ജിദ്ദ: രാജ്യത്തെ പല നഗരങ്ങളും ഗ്രാമങ്ങളും ഞായറാഴ്ച പൊടിക്കാറ്റിൽ മുങ്ങി. രാവിലെ മുതൽ തുടങ്ങിയ കാറ്റ് വൈകുന്നേരവും തുടർന്നു.
ചില മേഖലകളിൽ ദൂരക്കാഴ്ച നന്നേ കുറവായിരുന്നു. ഇത് വാഹനഗതാഗതത്തെ ബാധിച്ചു. ജിദ്ദ ഇസ്ലാമിക് പോർട്ടിൽ കപ്പലുകളുടെ സഞ്ചാരത്തെയും പൊടിക്കാറ്റ് ബാധിച്ചു. പൊടിക്കാറ്റിനെ തുടർന്ന് ദൂരക്കാഴ്ച കുറവായതിനാൽ കപ്പലുകളുടെ നീക്കം നിർത്തിവെച്ചതായി മക്ക ഗവർണറേറ്റ് ട്വിറ്ററിൽ അറിയിച്ചു. രാജ്യത്തെ ചില മേഖലയിലേക്കുള്ള വിമാന സർവീസുകളെ പൊടിക്കാറ്റ് ബാധിച്ചതായി സൗദി എയർലൈൻസ് വ്യക്തമാക്കി. പൊടിക്കാറ്റടിച്ചതോടെ ശഖ്റാഅ് മേഖലയിലും പരിസരങ്ങളിലും ദൂരക്കാഴ്ച കുറഞ്ഞ് കടുത്ത ഇരുട്ട് പരന്നു. ഇതേ തുടർന്ന് ഉച്ചസമയങ്ങളിൽ പോലും തെരുവ് വിളക്കുകൾ കത്തി. കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കീഴിൽ ആവശ്യമായ മുൻകരുതൽ എടുത്തിരുന്നു. ആശുപത്രികൾക്ക് ജാഗ്രതാ നിർദേശവും നൽകി.
പടിഞ്ഞാറെ മേഖലയിലും ഇന്നലെ പൊടിക്കാറ്റുണ്ടായി. ജിദ്ദ, മക്ക, ത്വാഇഫ്, യാമ്പു തുടങ്ങിയ പട്ടണങ്ങളും പൊടിക്കാറ്റിൽ മുങ്ങി. ദൂരക്കാഴ്ച കുറയുമെന്നതിനാൽ ആവശ്യമായ മുൻകരുതലെടുക്കണമെന്ന് മക്ക ഗവർണറേറ്റ് ൈക്രസിസ് നിവാരണ കേന്ദ്രം സ്വദേശികളേയും വിദേശികളേയും രാവിലെ തന്നെ ഉണർത്തി. പൊടിക്കാറ്റിൽ ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന് സഹായം തേടി 13 ഓളം കാളുകൾ ലഭിച്ചതായി ജിദ്ദ റെഡ്ക്രസൻറ് അധികൃതർ പറഞ്ഞു. മൂന്ന് പേരെ മെഡിക്കൽ സെൻററുകളിലെത്തിച്ചു. ദൂരക്കാഴ്ച കുറയുന്നതിനാൽ അമിത വേഗത അപകടമുണ്ടാക്കുമെന്നും ശ്വാസകോശ രോഗമുള്ളവർ പുറത്തിറങ്ങരുതെന്നും അത്യാവശ്യങ്ങൾക്ക് പുറത്തുപോകുന്നവർ മാസ്ക് ധരിച്ചിരിക്കണമെന്നും റെഡ്ക്രസൻറ് ഉണർത്തി.
ത്വാഇഫ് റിയാദ് എക്സ്പ്രസ്സ് റോഡിൽ ദൂരക്കാഴ്ച കുറഞ്ഞത് ഗതാഗതത്തെ ബാധിച്ചു. പൊടിക്കാറ്റ് ശക്തമായതോടെ ട്രക്ക് ൈഡ്രവർമാരും യാത്രക്കാരും വിശ്രമകേന്ദ്രങ്ങളിലും പെേട്രാൾ പമ്പുകളിലും വാഹനം പാർക്ക് ചെയ്യാൻ നിർബന്ധിതരായി. റോഡ് സുരക്ഷ വകുപ്പും ട്രാഫികും റെഡ്ക്രസൻറ്, ആരോഗ്യവകുപ്പും അടിയന്തിരഘട്ടം നേരിടുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. മദീനയിലും സിവിൽ ഡിഫൻസിെൻറ മുന്നറിയിപ്പ് കണക്കിലെടുത്ത് ആവശ്യമായ ഒരുക്കങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പൂർത്തിയാക്കി. മദീനയിലെ സായാഹ്ന സ്കൂളുകൾക്ക് അധികൃതർ ഞായറാഴ്ച അവധി നൽകി.
അതേ സമയം കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് ഇന്നലെ 22ലധികം മുന്നറിയിപ്പുകൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.