സംസ്ഥാനത്തെ സ്കൂൾ അവധിക്കാലം ഏപ്രിൽ, മേയ് മാസങ്ങളിൽ നിന്ന് ജൂൺ, ജൂലൈയിലേക്ക് മാറ്റന്നതിനെക്കുറിച്ച് പൊതുസമൂഹത്തോട് അഭിപ്രായം ചോദിക്കുകയാണല്ലോ വിദ്യാഭ്യാസ വകുപ്പ്. ഒരു വലിയ മാറ്റം കൊണ്ടുവരുന്നതിന് മുമ്പ് പൊതുസമൂഹത്തോട് അഭിപ്രായം ചോദിച്ച വിദ്യാഭ്യാസ വകുപ്പിനേയും സംസ്ഥാനസർക്കാരിനെയും അഭിനന്ദിക്കുന്നു. ജൂൺ, ജൂലൈ മാസങ്ങളിലെ ശക്തമായ മഴക്കാലം മൂലം പഠനം നഷ്ടമാവുമെന്ന ആശങ്കയാവാം ഈയൊരു തീരുമാനമെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ ഇറങ്ങുന്നത്.
എന്നാൽ ഏപ്രിൽ, മേയ് മാസങ്ങളിൽ കേരളത്തിൽ അനുഭവപ്പെടുന്ന കഠിനമായ ചൂടിനെ പറ്റി നമുക്ക് പഠിക്കേണ്ടതുണ്ട്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരം ചൂടുകളെ ക്രമീകരിക്കാനുള്ള സംവിധാനങ്ങൾ എത്രത്തോളം സജ്ജമാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജൂൺ, ജൂലൈക്ക് പകരം ഏറ്റവും കഠിനമായ ചൂട് അനുഭവപ്പെടുന്ന മേയ് മാസവും മഴക്കാലം ആരംഭിക്കുന്ന ജൂൺ മാസവും കൂട്ടി മേയ്, ജൂൺ മാസങ്ങളിലേക്ക് അവധി നൽകുന്നതിനെ കുറിച്ച് ആലോചന ഒരു പരിധി വരെ ശരിയാകും എന്ന് തോന്നുന്നുണ്ട്.
പലപ്പോഴും നാം വിചാരിക്കുന്ന പോലെയല്ല ഇപ്പോൾ കാലാവസ്ഥാക്രമം നടക്കുന്നത്. പല സമയത്തും ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പോലും കഠിനമായ മഴ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ടന്ന് നമുക്കറിയാം. കേരളത്തിന് വൻ നാശം വിതച്ച വിവിധ പ്രളയങ്ങൾ വന്നിട്ടുള്ളത് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ആണെന്നുള്ളതും നാം മറക്കരുത്. ചില രാജ്യങ്ങളിലൊക്കെ നടപ്പാക്കിവരുന്ന മറ്റൊരു സിസ്റ്റവും നമുക്ക് പരീക്ഷിക്കാവുന്നതാണ്. വർഷത്തിൽ രണ്ട് അവധി എന്നുള്ളതാണ് ഇതിനൊരു പരിഹാരമാർഗം.
ഒരുപക്ഷേ ഇത് ഓണാവധിയോടു കൂടിയോ ക്രിസ്മസ് അവധിയോടുകൂടിയോ നൽകിയാൽ ഒരു പരിധിവരെ നമുക്ക് നമ്മുടെ പഠന സമയം ലാഭിക്കാൻ സാധിക്കുമല്ലോ. ഓണത്തിനും ക്രിസ്മസിനും 10 ദിവസം വീതം അവധി നൽകുന്നതിന് പകരം വർഷത്തിൽ രണ്ട് അവധികൾ ആക്കിയാൽ ഒരുപക്ഷേ ഇതിനൊരു പരിഹാരം ആകാൻ സാധ്യതയുണ്ട്. ജൂൺ, ജൂലൈ മാസത്തിലേക്ക് അവധി മാറ്റിയാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് കേരളത്തിലെ പ്രവാസികൾ ആയിരിക്കും കാരണം കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന ഗൾഫ് മേഖലയിലും മറ്റും സ്കൂളുകൾക്ക് അവധി നൽകുന്നത് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ്.
കുടുംബവുമായി നാട്ടിലേക്ക് വരുന്ന പ്രവാസി സുഹൃത്തുക്കൾക്ക് അവരുടെ കുടുംബങ്ങളുമായി കൂടുതൽ ഒത്തുചേരലിനും മറ്റും ഇത് കാരണമായിത്തീരും. സത്യത്തിൽ നമ്മുടെ അവധി സംവിധാനങ്ങളെക്കുറിച്ച് നാം ഒരുപാട് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ സ്കൂളുകൾക്ക് മാത്രമാണ് ഇങ്ങനെ വാർഷിക അവധി നൽകുന്നത്. ചൈനയിലും മറ്റും ഉള്ളതുപോലെ എല്ലാവർക്കും എല്ലാ വർഷത്തിലൊരു നിശ്ചിതദിവസം അവധി നൽകുന്നത് എന്തുകൊണ്ട് നമുക്ക് ആലോചിച്ചു കൂടാ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.