സ്‌കൂൾ അധ്യാപകർക്ക്​ നേരിട്ട്​ സൗദിയിലേക്ക്​ മടങ്ങാം​; ചില വിമാനങ്ങൾ അനുമതി നിഷേധിക്കുന്നതായി പരാതി

യാംബു: സൗദിയിൽ സ്വകാര്യ, പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദേശികളായ അധ്യാപകർക്ക് രാജ്യത്തേക്ക് നേരിട്ട് വരാൻ അനുമതിയുണ്ടായിട്ടും വിമാനകമ്പനികളിൽ പലതും അനുമതി നിഷേധിക്കുന്നതായി പരാതി. യാംബുവിലെ സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്യുന്ന അധ്യാപകനും കുടുംബത്തിനും യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് നേരിട്ട്​ പോകാൻ അനുമതിയില്ലെന്ന വിവരം അറിയിച്ചത്.

കരിപ്പൂർ എയർപോർട്ടിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ട് പോകാൻ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്​സിൻ എടുത്തവർക്ക് മാത്രമേ അനുമതിയുള്ളൂ എന്നായിരുന്നു സ്​പൈസ്​ ജെറ്റ് വിമാന കമ്പനിയുടെ നിലപാട്​. അധ്യാപകർക്ക്​ നേരിട്ട്​ വരാൻ അനുമതിയുണ്ടെന്ന്​ വ്യക്തമാക്കിയ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുടെ (ഗാക) സർക്കുലർ (റഫറൻസ് നമ്പർ 5/4330, തിയതി: 5/10/2021) നിലവിലുണ്ട്​. എന്നാൽ സൗദി പാസ്​പോർട്ട്​ ഡയറക്​ടറേറ്റിൽ (ജവാസത്​) നിന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ്​ സ്​പൈസ് ജെറ്റ് യാത്രാനുമതി നിഷേധിച്ചതെന്ന്​ യാത്ര മുടങ്ങിയ അധ്യാപകൻ 'ഗൾഫ് മാധ്യമ'ത്തോട്‌ പറഞ്ഞു.

യാത്ര ചെയ്യാൻ വേണ്ടി കുടുംബത്തിലെ എല്ലാവർക്കും പി.സി.ആർ ടെസ്​റ്റ്​ നടത്തിയിരുന്നു. ജിദ്ദയിൽ വിമാനമിറങ്ങിയ ശേഷം യാംബുവിലേക്ക്​ പോകാൻ ടാക്സി കാറിന് മുൻ‌കൂർ പണം അടച്ചതുമടക്കം വൻ സാമ്പത്തിക നഷ്​ടം വന്നതായും അദ്ദേഹം പറഞ്ഞു. അതെസമയം ഇൻഡിഗോ എയർ, എയർ അറേബ്യ വിമാനങ്ങളിൽ അധ്യാപകരെ കൊണ്ടുവരുന്നുമുണ്ട്​. യാംബു അൽമനാർ ഇൻറർനാഷനൽ സ്‌കൂൾ, യാംബു അൽഇസ്‌റ ഇൻറർനാഷനൽ സ്‌കൂൾ എന്നിവിടങ്ങളിലെ അധ്യാപകരാണ്​ ഒരു തടസവും കൂടാതെ കരിപ്പൂർ, ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ നിന്നും നേരിട്ട്​ ജിദ്ദയിലെത്തിയത്​.

സ്‌പൈസ് ജെറ്റ് കഴിഞ്ഞയാഴ്ച റിയാദ് അൽ യാസ്മിൻ ഇൻറർനാഷനൽ സ്‌കൂളിലെ ചില അധ്യാപകർക്ക് യാത്ര മുടക്കിയ വാർത്തയും പുറത്തുവന്നിരുന്നു. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സർക്കുലർ കാണിച്ചു കൊടുത്തിട്ടും ഇത് അവർക്ക് അറിയില്ലെന്നും തങ്ങൾക്ക് യാത്ര അനുവദിക്കാൻ കഴിയില്ലെന്നും വിമാന ഉദ്യോഗസ്​ഥർ അറിയിച്ചു. തുടർന്ന്​ സ്‌പൈസ് ജെറ്റ് അധികൃതർ, എയർപോർട്ട് മാനേജർ, ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി, കേന്ദ്ര വ്യോമയാന മന്ത്രി എന്നിവർക്ക് അധ്യാപകർ പരാതി നൽകിയിരുന്നു.

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് സർവകലാശാല അധ്യാപകർ, പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, ടെക്‌നിക്കൽ കോളജുകളിലെ അധ്യാപകർ എന്നിവർക്ക് നേരിട്ട് വരാമെന്ന സൗദി ആഭ്യന്തര മന്ത്രാലയത്തി​െൻറ സർക്കുലർ ഈ മാസം അഞ്ചിനാണ് പുറത്തുവന്നത്. സൗദിയിൽ നിന്ന് ഒരു ഡോസോ രണ്ടു ഡോസോ കോവിഡ്​ വാക്​സിൻ എടുത്തിട്ടുണ്ടെങ്കിൽ അവർക്ക് ക്വാറൻറീൻ ആവശ്യമില്ലെന്നും അധ്യാപകരുടെ കുടുംബങ്ങൾക്കും നേരിട്ട് വരാമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി എല്ലാ വിമാന കമ്പനികൾക്കും ഇത് സംബന്ധമായ നിർദേശവും യഥാസമയം നൽകിയിരുന്നു. ഇന്ത്യയിൽ നിന്ന് വിവിധ വിമാന കമ്പനികൾ വഴി കഴിഞ്ഞ ദിവസങ്ങളിലും ധാരാളം അധ്യാപകർ നേരിട്ട്​ എത്തിയിരുന്നു. ഒറ്റപ്പെട്ട വിമാന കമ്പനികൾ മാത്രം അധ്യാപകർക്ക് യാത്ര മുടക്കുന്നതിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതിനകം ശക്തമായ പ്രതിഷേധം ഉയർന്നു വന്നിട്ടുണ്ട്.

Tags:    
News Summary - School teachers can return directly to Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.