മാസം 13-നാണ് റിയാദിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുത്രിയിൽ നടന്നത്. അഞ്ച് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്ക് ശേഷമാണ് ഇരട്ടകളെ വേർപ്പെടുത്തിയത്.
25 സ്പെഷലിസ്റ്റുകൾ അടങ്ങുന്ന മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. സയാമീസ് ഇരട്ടകളെ വേർപെടുത്തതിനായുള്ള സൗദി പ്രോഗ്രാമിന് കീഴിൽ നടത്തിയ 67-ാമത്തെ ശസ്ത്രക്രിയയായിരുന്നു ഇത്. കഴിഞ്ഞ 35 വർഷത്തിനിടെ 28 രാജ്യങ്ങളിൽനിന്നുള്ള 152 സയാമീസ് ഇരട്ടകളുടെ കേസുകൾ പരിഗണിക്കുകയും ആവശ്യമായ പരിചരണം നൽകുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.